കണ്ണൂര്‍ : യുവതിയുടെ കാതില്‍ പാമ്പു കയറിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഉറങ്ങിക്കിടക്കുമ്പോള്‍ കാതിനുള്ളില്‍ പാമ്പ് കയറിയെന്ന സോഷ്യല്‍ മീഡിയ പ്രചാരണമാണ് വനം വകുപ്പും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊളിച്ചടുക്കിയത്.

വ്യാജ റബ്ബര്‍ പാമ്പിനെ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ദൃശ്യമാണ് ഇതെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്.

തലശേരി നഗരസഭയിലെ കൊടുവള്ളിയെന്ന പ്രദേശത്ത് യുവതിയുടെ ചെവിയില്‍ കയറിയ പാമ്പ് എന്ന തലക്കെട്ടോടുകൂടിയുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

തലശേരി കൊടുവള്ളിയിലെ സഹകരണ ആശുപത്രിക്ക് തൊട്ടടുത്ത് ഒരു സ്ത്രീ ഉച്ചയ്ക്ക് കിടന്നുറങ്ങിയപ്പോള്‍ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ പാമ്പ് കയറിയെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. ഫയര്‍ഫോഴ്‌സും വനംവകുപ്പ് ജീവനക്കാരുമടക്കം എത്തിയാണ് പാമ്പിനെ പുറത്തെടുത്തതെന്നും വീഡിയോക്കൊപ്പമുള്ള സന്ദേശത്തില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍, അത്തരമൊരു സംഭവം തലശേരിയില്‍ നടന്നിട്ടില്ലെന്നാണ് ഫയര്‍ഫോഴ്‌സും വനംവകുപ്പും വ്യക്തമാക്കുന്നത്. മറ്റു പല സ്ഥലങ്ങളുടെ പേരിട്ടും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

പലയിടത്തും പല സ്ഥലത്തിന്റെയും പേരിലാണ് ഇത്തരം വീഡിയോ പ്രചരിക്കുന്നത്. നേരത്തെ ഇത്തരം ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോള്‍ തന്നെ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഒരു കാരണവശാലും ചെവിക്കുള്ളില്‍ പാമ്പിന് കയറാനാകില്ലെന്നാണ് വനം വകുപ്പ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ വ്യാജ വീഡിയോകള്‍ പുറത്തുവരുന്നതില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.


2022ല്‍ ഇത്തരത്തില്‍ വൈറലായ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയുടെ ചെവിയ്ക്കുള്ളില്‍ പാമ്പ് കയറിയെന്നും അത് പുറത്ത് വരാതെ ഇരിക്കുന്നു എന്ന തരത്തിലുള്ള വീഡിയോയാണ് അന്ന് വൈറലായത്. ചെവിയില്‍ കയറിയ പാമ്പിനെ ഗ്ലൗസിട്ട് ഒരാള്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതായാണ് അന്ന് പ്രചരിച്ച വീഡിയോയിലുണ്ടായിരുന്നത്. ഫേസ്ബുക്കിലൂടെ ആയിരുന്നു വീഡിയോ പ്രചരിച്ചത്. എന്നാല്‍, ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയും അന്ന് തന്നെ പുറത്തുവന്നിരുന്നു.

പാമ്പിന്റെ തല രൂപമുള്ള റബ്ബര്‍ മോഡല്‍ ചെവിയില്‍ വച്ച് ഒരാള്‍ അനക്കുകയാണ് ചെയ്യുന്നത്. റബ്ബര്‍ മോഡലിലുള്ള പാമ്പിന്റെ തല മാത്രം പുറത്ത് എടുക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയും സമാന രീതിയിലുള്ളതാണെങ്കിലും പാമ്പിനെ പുറത്തെടുക്കുന്നത് വീഡിയോയില്‍ കാണുന്നില്ല. പാമ്പിന്റെ വായ സ്ത്രീയുടെ ചെവിയില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാണുള്ളത്. ഇതും സമാനമായ രീതിയില്‍ വ്യാജമായി നിര്‍മിച്ചതായിരിക്കുമെന്ന് തന്നെയാണ് വനം വകുപ്പ് വിദദ്ധര്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ തലശേരി ടൗണ്‍ പൊലിസും കണ്ണൂര്‍ സൈബര്‍ പൊലിസും അന്വേഷണമാരാംഭിച്ചിട്ടുണ്ട്. റീച്ച് കൂട്ടാനായി നടത്തി വ്യാജ പ്രചരണമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.