ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയെ(യു എന്‍ ) ദി സ്റ്റേറ്റ്‌സ്മാന്‍ ഏറ്റെടുത്തത് ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ അംഗീകരിച്ചു. 41.26 കോടിയുടെ ഏറ്റെടുക്കല്‍ പദ്ധതിയാണ് അംഗീകരിച്ചത്. പാപ്പരായതിനെ തുടര്‍ന്നാണ് യുഎന്‍ഐയെ സ്റ്റേറ്റ്‌സമാന്‍ ഏറ്റെടുത്തത്. 100 ശതമാനം വോട്ടോടെ ക്രെഡിറ്റേഴ്‌സ് കമ്മിറ്റി അംഗീകരിച്ച ഏറ്റെടുക്കല്‍ പദ്ധതി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയെ പുനരുജ്ജീവിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

സബ്‌സിഡികള്‍ പിന്‍വലിക്കുകയും, പ്രധാന പത്രങ്ങള്‍ സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തുകയും ചെയ്തതോടെ കമ്പനി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം കമ്പനിക്ക് വായ്പ നല്‍കിയ സ്ഥാപനങ്ങളുടെ കടം വീട്ടും ജീവനക്കാര്‍ക്ക് ഗ്രാറ്റ്വിവിറേറി കുടിശികയായ 15.21 കോടി അടക്കം 23.33 കോടി കിട്ടും.

കമ്പനിയുടെ കടബാധ്യതയായ 18.3 കോടി പദ്ധതി അംഗീകരിച്ച് 60 ദിവസത്തിനകം സ്റ്റേറ്റ്മാന്‍ അടച്ചുതീര്‍ക്കും. ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി കുടിശികയും സ്റ്റേറ്റ്‌സ്മാന്‍ തീര്‍ക്കും. 60 ദിവസത്തിനകം സ്റ്റേറ്റ്‌സ്മാന്‍ 3 കോടി യുഎന്‍ഐയില്‍ നിക്ഷേപിക്കും. കമ്പനിക്ക് പുതിയ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കും. യുഎന്‍ഐയുടെ വയര്‍ സര്‍വീസുകള്‍ പുനരുജ്ജീവിപ്പിക്കാനും വാര്‍ത്താ വിതരണം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.

നടത്തിപ്പിന്റെ മേല്‍നോട്ടത്തിനായി ഒരു നിരീക്ഷണ സമിതി ഏഴുദിവസത്തിനകം രൂപീകരിക്കും. സ്റ്റേറ്റ്‌സ്മാനില്‍ നിന്നുള്ള മൂന്നുപ്രതിനിധികളും. യുഎന്‍ഐ ജീവനക്കാരുടെ ഒരു പ്രതിനിധിയും സി ഒ സി പ്രതിനിധിയും കമ്മിറ്റിയില്‍ ഉണ്ടായിരിക്കും.