ബേണ്‍: സ്വമേധയാ മരണം തിരഞ്ഞെടുക്കാന്‍ മനുഷ്യനെ അനുവദിക്കുന്ന അപൂര്‍വം രാജ്യങ്ങളും ഈ ലോകത്തുണ്ട്. അതിലൊന്നാണ് സ്വിറ്റ്സര്‍ലന്‍ഡ്. അവിടുത്തെ ഡെത്ത് ക്ലിനിക്കുകള്‍ അത്തരത്തിലുള്ളതാണ്. അവിടെ കഴിഞ്ഞ ദിവസം നടന്ന ഒരു അസാധാരണ മരണമാണ് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയാക്കുന്നത്. പോളിഷ് അഭിനേത്രി റൂത്ത് പോസ്‌നറും ഭര്‍ത്താവ് മൈക്കേല്‍ പോസ്‌നറും സ്വിസ് ഡയിങ് ക്ലിനിക്കില്‍ ഒരുമിച്ച് മരണം വരിച്ചതാണ്, ലോകം ചര്‍ച്ചചെയ്യുന്നത്.

96കാരിയായ റൂത്തും 97 വയസുകാരനായ മൈക്കേലിനും മാരകമായ രോഗങ്ങളും ഉണ്ടായിരുന്നില്ല. പക്ഷേ ജീവിതം ഞങ്ങള്‍ നന്നായി ആസ്വദിച്ചു തീര്‍ത്തുവെന്നും, അതിനാല്‍ സുഖ മരണം എന്ന ആഗ്രഹം മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളതെന്നും, അവര്‍ പറയുന്നു. ഒന്നും രണ്ടുമല്ല, 75 വര്‍ഷത്തോളമാണ് ഇവര്‍ ഒന്നിച്ച് ജീവിച്ചത്. ഒരാള്‍ ആദ്യം മരിക്കുന്നത് മറ്റേയാള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും അതിനാലാണ്, ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള അസിസ്റ്റഡ് ഡെത്ത് സ്വീകരിക്കുന്നതെന്നും ഇവര്‍ എഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

'പിരിയാന്‍ വയ്യാത്തതിനാല്‍ മരിക്കുന്നു'

ബന്ധങ്ങള്‍ക്ക് വിലയില്ലാത്ത നാടാണ് എന്നാണ് പൊതുവെ പാശ്ചാത്യരെക്കുറിച്ച് പറയുക. പക്ഷേ ഇവിടെ പിരിയാന്‍ വയ്യാതെ അവര്‍ മരണത്തിലും ഒന്നിച്ചത്, അസാധാരണമായ പ്രേമത്തിന്റെ ഫലമായാണ്. അതുകൊണ്ടുതന്നെ ഈ മരണവും, ലോക മെമ്പാടുമുള്ള പ്രണയിനികള്‍ വൈറലാക്കുകയാണ്. പോളണ്ടിലെ യഹൂദയാണ് റൂത്ത് പോസ്‌നര്‍. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ ഗ്യാസ് ചേംബറില്‍നിന്ന് രക്ഷപ്പെട്ട അവര്‍ പിന്നീട് നര്‍ത്തികയും അറിയപ്പെടുന്ന നടിയുമായി തീര്‍ന്നു.

പതിനാറാമത്തെ വയസിലാണ് അവര്‍ യുകെയില്‍ എത്തുന്നത്. കത്തോലിക്ക സ്‌കൂള്‍ വിദ്യാര്‍ഥിയാണെന്ന വ്യാജേനയാണ് പിന്നീടവര്‍ യുകെയില്‍ കഴിഞ്ഞിരുന്നത്. നൃത്തത്തില്‍ ശോഭിച്ച ഇവര്‍ ലണ്ടന്‍ കണ്ടംപറി ഡാന്‍സ് തീയേറ്ററില്‍ എന്റോള്‍ ചെയ്തു. പിന്നീട് റോയല്‍ ഷേക്‌സ്പിയര്‍ കമ്പനിയില്‍ അംഗത്വം നേടി. നാടകത്തിലും നൃത്തത്തിലും അഭിനയത്തിലും ശോഭിച്ച ഇവര്‍ 1950ലാണ് ബ്രിട്ടീഷ് പൗരനായ മൈക്കേലിനെ കണ്ടുമുട്ടുന്നത്. പരിചയം പ്രണയത്തിലും തുടര്‍ന്ന് വിവാഹത്തിലും കലാശിച്ചു. 22ഉം, 23വയസ്സായിരുന്ന വരനും വധുവിനും. പിന്നെ അവര്‍ ഇണക്കുരുവികളെപ്പോലെ 75 വര്‍ഷം ജീവിച്ചു. ഇപ്പോള്‍ റൂത്തിന് 96 വയസും, മൈക്കലിന് 97 വയസുമായി.

സന്തോഷകരമായിരുന്നു അവരുടെ ദാമ്പത്യം. മകന്റെ അകാല മരണം മാത്രമാണ് വേദനിപ്പിച്ചത്. ഒരു ജന്‍മത്തില്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ കടമകളും തങ്ങള്‍ ചെയ്തു തീര്‍ത്തുവെന്നാണ് അവര്‍ പറയുന്നത്. ഇപ്പോഴും വാര്‍ധക്യ സജഹമായ അസുഖമാണ് അവര്‍ക്കുള്ളത്. ഇടയ്ക്ക് കാഴ്ചയ്ക്കും കേള്‍വിക്കും പ്രശ്‌നങ്ങളുണ്ടായി. ഇനിയും ജീവിതം മുന്നോട്ടുപോവുമ്പോള്‍ ഗുരുതരമായ അസുഖം വരുമോ എന്ന ഭയവും അവര്‍ക്കുണ്ടായിരുന്നു. അതിനേക്കാള്‍ അവരെ ഭയപ്പെടുത്തിയത്, ആരായിരിക്കും ആദ്യം മരിക്കുക എന്നതായിരുന്നു. ഒരാളുടെ മരണം മറ്റൊരാള്‍ക്ക് താങ്ങാന്‍ കഴിയില്ല എന്ന് ഉറപ്പായതോടെയാണ്, നിയമ വിധേനനെയുള്ള, ഒരുമിച്ചുള്ള സുഖ മരണം അവര്‍ തിരഞ്ഞെടുത്തത്.

'ക്ഷമിക്കണം, നിങ്ങള്‍ക്ക് ഈ ഇമെയില്‍ ലഭിക്കുമ്പോഴേക്കും ഞങ്ങള്‍ മരിച്ചിരിക്കും' എന്നാണ് ഇവര്‍ അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. ഒപ്പം ഈ തീരുമാനം ഇരുവരും ഒരുമിച്ചെടുത്തതാണെന്നും ആരുടെയും നിര്‍ബന്ധപ്രകാരമല്ലെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ് പോയതിനെ കുറിച്ച് വിഷമിക്കാന്‍ സമയമില്ല. ഭാവിയില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നുമില്ലെന്നും സന്ദേശത്തിലുണ്ട്. ഈ വാര്‍ത്തയെല്ലാം സമൂഹ മാധ്യമങ്ങളിലും വൈറലാവുകയാണ്.




എന്താണ് ഡൈയിങ്ങ് ക്ലിനിക്ക്?

അന്തസുള്ള ജീവിതംപോലെ തന്നെ അന്തസുള്ള മരണവും പൗരന്റെ അവകാശമാണ് എന്ന ചിന്തയുടെ ഭാഗമായാണ്, സ്വിറ്റ്സര്‍ലന്‍ഡ് പോലുള്ളള രാജ്യങ്ങളില്‍ ഡൈയിങ്ങ് ക്ലിനിക്കുകള്‍ നിയമവിധേയമാവുന്നത്. അസിസ്റ്റഡ് ഡൈയിങ്് ക്ലിനിക്ക് എന്നും അസിസ്റ്റഡ് സൂയിസൈഡ് ക്ലിനിക്ക് എന്നും ഇവ അറിയപ്പെടുന്നു.

ഗുരുതരമായ അസുഖം ബാധിച്ചവര്‍ക്കോ അസഹനീയമായ വേദന അനുഭവിക്കുന്നവര്‍ക്കോ, അവരുടെ സ്വന്തം ഇഷ്ടപ്രകാരം നിയമാനുസൃതമായി, ഡോക്ടര്‍മാരുടെ സഹായത്തോടെ, ജീവന്‍ അവസാനിപ്പിക്കാന്‍ അവസരം നല്‍കുന്ന മെഡിക്കല്‍ സംവിധാനമാണ് ഇതെന്ന് ചുരുക്കിപ്പറയാം. യൂത്തനേഷ്യ ക്ലിനിക്കില്‍, രോഗംകാരണം ഒരു രക്ഷയുമില്ലാത്തവരെ മാത്രമാണ് ജീവിതം അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ സ്വന്തം ഇഷ്ടപ്രകാരം ഒരാള്‍ക്ക് സുഖ മരണം തിരഞ്ഞെടുക്കാം.

ഡോക്ടറുടെ സമ്പുര്‍ണ്ണ പരിശോധനക്ക് ശേഷമാണ് ഇവിടേക്ക് അഡ്മിഷന്‍ കിട്ടുക. സാധാരണ ഗതിയില്‍ ഇവിടെ വരുന്നതില്‍ ഏറെയും ഗുരുതര രോഗമുള്ളവര്‍ തന്നെയാണ്. രോഗം സുഖപ്പെടാനാവില്ലെന്നും, ജീവിതം അസഹനീയമാണെന്നും ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തണം. രോഗിയുടെ സ്വമേധയാ സമ്മതം നിര്‍ബന്ധമാണ്. ചിലപ്പോള്‍ രോഗിക്ക് മരുന്ന് നല്‍കി, അവന്‍/അവള്‍ തന്നെ അത് കഴിച്ച് ജീവിതം അവസാനിപ്പിക്കും.ചില കേസുകളില്‍, മെഡിക്കല്‍ സ്റ്റാഫ് സഹായിക്കുന്നുണ്ട്.ഇത്തരം ക്ലിനിക്കുകള്‍ സ്വിറ്റ്സര്‍ലാന്‍ഡ് പോലുള്ള ചില രാജ്യങ്ങളില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ പല രാജ്യങ്ങളിലും ഇത് നിയമവിരുദ്ധം ആണ്, കാരണം മതപരവും നിയമപരവുമായ തടസ്സങ്ങള്‍ ഉണ്ട്.

ഇത് ഒരിക്കലും രഹസ്യമായോ അടിയന്തിരമായോ ചെയ്യുന്ന ഒന്നല്ല. ഡോക്ടര്‍മാര്‍, രേഖകള്‍, സാക്ഷികള്‍ എന്നിവ ഉള്‍പ്പെടുത്തി തുറന്ന രീതിയിലാണ് ഈ പക്രിയ നടക്കുന്നത്. ഡിഗ്നിറ്റാസ് എന്ന ക്ലിനിക്കാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ക്ലിനിക്കില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വെറുതെ കയറിപ്പോയി അവിടെ നിന്ന് മരണം തിരഞ്ഞെടുക്കാനാവില്ല. അവിടെ അംഗത്വം എടുക്കണം. ഇതിന് നല്ല ഫീസ് ഉണ്ട്. മൊത്തം കണക്കുനോക്കുമ്പോള്‍, ഏകദേശം6 മുതല്‍ 9 ലക്ഷംവരെയുള്ള ഇന്ത്യന്‍ മണിക്ക് സമാനമായ തുക അടക്കേണ്ടതായിട്ടുണ്ട്! രോഗിക്ക് സോഡിയം പെന്റോബാര്‍ബിറ്റാള്‍ പോലുള്ള മരുന്ന് നല്‍കും.





മരുന്ന് എടുത്തതിന് ശേഷം 25 മിനിറ്റിനുള്ളില്‍ രോഗി ആഴത്തിലുള്ള ഉറക്കത്തിലേക്ക് പോകും. സാധാരണയായി 30-60 മിനിറ്റിനുള്ളില്‍ ഹൃദയമിടിപ്പ് അവസാനിക്കും. മരണം ശാന്തമായും വേദനയില്ലാതെയുമായിരിക്കും. വിദഗ്ധരായ ഡോക്ടമാരുടെ സംഘമാണ് മരണം ഉറപ്പുവരുത്തുന്നതും. ക്ലിനിക്കില്‍ സ്റ്റാഫ് സാക്ഷികളായി ഉണ്ടാകും. മരണം നടന്നതിനു ശേഷം പോലീസ്/മുന്‍സിപ്പല്‍ അധികാരികള്‍ക്കും റിപ്പോര്‍ട്ട് നല്‍കും. രോഗിയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ ബോഡി എന്തുചെയ്യണം എന്ന് തീരുമാനിക്കുക. ഇവിടെ റൂത്ത് പോസ്‌നറും ഭര്‍ത്താവ് മൈക്കേല്‍ പോസ്‌നറും ഇതുപോലെ എല്ലാം പ്രോസസുകളും കഴിഞ്ഞാണ്, മരണം പുല്‍കിയത്.