കൊച്ചി: ഏതാള്‍ക്കൂട്ടത്തിലും സെലിബ്രിറ്റികളെ പൊന്നുപോലെ കാക്കുന്നവരാണ് ബൗണ്‍സര്‍മാര്‍. വലിയ വെല്ലുവിളി നേരിടുന്ന ജോലി. താരങ്ങളെ നുള്ളാനും പിച്ചാനും വരെ സാധ്യതയുള്ള സാഹചര്യങ്ങളില്‍ സുരക്ഷിതമായ അകലത്തില്‍, അവരെ കാക്കുന്നവരാണ് ബൗണ്‍സര്‍മാര്‍. തടിമിടുക്കുള്ള പുരുഷന്മാരാണ് സാധാരണ ഈ ജോലി തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍, ഇപ്പോള്‍, ഈ രംഗത്തേക്കും സ്ത്രീകള്‍ കടന്നുവരികയാണ്. 'എമ്പുരാന്‍' റിലീസിന് തൊട്ടുമുമ്പായുള്ള മോഹന്‍ലാലിന്റെ പ്രമോഷണല്‍ പരിപാടികളിലെല്ലാം അത്തരം ഒരു വനിതയെ കാണാം. ക്ലോസ് ഫിറ്റായ കറുത്ത ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് സൂപ്പര്‍ത്താരത്തിന് വഴിയൊരുക്കുന്നത് മറ്റാരുമല്ല, അനു കുഞ്ഞുമോനാണ്.

കൊച്ചിയിലെ പരിപാടിയില്‍ ആള്‍ക്കൂട്ടത്തെ അടക്കി നിര്‍ത്തുന്ന അനുവിനെ കണ്ടാല്‍ ആരുമൊന്ന് നോക്കും. ആജ്ഞാശക്തിയുള്ള ഇടപെടലുകള്‍ ആണ്‍കൂട്ടത്തിനിടയില്‍ അനുവിനെ വേറിട്ട് നിര്‍ത്തുന്നു. പുരുഷന്മാര്‍ കൊടികുത്തി വാഴുന്ന ബൗണ്‍സര്‍മാരുടെ ലോകത്ത് അനു സ്വന്തമായ ഇടം കണ്ടെത്തി കഴിഞ്ഞു.

സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന ആളുകൂടുന്ന പരിപാടികളുടെ നിയന്ത്രണം കൂടാതെ, താരങ്ങളുടെ വ്യക്തിപരമായ സുരക്ഷ, ഡിജെ പാര്‍ട്ടികളില്‍ ശല്യക്കാരെ കൈകാര്യം ചെയ്യല്‍, ബാറുകളിലും പബ്ബുകളിലും കുഴപ്പക്കാരെ ഒഴിവാക്കി വിടുക എന്നിങ്ങനെയാണ് ബൗണ്‍സര്‍മാരുടെ പണി. അനു കുഞ്ഞുമോന്റെ പാത പിന്തുടര്‍ന്ന് ശാരീരിക ക്ഷമതയും മനക്കരുത്തും ഉള്ള നിരവധി സ്ത്രീകള്‍ ഇപ്പോള്‍ കേരളത്തിലെ താരതമ്യേന പുതിയ തൊഴിലിലേക്ക് വരുന്നത് ആശാവഹമായ കാര്യമാണ്.

എന്തുകൊണ്ട് അനു ബൗണ്‍സര്‍ ജോലി തിരഞ്ഞെടുത്തു?

സാധാരണ സ്ത്രീകള്‍ തിരഞ്ഞെടുക്കാത്ത ബൗണ്‍സര്‍ പണിയിലേക്ക് എന്തുകൊണ്ട് വന്നു എന്ന് ചോദിച്ചാല്‍. തനിക്ക് ആളുകളെ നിയന്ത്രിക്കാനും അവരുടെ ആദരം പിടിച്ചുപറ്റാനും ഇഷ്ടമെന്നാണ് അനു പറയുക. ജീവിതത്തില്‍, കായികക്ഷമയോടെയും, മനക്കരുത്തോടെയും കഴിയണമെന്ന് ഈ 37 കാരിക്ക് നിര്‍ബന്ധമാണ്. ' ജീവിതത്തില്‍ എല്ലാ തരം വെല്ലുവിളികളെയും നേരിട്ട വ്യക്തിയാണ് ഞാന്‍. അമ്മയെയും സഹോദരിയെയും നോക്കാനും അന്തസ്സോടെ ജീവിക്കാനും എനിക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നു. ഇച്ഛാശക്തിയുടെയും മനക്കരുത്തിന്റെയും ബലത്തിലാണ് ഞാന്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചത്, അനു കുഞ്ഞുമോന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.




ഫോട്ടോഗ്രാഫറായി തുടക്കം

മികച്ച ഫോട്ടോഗ്രഫറായ അനു സിനിമാ പ്രമോഷണല്‍ പരിപാടികളില്‍ ആവശ്യാനുസരണം ഫോട്ടോകള്‍ എടുത്തുകൊടുത്തിരുന്നു. അത്തരം ഒരു സെലിബ്രിറ്റി പരിപാടിയില്‍, ഒരു പുരുഷബൗണ്‍സറുമായി ഇടയേണ്ടി വന്നു. 'പരിപാടിയുടെ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ, ഒരു ബൗണ്‍സര്‍ എന്നെ പിടിച്ചുതളളി. ആ പെരുമാറ്റം എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ തിരിച്ചൊരുതള്ളുകൊടുത്തപ്പോള്‍ അയാള്‍ നിലത്തുവീണു. പിന്നീട് ആ പരിപാടിക്ക് ബൗണ്‍സര്‍മാരെ അയച്ചിരുന്ന ഏജന്‍സിയെ വിളിച്ച് എന്തുകൊണ്ട് നിങ്ങള്‍ വനിതാ ബൗണ്‍സര്‍മാരെ ജോലിക്ക് എടുക്കുന്നില്ലെന്ന് ചോദിച്ചു. വനിതാ ബൗണ്‍സറായി ജോലി ചെയ്യാനുള്ള താല്‍പര്യവും അറിയിച്ചു', അനു പറഞ്ഞു.

അത്യാവശ്യം ശാരീരിക ക്ഷമതയും, നല്ല ഇച്ഛാശക്തിയും, മനക്കരുത്തും ഉള്ള സ്ത്രീകള്‍ക്ക് ബൗണ്‍സറായി തിളങ്ങാമെന്ന് അനു വിശ്വസിക്കുന്നു. കൊച്ചിക്കാരിയായ അനു സെലിബ്രിറ്റി പരിപാടികളിലും, പബ് പാര്‍ട്ടികളിലും വനിതാ സെലിബ്രിറ്റികളുടെയും ബിസിനസുകാരുടെയും അംഗരക്ഷകയായും ജോലി ചെയ്തിട്ടുണ്ട്. ഇത്രയും വര്‍ഷമായിട്ടും ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ടുണ്ടായിട്ടില്ല. കുഴപ്പക്കാരായ പുരുഷന്മാരെയും സ്ത്രീകളെയും ട്രാന്‍സ്‌ജെന്‍ഡറുകളെയും എല്ലാം പല സാഹചര്യങ്ങളിലും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, അനു ചിരിയോടെ പറഞ്ഞു.


ഫോട്ടോഗ്രാഫിയോടുള്ള അതേ പാഷനോടെയാണ് ബൗണ്‍സര്‍ ജോലിയും ചെയ്യുന്നത്. പുരുഷ ബൗണ്‍സര്‍മാരെ പോലെ തന്നെ വനിതാ ബൗണ്‍സര്‍മാര്‍ക്കും ഇപ്പോള്‍ ഏകദേശം തുല്യവേതനം കിട്ടുന്നുണ്ടെന്ന് മറ്റൊരു വനിതാ ബൗണ്‍സര്‍ പറഞ്ഞു. തന്നെ പോലുള്ള വനിതാ ബൗണ്‍സര്‍മാര്‍ക്ക് പ്രൊഫഷണല്‍ പരിശീലനത്തിന്റെ കുറവുണ്ടെന്ന് അവര്‍ സമ്മതിക്കുകയും ചെയ്യുന്നു. ജിമ്മില്‍ പോയി ശരീരം ഫിറ്റാക്കി വയ്ക്കുന്നതല്ലാതെ ബൗണ്‍സര്‍ എന്ന നിലയില്‍ പ്രൊഫഷണല്‍ പരിശീലനം കിട്ടാത്തത് ഈ രംഗത്തെ പോരായ്മയാണ്.