മധുര: സിപിഎമ്മില്‍ തലമുറ മാറ്റം വന്നിരിക്കുകയാണ്. പിണറായി വിജയനും യൂസഫ് തരിഗാമിയും ഒഴികെ 75 വയസ് കഴിഞ്ഞ നേതാക്കള്‍ എല്ലാം പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായി. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും ആര്‍ അരുണ്‍ കുമാറും അടക്കം എട്ട് പുതുമുഖങ്ങള്‍ പി ബിയിലെത്തി.

അരുണ്‍ കുമാര്‍ ആന്ധ്രയില്‍ നിന്നുള്ള നേതാവാണ്. വനിതാ പ്രതിനിധികളായ സുഭാഷിണി അലിയും ബൃന്ദാ കാരാട്ടും പുറത്തുപോകുന്ന പശ്ചാത്തലത്തില്‍ യു വാസുകിയും മറിയം ധാവ്ളെയും പോളിറ്റ് ബ്യൂറോയിലെത്തി. തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയന്‍ നേതാവുമാണ് യു വാസുകി. മഹാരാഷ്ട്രയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മറിയം, മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമാണ്. കെ ബാലകൃഷ്ണന്‍ (തമിഴ്നാട്), അമ്രാറാം (രാജസ്ഥാന്‍), ജിതേന്ദ്ര ചൗധരി (ത്രിപുര), ശ്രീദിപ് ഭട്ടാചര്യ (ബംഗാള്‍) എന്നിവര്‍ മറ്റ് പുതിയ പി ബി അംഗങ്ങള്‍.

എസ്എഫ്‌ഐയിലൂടെ കയറ്റം

എസ്.എഫ്.ഐയിലൂടെ പടിപടിയായി ഉയര്‍ന്നുവന്ന നേതാവാണ് വിജു കൃഷ്ണന്‍. ജെ.എന്‍.യുവില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി. ഗവേഷണ ബിരുദം നേടിയതിനുശേഷം ബംഗളൂരുവിലെ സെന്റ് ജോസഫ്സ് കോളജില്‍ അധ്യാപകനും വകുപ്പ് മേധാവിയുമായി. തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് മുഴുസമയ രാഷ്ടീയ പ്രവര്‍ത്തകനായി മാറുകയായിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ വിജു ഇപ്പോള്‍ പിബിയില്‍ എത്തി. കണ്ണൂര്‍ കരിവെള്ളൂരില്‍ പി. കൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ്




കോളേജ് ജോലി ഉപേക്ഷിക്കാന്‍ കാരണം

ഇന്ത്യയിലെ മാറുന്ന കര്‍ഷക സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് വിജു കൃഷ്ണന്‍ ബെംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് പിജി വകുപ്പ് മേധാവിയായി ചേര്‍ന്നത്. എന്നാല്‍, ഏതാനും വര്‍ഷത്തെ അദ്ധ്യാപനത്തിന് ശേഷം അദ്ദേഹം ജോലി വിട്ടു. അതിന് വിജു ഒരു അഭിമുഖത്തില്‍ പറഞ്ഞ കാരണം ഇങ്ങനെയാണ്:

'ഞാന്‍ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റിലുണ്ടായിരുന്നു. ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റായിരുന്നു. ബംഗളുരുവില്‍ സെന്റ് ജോസഫ് കോളജില്‍ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ടുമെന്റ് ആയിരുന്നു. പക്ഷേ അപ്പോഴും സജീവമായിട്ടു തന്നെ രാഷ്ട്രീയമായി ആക്ടീവായിരുന്നു. എന്റെ പി.എച്ച്.ഡിയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടായിരുന്നു. കാര്‍ഷികമേഖലയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സെക്ഷന്‍. അതുമായിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്നുണ്ടായിരുന്നു.

അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പഠിപ്പിക്കല്‍ വലിയ ബുദ്ധിമുട്ടാണ്. ഇതൊരു 24 മണിക്കൂര്‍ ജോലിയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും യാത്ര ചെയ്യേണ്ടിവരും. ഒരു അധ്യാപകന്റെ ആദ്യ കമ്മിറ്റ്‌മെന്റ് വിദ്യാര്‍ഥികളോടാണ്. അപ്പോള്‍ രണ്ടും ഒന്നിച്ച് ഏറ്റെടുത്താല്‍ അത് മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ല. അതുകൊണ്ടാണ് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.'

വിവാദമായ മൂന്നുകാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ 2020-21 ല്‍ നടന്ന കര്‍ഷക സമരത്തിലെ മുന്നണി പോരാളിയായിരുന്നു വിജു കൃഷ്ണന്‍. 2012 മാര്‍ച്ച് 12 ന് നാസിക്കില്‍ നിന്ന് മുംബൈ വരെ നടന്ന കര്‍ഷകരുടെ ലോങ് മാര്‍ച്ച് സംഘടിപ്പിക്കുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചതും വിജുവായിരുന്നു.

കരിവള്ളൂരിന്റെ മണ്ണില്‍ നിന്ന് ഉയര്‍ച്ച

കണ്ണൂര്‍ കരിവെള്ളൂരില്‍ പി. കൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ്. കരിവള്ളൂരിന്റെ രാഷ്ട്രീയ പശ്ചാത്തലമാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് വിജുവിനെ അടുപ്പിച്ചതെന്ന് പറയാം. അതു വലിയ പ്രചോദനമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'യൂണിവേഴ്‌സിറ്റിയില്‍ ജോയിന്‍ ചെയ്തപ്പോള്‍ പോസ്റ്റ് മണ്ഡല്‍, ബാബറി മസ്ജിദ് മുമ്പുള്ള കാലഘട്ടത്തില്‍, വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പ്രതിരോധം വേണമെന്നു തോന്നിയപ്പോഴാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കു വരുന്നത്. അവിടുന്ന് പിന്നെ മറ്റു മൂവ്‌മെന്റുകളിലേക്കും തൊഴിലാളികളുടെ പ്രശ്‌നങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പഠിക്കാമും ശ്രമിച്ചു. നവ ഉദാരവത്കരണ നയങ്ങള്‍ കര്‍ഷകരെ എങ്ങനെ ബാധിച്ചുവെന്നതായിരുന്നു പി.എച്ച്.ഡിക്ക് എന്റെ വിഷയം. അപ്പോള്‍ കര്‍ഷകരുടെ ഇടയില്‍ രണ്ടുകൊല്ലത്തോളം ഈ ഫീല്‍ഡില്‍ പോയി താമസിച്ച് അവരോട് ഇന്ററാക്ട് ചെയ്ത് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയതാണ്.'- വിജു കൃഷ്ണന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.





ബിജെപിയോട് സന്ധിയില്ലാ പോരാട്ടം

കര്‍ഷക സമരത്തെ തുടര്‍ന്ന് പിന്‍വലിച്ച കര്‍ഷക നിയമങ്ങള്‍ പിന്‍വാതിലിലൂടെ വീണ്ടും കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന വിജു കൃഷ്ണന്‍ കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. ന്യൂഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ 378 ദിവസം നീണ്ട സമരഫലമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 38 സീറ്റുകള്‍ നഷ്ടപ്പെട്ടതെന്ന് വിജു പറഞ്ഞിരുന്നു. ബിജെപിക്ക് 400 സീറ്റ് കിട്ടിയിരുന്നെങ്കില്‍ ആ പാര്‍ട്ടി രാജ്യത്തെ ഭരണഘടന തന്നെ മാറ്റി മറിക്കുമായിരുന്നു എന്നു തഞ്ചാവൂരിലെ പരിപാടിയില്‍ വിജു കഴിഞ്ഞ മാസം പറഞ്ഞു.

ഏപ്രില്‍ മുതല്‍ നാല് ലേബര്‍ കോഡുകള്‍ നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അതുവഴി കര്‍ഷക നിയമങ്ങള്‍ പിന്‍വാതിലിലൂടെ കൊണ്ടുവരികയാണെന്നും വിജു ആരോപിക്കുന്നു. 2014 ല്‍ ബിജെപി അധികാരത്തില്‍ വന്ന നാള്‍ മുതല്‍ 1.12 ലക്ഷം കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആത്മഹത്യ ചെയ്‌തെന്നും വിജു പറഞ്ഞു.

മറ്റൊരു പ്രകാശ് കാരാട്ട്

വിജു കൃഷ്ണനെ പ്രകാശ് കാരാട്ടിനോടാണ് ഉപമിക്കാറുള്ളത്. ഡല്‍ഹി കേന്ദ്രമായാണ് വിജുവിന്റെ പ്രവര്‍ത്തനം. മലയാളിയാണെങ്കിലും മലയാളത്തില്‍ ഒഴുക്കോടെയുള്ള സംസാരമില്ല. താന്‍ മലയാളം സംസാരിക്കുമെന്നും, മലയാളം സ്‌കൂളിലൊന്നും പഠിച്ചിട്ടില്ലെന്നും പത്തോളം ഭാഷകള്‍ സംസാരിക്കുമെന്നും പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം വിജു മാധ്യമങ്ങളോട് പറഞ്ഞു.




ബംഗാളും ത്രിപുരയും തിരിച്ചുപിടിക്കും

പിബി അംഗമെന്ന നിലയില്‍ തങ്ങളുടെ ഏറ്റവും വലിയ ചുമതല, പുതിയ കേന്ദ്ര കമ്മിറ്റിക്ക് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്ക് എതിരെയും, കോര്‍പ്പറേറ്റ് കൊള്ളക്കാര്‍ക്ക് എതിരെയും വലിയ സമരം ഉയര്‍ത്തി കൊണ്ടുവരികയാണെന്ന് വിജു പറഞ്ഞു. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുക, കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ദൗത്യമാണ്. ത്രിപുരയായാലും പശ്ചിമബംഗാളായാലും സിപിഎം ശക്തി കേന്ദ്രങ്ങളാണ്. അത് തിരിച്ചുപിടിക്കുക തന്നെ ചെയ്യും. കൂടുതല്‍ ചെറുപ്പക്കാര്‍ നേതൃത്വത്തിലേക്ക് വന്നതോടെ പാര്‍ട്ടി കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമെന്നും വിജു കൃഷ്ണന്‍ പറഞ്ഞു.