- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്തു നിന്നും പതിക്കുന്ന 30 നില ഫ്ലാറ്റ് യന്ത്രക്കൈ കൊണ്ട് പിടിച്ചെടുത്താല്‍ എങ്ങനെയിരിക്കും? ലോകം അത്ഭുതത്തോടെ ചര്‍ച്ച ചെയ്യുന്നത് ആ അനായാസ ക്യാച്ചിനെ കുറിച്ച്; ഇലോണ്‍ മസ്ക്കിന്റെ സ്റ്റാര്‍ഷിപ്പിന്റേത് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ പോലും കാണാത്ത വിസ്മയ പ്രവര്‍ത്തി
ആകാശത്തു പതിക്കുന്ന 30 നില ഫ്ലാറ്റ് യന്ത്രക്കൈ കൊണ്ട് പിടിച്ചെടുത്താന്‍ എങ്ങനെയിരിക്കും?
ടെക്സസ്: അനന്തമായ അത്ഭുതങ്ങളുടെയും കൗതുകങ്ങളുടെയും കലവറയാണ് ശാസ്ത്രലോകം. എത്രയെത്ര കണ്ടെത്തലുകള്‍ നടത്തിയാലും ഇനിയുമുണ്ടെന്ന് മനുഷ്യന് മുന്നില്‍ വെളിപ്പെടുകയും പുതിയ കണ്ടെത്തലുകളിലേക്ക് മനുഷ്യരാശിയെ നയിക്കുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസം.അത്തരത്തില്‍ മാനവരാശിയുടെ തന്നെ ചരിത്രത്തിലെ അനിര്‍വചനീയമായ ഒരു കാഴ്ച്ചയ്ക്കാണ് കഴിഞ്ഞ ദിവസം ശാസ്ത്രലോകം സാക്ഷ്യം വഹിച്ചത്.ബഹിരാകാശത്തേക്ക് വിക്ഷേപിച്ച റോക്കറ്റ് അതിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കി മിനുറ്റുകള്‍ക്കുള്ളില്‍ ലോഞ്ച് പാഡിലേക്ക് തിരിച്ചെത്തിയ അപൂര്‍വ്വതയ്ക്കാണ് ഇന്നലെ ലോകം സാക്ഷിയായത്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സാണ് സയന്‍ഫിക്ഷന്‍ സിനിമകളെപ്പോലും വെല്ലുന്ന വിധത്തില്‍ ബഹിരാകാശ വിക്ഷേപണത്തില്‍ പുത്തന്‍ അധ്യായം എഴുതിച്ചേര്‍ത്തത്. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളില്‍ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കുകയായിരുന്നു. ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ നിര്‍ണായകമാണ് ഈ പരീക്ഷണ വിജയം. രണ്ടാംഭാഗം ബഹിരാകാശ യാത്രയ്ക്ക് ശേഷം ഭൂമിയില്‍ പ്രവേശിച്ചു. ഇത്രയും വലിയ റോക്കറ്റിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നത് ആദ്യമാണ്. ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ നിര്‍ണായകമാണ് ഈ പരീക്ഷണ വിജയം. 30-35 നില വരുന്ന ഫ്‌ലറ്റ് ആകാശത്തു നിന്നും താഴേക്കും വരുമ്പോള്‍ അത് യാത്രകൈകള്‍ കൊണ്ട് പിടിച്ചെടുക്കുന്നതിന് സമാന സംഭവമാണ് ഇന്നലെ നടന്നത്.
അമേരിക്കന്‍ സമയം 7.25ന് സ്പേസ് എക്സിന്റെ ടെക്സസിലെ ബോക ചിക നിലയത്തില്‍ നിന്ന് പറന്നുയര്‍ന്ന സ്റ്റാര്‍ഷിപ്പിന്റെ ബൂസ്റ്റര്‍ 70 കിലോമീറ്റര്‍ ഉയരത്തിലാണ് വേറിട്ട് തിരികെ യാത്ര തുടങ്ങിയത്. 33റാപ്റ്റര്‍ എന്‍ജിനുകളില്‍ മൂന്നെണ്ണം വീണ്ടും ജ്വലിപ്പിച്ച് അതിവേഗം നിലയത്തിലെ യന്ത്രക്കൈകളില്‍ തിരികെനിലയുറപ്പിച്ചു.വിക്ഷേപണത്തറയില്‍ ഘടിപ്പിച്ച റോബോട്ടിക് സംവിധാനം(ചോപ്സ്റ്റിക്) ഉപയോഗിച്ചാണ് 232 അടി ഉയരമുള്ള ബൂസ്റ്റര്‍ റോക്കറ്റ് പിടിച്ചെടുത്തത്. ഭീമന്‍ റോക്കറ്റിന്റെ ഒരു ഭാഗം വീണ്ടെടുക്കുന്നത് ആദ്യമായാണ്.
ബഹിരാകാശത്തേക്ക് വലിയ ചരക്കുകള്‍ കൊണ്ടു പോകാനും മനുഷ്യനെ ചന്ദ്രനില്‍ വീണ്ടുമെത്തിക്കുന്ന യാത്രകളില്‍ പ്രയോജനപ്പെടുത്താനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന സ്പേസ് എക്സിന് പരീക്ഷണ വിജയം ചരിത്ര നിമിഷമാണ്. തന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സില്‍ ഇതിന്റെ വിഡിയോ ഇലോണ്‍ മസ്‌ക് പങ്കുവച്ചു. ടെക്‌സസിലെ ബ്രൗണ്‍സ്വില്ലില്‍ വിക്ഷേപണം നടന്ന് 7 മിനിറ്റിനുശേഷമാണു സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ വിക്ഷേപണത്തറയിലേക്കു തിരിച്ചെത്തിയത്.
232 അടി (71 മീറ്റര്‍) നീളമുള്ള ബൂസ്റ്റര്‍ ഇറങ്ങിവരുമ്പോള്‍ പിടിക്കാന്‍ ചോപ്സ്റ്റിക്കുകള്‍ എന്ന് വിളിക്കപ്പെടുന്ന ഭീമന്‍ ലോഹക്കൈകള്‍ ലോഞ്ച്പാഡില്‍ ഉണ്ടായിരുന്നു.പരീക്ഷണം വിജയകരമായതോടെ എന്‍ജിനീയര്‍മാര്‍ ആവേശത്തോടെ കയ്യടിക്കുന്നതും വിഡിയോയിലുണ്ട്.ബഹിരാകാശത്തുവച്ച് രണ്ടാം ഘട്ടവുമായി വേര്‍പെട്ട ശേഷം, ഒന്നാം ഭാഗത്തെ ലോഞ്ച്പാഡില്‍ വിജയകരമായി ലാന്‍ഡ് ചെയ്യിക്കുക എന്ന വെല്ലുവിളിയാണ് സ്പേസ്എക്‌സ് മറികടന്നത്. പൂര്‍ണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റ് വികസിപ്പിക്കുന്നതിനുള്ള കമ്പനിയുടെ നീക്കത്തിലും ഇതു നിര്‍ണായകമാകും.
സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ കഥ..മെക്കാസില്ലയുടെതും
ലോകത്തിലെ ഏറ്റവും കരുത്തേറിയ വിക്ഷേപണ വാഹനമാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ്.ബഹിരാകാശത്തേക്ക് വലിയ ചരക്കുകള്‍ കൊണ്ടു പോകാനും മനുഷ്യനെ ചന്ദ്രനില്‍ വീണ്ടുമെത്തിക്കുന്ന യാത്രകളില്‍ പ്രയോജനപ്പെടുത്താനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്പേസ് എക്സിലൂടെ 2017ല്‍ ഇലോണ്‍ മസ്‌ക് സ്റ്റാര്‍ഷിപ്പ് റോക്കറ്റിനെ അവതരിപ്പിക്കുന്നത്.പൂര്‍ണമായും പുനരുപയോഗിക്കാവുന്ന ലോകത്തെ ആദ്യ റോക്കറ്റാണ് ഇത്.റോക്കറ്റ് ഭാഗം, സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിനുള്ളത്.
397 അടി ഉയരവും 5,000 ടണ്‍ ഭാരവുമായി ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ഉയരമേറിയ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. പരമാവധി 100 പേരെയാണ് വാഹനത്തിന് വഹിക്കുവാന്‍ സാധിക്കുക.ഭാവിയില്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സാദ്ധ്യമെങ്കില്‍ അതിനപ്പുറത്തേക്കും മനുഷ്യരെ എത്തിക്കുക ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ഷിപ്പിന്റെ നിര്‍മ്മാണം.അതിനാല്‍ തന്നെ അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് -3 മിഷനില്‍ സ്റ്റാര്‍ഷിപ്പിനെ ഉപയോഗിച്ചേക്കും.കൂടാതെ ഭൂമിയുടെ വിവിധ കോണുകളിലേക്കുള്ള യാത്രയും സാദ്ധ്യമായേക്കും.
സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണു സ്പേസ്എക്സ് നേട്ടം കൈവരിച്ചത്. റോക്കറ്റിന്റെ ഒന്നാം ഭാഗത്തെ വിജയകരമായി തിരികെ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു അഞ്ചാം പരീക്ഷണ വിക്ഷേപണത്തിലെ ലക്ഷ്യം. ബഹിരാകാശത്തുവച്ച് രണ്ടാം ഘട്ടവുമായി വേര്‍പെട്ട ശേഷം, ഒന്നാം ഭാഗത്തെ ലോഞ്ച്പാഡില്‍ വിജയകരമായി ലാന്‍ഡ് ചെയ്യിക്കുക എന്ന വെല്ലുവിളിയാണ് സ്പേസ് എക്‌സ് മറികടന്നത്.
ഇതിനു മുന്‍പ് നടന്ന നാലു തവണയും പരിശ്രമം പരാജയമായിരുന്നു.ജൂണിലായിരുന്നു സ്റ്റാര്‍ഷിപ്പിന്റെ നാലാം പരീക്ഷണ വിക്ഷേപണം നടന്നത്. പക്ഷെ ഈ ദൗത്യത്തില്‍ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ഇരുഭാഗങ്ങളും കടലില്‍ ഇറക്കാന്‍ സ്പേസ് എക്സിന് കഴിഞ്ഞിരുന്നു.പിന്നാലെയാണ് ഭൂമിയില്‍ തിരിച്ചുള്ള ലാന്‍ഡിങും വിജയം കൈവരിക്കുന്നത്.
ആദ്യ മൂന്ന് പരീക്ഷണങ്ങളില്‍ ബൂസ്റ്റര്‍ പൊട്ടിത്തെറിച്ചിരുന്നു.നാലാം പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ട ബൂസ്റ്റര്‍ മെക്സിക്കോ ഉള്‍ക്കടലിലും പതിച്ചു.ഇത്തവണ തിരിച്ചിറങ്ങലിന്റെ വേഗത കുറയ്ക്കാന്‍ 33 റാപ്റ്റര്‍ എന്‍ജിനുകളില്‍ മൂന്നെണ്ണം ബൂസ്റ്റര്‍ ജ്വലിപ്പിച്ചിരുന്നു.400 മീറ്ററിലേറെ ഉയരമുള്ള ലോഞ്ച് പാഡ് ടവറിന് മുകളിലെ രണ്ട് ഭീമന്‍ ലോഹക്കൈകള്‍ ബൂസ്റ്ററിനെ താങ്ങി നിറുത്തി. സൂചിയില്‍ നൂല് കോര്‍ക്കുന്ന സൂക്ഷ്മതയോടെയാണ് ബൂസ്റ്ററിനെ ലോഞ്ച് പാഡിലെ യന്ത്രക്കൈകള്‍ ആലിംഗനം ചെയ്യുന്നതുപോലെ പിടിച്ചെടുത്തത്.
ഈ യന്ത്രക്കൈകള്‍ക്ക് 'മെക്കാസില്ല' എന്നാണ് മസ്‌ക് തന്നെ പേരിട്ടത്. ബൂസ്റ്ററിനെ പിടിച്ചെടുക്കുന്ന സാങ്കേതിക പ്രക്രിയയ്ക്ക് ചോപ്സ്റ്റിക് മാന്വറിംഗ് എന്നും പേരിട്ടു. ഇതുവരെ നിര്‍മിക്കപ്പെട്ട ഏറ്റവും വലുതും ഭാരമേറിയതുമായ പറക്കും വസ്തുവിനെ വായുവില്‍ വച്ച് പിടിക്കാന്‍ യന്ത്രകൈകളോടെ പ്രത്യേക നിര്‍മിച്ച ടവറാണ് മെക്കാസില്ല.ഇതിന് 250 ടണ്‍ ഭാരമുണ്ട്. ഭാവിയില്‍ ഇതിന്റെ ഭാരം കുറയ്ക്കും.എഞ്ചിന്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ വെലോസിറ്റി പൂജ്യത്തിലേക്ക് താഴുകയും മെക്കാസില്ല സ്റ്റാര്‍ഷിപ്പിനെ പിടികൂടുകയും ചെയ്യും.ഈ കൈകള്‍ വിശാലമാണ്,വസ്തു കടന്നുവരുമ്പോള്‍ ഇത് അടുത്തുവരും. ഇങ്ങനെയാണ് സ്റ്റാര്‍ഷിപ്പ് ഈ യന്ത്രകൈയുടെ കരവലയത്തിലാകുന്നത്. ശബ്ദത്തിന്റെ പകുതിയിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ടണ്‍കണക്കിന് ഭാരമുള്ള ഒരു വസ്തുവിനെ വായുവില്‍ വച്ച് പിടികൂടുന്ന മെക്കാസില്ല അങ്ങനെ യാഥാര്‍ഥ്യമായിരിക്കുന്നതായും' മസ്‌ക് പറഞ്ഞു.
ബഹിരാകാശ വിനോദസഞ്ചാരത്തിനും ബഹിരാകാശത്തുനിന്ന് മടങ്ങുമ്പോള്‍ ഭൂമിയില്‍ സുരക്ഷിതമായി ഇറങ്ങുന്നതിലും നിര്‍ണായകമാണ് പരീക്ഷണ വിജയം. ഭാവിയില്‍ മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകുന്നത് ഉള്‍പ്പടെയുള്ള ദൗത്യങ്ങളില്‍ സ്പേസ് എക്സ് ഉപയോഗിച്ചേക്കുക സ്റ്റാര്‍ഷിപ്പായിരിക്കും.121 മീറ്റര്‍ ഉയരമുള്ള സ്റ്റാര്‍ഷിപ്പിന് 100 മുതല്‍ 150 ടണ്‍ വരെ ഭാരമുള്ള വസ്തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകും.
സ്പേസ് എക്സിനെ അറിയാം
അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്‌പേസ് എക്‌സ് അഥവ ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ടെക്‌നോളജീസ് കോര്‍പ്പറേഷന്‍. പെയ്പാലിന്റെയും ടെസ്ല മോട്ടോഴ്‌സിന്റെയും സ്ഥാപകനായ ഈലോണ്‍ മസ്‌ക് ആണ് ഇതിന്റെ സി ഇ ഒ.പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങള്‍ ഉപയോഗിച്ച് മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകുക എന്ന ആശയമാണ് ഇതിന് പിന്നില്‍.
പുനരുപയോഗത്തിന് വേണ്ടി രൂപകല്പന ചെയ്ത് ബഹിരാകാശ ഗതാഗത ചെലവ് കുറയ്ക്കുകയും ആത്യന്തികമായി ചൊവ്വയില്‍ ഒരു സുസ്ഥിര കോളനി വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എലോണ്‍ മസ്‌ക് ഈ കമ്പനി സ്ഥാപിച്ചത്.നിലവില്‍ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തോടൊപ്പം ഫാല്‍ക്കണ്‍ 9 , ഫാല്‍ക്കണ്‍ ഹെവി റോക്കറ്റുകള്‍ നിര്‍മ്മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നത് സ്പേസ് എക്സ് ആണ്.
അമേരിക്കന്‍ സായുധസേനയ്ക്ക് സഹായകമായ ഫാല്‍ക്കണ്‍ റോക്കറ്റുകള്‍, സാധാരണക്കാരെ ബഹിരാകാശത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്‍സ്പിരേഷന്‍ തുടങ്ങിയവ സ്പേസ് എക്്സിന്റെ ശ്രദ്ധേയ ഇടപെടലുകളാണ്.സായുധസേനയുടെ പുതിയ വിഭാഗമായി 'ബഹിരാകാശ സേന' രൂപീകരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആയിരുന്നു. അദ്ദേഹം ഈ നിര്‍ദേശം പെന്റഗണിനു നിര്‍ദേശം നല്‍കി. ബഹിരാകാശത്ത് അമേരിക്കയുടെ മേധാവിത്തം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു ഈ നടപടി.
യുഎസ് സായുധസേനയുടെ ആറാം ശാഖയായി ബഹിരാകാശ സേനയ്ക്കു (സ്പേസ് ഫോഴ്സ്) രൂപംനല്‍കാനായിരുന്നു നിര്‍ദേശം.ഇതിന്റെ ചുവട് പിടിച്ചാണ് സേനയ്ക്ക് ഉപകാരപ്പെടും വിധത്തില്‍ ഫാല്‍ക്കണ്‍ റോക്കറ്റിന് രൂപം നല്‍കുന്നത്.ഫാല്‍ക്കണിന്റെ ആലോചന സമയത്ത് തന്നെ അന്നു തന്നെ യുഎസ് സൈന്യമായിരിക്കും ഫാല്‍ക്കന്‍ ഹെവി പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍ എന്ന് വിലയിരുത്തലുണ്ടായിരുന്നു. ഉയര്‍ന്ന വലുപ്പവും ശേഷിയുമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സൈന്യത്തിന് അവസരമൊരുങ്ങുമെന്നതിനാലായിരുന്നു അത്.
സാധാരണക്കാരായ ആളുകളുമായി ഒരു ബഹിരാകാശ വിനോദയാത്ര നടത്താനൊരുങ്ങുകയാണ് സ്‌പേസ് എക്‌സ് ഇന്‍സ്പിരേഷന്‍ പദ്ധതിയിലൂടെ.ഇന്‍സ്പിരേഷന്‍ 4 എന്ന് പേരിട്ടിരുന്ന ഉദ്യമത്തില്‍ ഷിഫ്റ്റ് 4 പേമെന്റ്‌സ് സ്ഥാപകനും സി.ഇ.ഒ.യുമായ ജാരെഡ് ഐസാക്മാനൊപ്പം മൂന്നു സാധാരണക്കാരും പങ്കാളികളായത്.
സെയിന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രിക്കുവേണ്ടിയുള്ള ഫണ്ട് സമാഹരണമായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം. കുട്ടിക്കാലത്തേ രക്താര്‍ബുദം ബാധിച്ച വ്യക്തിയും സെയ്ന്റ് ജൂഡിലെ ഡോക്ടറുടെ സഹായിയുമായ ഹാലി ആര്‍സെനോക്‌സാണ് യാത്രക്കാരിലൊരാള്‍.സിയാന്‍ പ്രോക്ടര്‍, ക്രിസ് സെബ്രോസ്‌കി എന്നിവരാണ് മറ്റുള്ളവര്‍.ഇവര്‍ രണ്ടുപേരും ബഹിരാകാശ യാത്രയ്ക്കായുള്ള ഒരു മത്സരത്തില്‍ വിജയിച്ചവരായിരുന്നു.
സ്റ്റാര്‍ഷിപ്പിന്റെ നേട്ടമൊക്കെ വിരല്‍ചൂണ്ടുന്നത് സയന്‍സിന്റെയും ടെക്നോളോജിയുടെയും അനന്തമായ സാധ്യതകളിലേക്കാണ്.ഇതേ സാധ്യതകളാണ് ആരോഗ്യ, പാര്‍പ്പിട, ഭക്ഷ്യ, ഗതാഗത, വിദ്യാഭ്യാസ രംഗങ്ങളിലും മുന്നേറ്റം നടത്തുന്നത്.ഇലോണ്‍ മസ്‌കിന്റെ വെറും 22 വര്‍ഷം മാത്രം പഴക്കമുള്ള സ്ഥാപനമാണ് സയന്‍സ്ഫിക്ഷനെപ്പോലും അതിശയിപ്പിക്കുന്ന ഈ കാഴ്ച്ച യാഥാര്‍ത്ഥ്യമാക്കിയത്.ഇതാണ് മനുഷ്യന്റെയും, അധ്വാനത്തിന്റെയും ശക്തി.