- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെയ്യോട്ട് കാവിനെ മുച്ചൂടും നശിപ്പിച്ചുകൊണ്ടു വ്യവസായ ശാല വരുന്നു: കണ്ണൂം മൂക്കുമില്ലാത്ത വികസനത്തിന്റെ ഇരകളായി മാറുന്നത് മാവിൻ സമുദായക്കാർ; രാസമാലിന്യമൊഴുക്കുന്ന വ്യവസായ ശാല സ്ഥാപിക്കുന്നത് പരിസ്ഥിതി ആഘാത പഠനം നടത്താതെയെന്നു വിമർശനം; പ്രതിഷേധം ശക്തമാകുമ്പോഴും മൗനം പാലിച്ചു വ്യവസായ വകുപ്പ്
തളിപറമ്പ്: കണ്ണൂർ ജില്ലയിലെ മാടായി പാറയ്ക്കു ശേഷം മറ്റൊരു ജൈവവൈവിധ്യ മേഖലയ്ക്കു കൂടി വികസനത്തിന്റെ കോടാലി കൈ ഭീഷണിയുയർത്തുന്നു. 77 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കേരളത്തിലെ ഏറ്റവും വിസ്തൃതിയേറിയ കാവുകളിലൊന്നായ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന തെയ്യോട്ട് കാവിനെ മുച്ചൂടും നശിപ്പിച്ചുകൊണ്ടാണ് വ്യവസായ ശാല വരുന്നത്.വടക്കെ മലബാറിലെ മാവിലൻ സമുദായക്കാർ വർഷങ്ങളായി തങ്ങളുടെ വിശ്വാസ പ്രമാണങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട് സംരക്ഷിക്കുന്ന കാവുകളിൽ ഒന്നാണ് ഈ കാവ്.
ജൈവവൈവിധ്യത്താൽ സമ്പുഷ്ടമായ ഈ ചെറുവനത്തിൽ നിന്നാണ് വെള്ളൂർ പുഴയുടെ ഉത്ഭവ സ്ഥാനം. അതീവ പരിസ്ഥിതിലോല പ്രദേശങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ഈ കാവിനോട് ചേർന്ന പ്രദേശത്താണ് നിലവിൽ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് അധികൃതർ റെഡ് കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെടുന്ന റോയൽ ലറ്റക്‌സ് എന്ന വ്യവസായശാലയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.റബ്ബറിൽ നിന്നും സർജിക്കൽ ഗ്ലൗസ്, മാസ്‌ക്ക് തുടങ്ങി ആയിരത്തിലധികം ഉത്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന സ്ഥാപനത്തിന്റെ നിർമ്മാണം അറുപത് ശതമാനത്തിലധികം പൂർത്തിയായി കഴിഞ്ഞു.
കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് നിലവിലെ പരിസ്ഥിതി നിയമങ്ങളെല്ലാം ലംഘിച്ചു കൊണ്ടാണ് സ്ഥാപനത്തിന് നിർമ്മാണാനുമതി നൽകിയിരിക്കുന്നത്. കേരളത്തിൽ നിലവിൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ മാത്രമാണ് റോയൽ ലാക്റ്റസ് കമ്പനിയുടെ ഇത്തരത്തിലൊരു യൂനിറ്റ് പ്രവർത്തിക്കുന്നതെന്നും ആ യൂനിറ്റിനെ മുഴുവനായും ആലപ്പടമ്പിലേക്ക് മാറ്റി സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും കമ്പനിക്ക് സിഎഫ്ഒ അനുമതി കൂടി ലഭ്യമാകുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കുമെന്നുമാണ് കമ്പനി അധികൃതർ പറയുന്നത്.
എന്നാൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ കമ്പനിക്ക് നിലവിലെ നിയമമനുസരിച്ച് ജനവാസ മേഖലയും, വനവും, ജല സ്രോതസ്സുകളുടെ ഉത്ഭവസ്ഥാനവുമായ തെയ്യോട്ട് കാവ് പോലൊരു പ്രദേശത്ത് പ്രവർത്തിക്കാൻ കഴിയില്ല. അപൂർവ മൽസ്യങ്ങളും പക്ഷികളും, മൃഗങ്ങളുമടങ്ങുന്ന, ജൈവ സമൃദ്ധമായ ആലപ്പടമ്പ് തെയ്യോട്ടുകാവിലൂടെ ഒഴുകുന്ന വെള്ളൂർ തോടാണ് കവ്വായിപ്പുഴയുടെ ഏക സ്ഥിര ജലസ്രോതസ്. കാങ്കോൽ, ആലപ്പടമ്പ്, വെള്ളൂർ, തൃക്കരിപ്പൂർ പ്രദേശങ്ങളിലെ കൃഷിയും, കുടിവെള്ളവും, ജനജീവിതവും ഇവിടെ നിന്നുമെത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് നിലനിന്നു പോകുന്നത്.
അമോണിയയും മറ്റ് നിരവധി ആസിഡുകളും കലർന്ന ഫാക്ടറിയിൽ നിന്ന് പുറന്തള്ളാൻ പോകുന്ന വെള്ളം വേനൽ കാലത്ത് ഭൂമിയിലേക്ക് താഴുകയും മഴക്കാലത്ത് സ്വാഭാവികമായും ഭൂമിയിലെ വെള്ളവും ഇവിടെ നിന്നും പുറന്തള്ളുന്ന മലിന ജലവും ഇടകലർന്ന് കിണറുകളിലേക്കും, കൃഷി ഭൂമിയിലേക്കും, പ്രദേശത്തെ മറ്റ് ജല സ്രോതസുകളിലേക്കും വ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രദേശത്തെ പരിസ്ഥിതി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.
ഒരു ദിവസം അറുപത് ടൺ പ്രൊഡക്ഷൻ കപ്പാസിറ്റിയുള്ള, സർജിക്കൽ സാധനങ്ങളടക്കം ആയിരത്തിൽ അധികം വരുന്ന വസ്തുക്കൾ നിർമ്മിക്കാൻ ശേഷിയുള്ള, ഒരേ സമയം ഒരു ലക്ഷം ലിറ്റർ വരെ അമോണിയം, സൾഫോറിക്ക് ആസിഡ്, ഫോറിക്ക് ആസിഡ് പോലുള്ള വീര്യം കൂടിയ രാസ പദാർഥങ്ങൾ സംഭരിക്കാൻ ശേഷിയുള്ള പ്ലാന്റുകളുള്ള ഒരു കമ്പനിക്ക് അനുമതി നൽകും മുൻപ് പ്രദേശത്ത് പാരിസ്ഥിതിക ആഘാത പഠനം പോലുള്ളവ നടത്താതിരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
നിർദ്ദിഷ്ട കെ റെയിൽ പദ്ധതി മാടായി പാറയിലൂടെ വരുന്നതിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ഇതുവരെ നിലച്ചിട്ടില്ല. ഇതിനിടെയാണ് മറ്റൊരു ജൈവസങ്കേതത്തെ തകർത്തുകൊണ്ടു വൻവ്യവസായ ശാലസ്ഥാപിക്കുന്നത്. നേരത്തെ മാടായിയിലെ ചൈനക്ളേ കമ്പിനി പരിസ്ഥിതി വിനാശം ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ജനകീയ പ്രതിഷേധത്തിനെ തുടർന്ന് അടച്ചു പൂട്ടിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്