തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ 26 മണിക്കൂറിന് ശേഷവും കണ്ടെത്താനായില്ല. കന്യാകുമാരി എക്‌സ്പ്രസില്‍ കയറിയ തസ്മിദ് പിന്നെ എങ്ങോട്ട് പോയെന്ന് വിവരമില്ല. കുട്ടി കന്യാകുമാരിയിലെത്തി എന്നതിന് സ്ഥിരീകരണമില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ മൊഴി സ്ഥിരീകരിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍, ബീച്ച് പരിസരം തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം തിരച്ചില്‍ തുടരുന്നത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ബുധനാഴ്ച പുലര്‍ച്ചെ കുട്ടിയെ കണ്ടതായാണ് കന്യാകുമാരിയിലെ ഒരു ഓട്ടോഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്.

കേരള പോലീസിന് പുറമേ തമിഴ്നാട് പോലീസും റെയില്‍വേ സംരക്ഷണസേന (ആര്‍.പി.എഫ്)യും റെയില്‍വേ പോലീസും കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. കന്യാകുമാരിയില്‍നിന്ന് കുട്ടി മറ്റെവിടേക്കെങ്കിലും പോയോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്. കുട്ടിയുടെ മൂത്തസഹോദരന്‍ ചെന്നൈയില്‍ ജോലിചെയ്യുന്നുണ്ട്. കുട്ടി ഇവിടേക്ക് പോയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ചെന്നൈയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കുട്ടി ഇവിടേക്ക് വന്നിട്ടില്ലെന്ന് സഹോദരന്‍ സ്ഥിരീകരിച്ചതായും സൂചനകളുണ്ട്.

കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍ അകത്തെ ദൃശ്യങ്ങളുടെ പരിശോധനയും വിഫലമായി. കുട്ടിയെ കണ്ടെത്താനായില്ല. സ്റ്റേഷന്റെ പോര്‍ട്ടിക്കോയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടി എവിടെ എന്നതില്‍ വ്യക്തമായ സൂചനകളില്ല.

കുട്ടിയുടെ കൈയില്‍ ഒരുബാഗും വസ്ത്രവും 50 രൂപയുമാണ് ഉണ്ടായിരുന്നത്. കന്യാകുമാരിയില്‍നിന്ന് മറ്റേതെങ്കിലും ട്രെയിനില്‍ കയറി കുട്ടി യാത്രചെയ്തിരിക്കാമെന്നും പോലീസിന് സംശയമുണ്ട്. ഇതേത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഒരുപക്ഷേ, കുട്ടി കേരളത്തിലേക്ക് മടങ്ങിയിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പാറശ്ശാല മുതല്‍ തമ്പാനൂര്‍ വരെയുള്ള വിവിധ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന തുടരുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് നിര്‍ണായകമായിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാര്‍ത്ഥിനി നെയ്യാറ്റിന്‍കരയില്‍ വെച്ച് പകര്‍ത്തിയ ചിത്രമാണ് പൊലീസിന് ലഭിച്ചത്. ട്രെയിനില്‍ നിന്ന് തസ്മിദ് എവിടെ ഇറങ്ങി എന്നോ എങ്ങോട്ട് പോയെന്നോ സൂചന ഇല്ല.

കുട്ടിയെ കണ്ടെന്ന ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്യാകുമാരി റെയില്‍വേ സ്റ്റേഷനും ബീച്ചും പോലീസ് അരിച്ചുപെറുക്കിയിട്ടും സൂചനകള്‍ ഒന്നും കിട്ടിയില്ല. കുട്ടി തന്റെ അടുക്കല്‍ എത്തിട്ടിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചതോടെ അന്വേഷണം വഴിമുട്ടി. കന്യാകുമാരിയില്‍ കുട്ടി എത്തിയെന്നത് വിവരം സ്ഥിരീകരിക്കാനാകില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍ അകത്തെ ദൃശ്യങ്ങളുടെ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം, പാറശ്ശാലയ്ക്കും കന്യാകുമാരിക്കും ഇടയിലെ മറ്റ് സ്റ്റേഷനുകളിലേക്കും തെരച്ചില്‍ വ്യാപകമാക്കുകയാണ് പൊലീസ്.

ശകാരിച്ചതിന് വീട് വിട്ടിറങ്ങി

ചൊവ്വാഴ്ച രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ മാതാപിതാക്കള്‍ തസ്മീനെ ശകാരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ജോലിക്കു പോയി. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്. കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രവേശനം നേടാന്‍ ഒരുങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. സംഭവം അറിഞ്ഞയുടന്‍തന്നെ കഴക്കൂട്ടം പോലീസ് മറ്റ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറി. സി.സി.ടി.വി.യും മറ്റും പരിശോധിച്ചാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അസമീസ് ഭാഷ മാത്രമേ കുട്ടിക്കറിയൂവെന്ന് മാതാപിതാക്കള്‍ പറയുന്നു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

ഒരു മാസമായി കഴക്കൂട്ടത്ത് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. അമ്മയും അച്ഛനും നാലു മക്കളുമാണ് കുടുംബത്തിലുള്ളത്. അച്ഛന്‍ അന്‍വര്‍ ഹുസ്സൈന്‍ കേരളത്തില്‍ കൂലിപ്പണി ചെയ്യുകയായിരുന്നു. അമ്മ ഫാര്‍വീന്‍ ബീഗവും കഴക്കൂട്ടത്തെ സ്‌കൂളില്‍ സഹായി ജോലി ചെയ്യുകയാണ്. സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ ഇന്നലെ രാവിലെ തസ്മിദിനേ ശകാരിച്ചിരുന്നു. തുടര്‍ന്ന് അച്ഛനും അമ്മയും ജോലിക്ക് പോയി. ഇതിന് പിന്നാലെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. വസ്ത്രങ്ങള്‍ കറുത്ത ബാഗിലാക്കിയാണ് കുട്ടി വീട് വിട്ടത്. കയ്യില്‍ ആകെയുള്ളത് 50 രൂപ മാത്രമായിരുന്നു. വീടുവിട്ടിറങ്ങുമ്പോള് പിങ്ക്, ക്രീം നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. വൈകീട്ട് മടങ്ങി എത്തിയപ്പോള്‍ മകളെ കാണാതിരുന്ന കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉടന്‍ പൊലീസ് അന്വേഷണം തുടങ്ങി.

അന്വേഷണത്തില് മൂന്ന് കിലോ മീറ്റര്‍ ദൂരം കുട്ടി സഞ്ചരിച്ചതിന്റെ ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. കഴക്കൂട്ടത്തിന് സമീപത്തെ കടയുടെ മുന്നിലും കഴക്കൂട്ടം ഹൈവേക്ക് സമീപത്തും കുട്ടി നടക്കുന്ന ദൃശ്യം കിട്ടി. പിന്നീട്, പത്ത് രൂപയ്ക്ക് യാത്ര ചെയ്യാവുന്ന സിറ്റി ബസില്‍ കയറി കുട്ടി കഴക്കൂട്ടത്തുനിന്ന് തമ്പാനൂരില്‍ ഇറങ്ങി എന്നാണ് നിഗമനം. രാത്രിയോടെ പൊലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ തുടങ്ങി. കഴക്കൂട്ടത്തിന് 15 കിലോമീറ്റര്‍ ചുറ്റളവ് കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ പൊലീസ് സംഘം പരിശോധന നടത്തി. ബീമാപള്ളി, ശംഖുമുഖം തുടങ്ങി നിരവധി ഇടങ്ങളില്‍ തെരച്ചില്‍ നടന്നു. പിന്നാലെ തിരുവനന്തപുരത്ത് നിന്ന് അസമിലേക്ക് പോയ അരോണയ് എക്‌സ്പ്രസില്‍ കുട്ടി ഉണ്ടെന്ന് സംശയം ഉയര്‍ന്നു. ട്രെയിന്‍ പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ 15 മിനിറ്റ് പിടിച്ചിട്ട് നടത്തിയ പരിശോധനയില്‍ പക്ഷെ കുട്ടിയെ കണ്ടെത്താനായില്ല.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് നിര്‍ണായക വിവരം പൊലീസിന് കിട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ കന്യാകുമാരി ട്രെയിനില്‍ കുട്ടി ഇരിക്കുന്ന ചിത്രം ഒരു വിദ്യാര്‍ത്ഥിനി പൊലീസിന് അയച്ചുകൊടുത്തു. കുട്ടി ട്രെയിനില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട് സംശയം തോന്നി ആണ് യാത്രക്കാരി നെയ്യാറ്റിന്‍കരയില്‍ വെച്ച് മൊബൈലില്‍ ഫോട്ടോ എടുത്തത്. ഇത് തസ്മിദ് തംസും തന്നെ ആണെന്ന് അച്ഛനും അമ്മയും സ്ഥിരീകരിച്ചു. പിന്നാലെ പൊലീസ് സംഘം കന്യാകുമാറിയിലേക്ക് പുറപ്പെടുകയായിരുന്നു.