തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പോലീസില്‍ അതൃപ്തി ശക്തമോ? ഈ ചര്‍ച്ച സജീവമാക്കുകയാണ് തിരുവനന്തപുരം പോലീസ് സഹകരണ സംഘം ഭരണ സമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല പാനലിന്റെ വന്‍ വിജയം. പോലീസ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷനും നേതൃത്വം നല്‍കിയ ഭരണാനുകൂല പാനലായ സഹകരണ സംരക്ഷണ മുന്നണി കനത്ത പരാജമാണ് ഏറ്റുവാങ്ങിയത്. സര്‍ക്കാരിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഇടത് ആഭ്യമുഖ്യമുള്ള കൂട്ടായ്മയാണ് തോറ്റത്.

ആകെ പോള്‍ ചെയ്ത വോട്ടിന്റെ 75 ശതമാനത്തിലധികം നേടിയാണ് നിലവിലെ ഭരണസമിതി പ്രസിഡന്റ് ജി. ആര്‍. അജിത്ത് നേതൃത്വം നല്‍കിയ പാനല്‍ വിജയിച്ചത്. ഇതു തുടര്‍ച്ചയായ മൂന്നാം തവണയാണ് ജി.ആര്‍ അജിത്തിന്റെ നേതൃത്വത്തിലുള്ള പാനല്‍ വിജയിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും അതിശക്തമായ മത്സരത്തെ അജിത്തിന്റെ പാനലിന് അഭിമുഖീകരിക്കേണ്ടി വന്നു. മൂന്നാം ടേമിലേക്ക് എത്തുമ്പോള്‍ അനായാസ വിജയം. സാധാരണ അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് അനുകൂലമായാണ് മിക്കപ്പോഴും ഇത്തരം സഹകരണ സംഘങ്ങളില്‍ ഫലങ്ങള്‍ വരുന്നത്. എന്നാല്‍ പോലീസില്‍ കഥമാറി മറിയുകയാണ്. തിരുവനന്തപുരം ജില്ലയിലും മറ്റു ജില്ലകളിലുമായി ജോലി ചെയ്യുന്ന പതിനായിരത്തോളം അംഗങ്ങള്‍ ഉള്ള സഹകരണ സംഘം. കേരളത്തിലെ ഏറ്റവും വലിയ ജില്ലാ പോലീസ് സഹകരണസംഘം. എഡിജിപി മുതല്‍ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ വരെ അംഗങ്ങളാണ്.

2019ല്‍ ജി.ആര്‍. അജിത്ത് നേതൃത്വം നല്‍കിയ ഭരണ സമിതിയെ ഭരണസ്വാധീനം ഉപയോഗിച്ച് പിരിച്ച് വിട്ട് അഡ്മിനിട്രേറ്ററെ നിയമിച്ച് ഭരണം പിടിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ വീണ്ടും ആ ഭരണസമിതിയെ തന്നെ തെരഞ്ഞെടുത്തു. ഇത്തവണയും വ്യാജപ്രചരണങ്ങളും വ്യക്തിഹത്യയുമൊക്കെ നടത്തിയെങ്കിലും അതൊന്നും വിലപോയില്ല. കഴിഞ്ഞ 8 വര്‍ഷമായി ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെ അമര്‍ഷവും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ട്. പോലീസിലെ അമിത ജോലിഭാരവും ഉദ്യോഗസ്ഥര്‍ക്കിടയിലെ ആത്മഹത്യയും സര്‍വീസില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കും തുടങ്ങി പോലീസ് ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലീസ് സംഘടനകള്‍ നിസംഗത പാലിക്കുന്നതും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഭരണാനുകൂല സംഘടനകള്‍ ആവനാഴിയിലെ എല്ലാ അമ്പുകളുമായി പോരിനിറങ്ങിയപ്പോഴാണ് പ്രതിപക്ഷ കൂട്ടായ്മ ഈ സംഘം പിടിച്ചെടുക്കുന്നത്. തിരുവനന്തപുരം പൊലീസ് സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടു. 19ന് നടക്കുന്ന വോട്ടെടുപ്പിനിടെ ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. പോളിംഗ് സ്റ്റേഷനു സമീപത്ത് ആള്‍ക്കൂട്ടം അനുവദിക്കരുതെന്നും ജസ്റ്റിസ് എന്‍. നഗരേഷ് ഉത്തരവിട്ടിരുന്നു. വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഭരണസമിതി പ്രസിഡന്റ് ജി.ആര്‍. അജിത്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നിര്‍ദ്ദേശം. വോട്ട് രേഖപ്പെടുത്തി മൊബൈല്‍ ഫോണില്‍ പകര്‍ത്തി കാണിക്കണമെന്ന് അംഗങ്ങളോട് നേതാക്കള്‍ ആവശ്യപ്പെട്ടന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.

ഇതോടെ ഭരണാനുകൂല സംഘടനയുടെ അട്ടിമറി ശ്രമം പൊളിഞ്ഞു. അതിനിടെ പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണസമിതി തങ്ങളോട് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ എത്തിച്ചു നല്‍കുന്നതായി പരാതിയുമായി മറുപക്ഷവും എത്തി. സംഘത്തിലെത്തി രജിസ്റ്ററില്‍ ഒപ്പിട്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈപ്പറ്റുന്നതിന് പകരം സംഘത്തില്‍ വരാതെ 6 ബി രജിസ്റ്ററില്‍ അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് അവരുടെ യൂണിറ്റുകളിലും വീടുകളിലും തിരിച്ചറിയല്‍ കാര്‍ഡുകള്‍ എത്തിച്ച് നിലവിലെ ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള ശ്രമം നടത്തുന്നതായും ആരോപിച്ചിരുന്നു. പാനലിലെ സ്ഥാനാര്‍ത്ഥികള്‍ സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷനും, ഡിജിപിക്കും,കമ്മീഷണര്‍ക്കും പരാതിയും നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ 6 ബി രജിസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് വരണാധികാരി സീല്‍ ചെയ്യുകയുണ്ടായി. സംഘത്തില്‍ എത്താതെ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അറിയിപ്പുകളെത്തി. എന്നാല്‍ ഇതൊന്നും അന്തിമ ഫലത്തെ സ്വാധീനിച്ചില്ലെന്നതാണ് വസ്തുത. ഇത് സര്‍ക്കാരിനും ഭരണാനുകൂല സംഘടനകള്‍ക്കും തിരിച്ചടിയാവുകയും ചെയ്തു.

ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍

അജിത്ത്. ജി.ആര്‍.

അരുണ്‍. ആര്‍.

ലിജുഷാന്‍.എസ്.എ

ശോഭന്‍ പ്രസാദ്. വി.പി

സന്തോഷ്.പി.എസ്

കവിത.കെ.എ

ഷേര്‍ളി. ആര്‍

സംഗീത് . എസ്.കെ

മിഥുന്‍.എം.എസ്

ഇന്ദുലേഖ.ആര്‍.എസ്

രഞ്ജിത്ത് 'ജി.ആര്‍