തിരുവനന്തപുരം: ഗുരുവായൂരിനടുത്ത് തൊഴിയൂരിലെ സുനില്‍ എന്ന ആര്‍എസ്എസ് കാര്യവാഹകിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നിരപരാധികളായ നാല് ചെറുപ്പക്കാര്‍ ശിക്ഷിക്കപ്പെട്ട സംഭവം വീണ്ടും ചര്‍ച്ചയാവുകയാണ്. 1994ല്‍ നടന്ന സുനില്‍ വധക്കേസ് മാറ്റി മറിച്ചത് നാല് ചെറുപ്പക്കാരുടെ ജീവിതമായിരുന്നു. മുതുവട്ടൂരുകാരായ വി ജി ബിജു, ആര്‍ വി റഫീഖ്, ഹരിദാസന്‍, ടി എം ബാബുരാജ് എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. തികച്ചും നിരപരാധികളായ ഇവര്‍ പോലീസ് ഫ്രെയിം ചെയ്ത കള്ളക്കേസിലെ ഇരകളാവുകയായിരുന്നു. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനായി പോലീസ് നടത്തിയ മറ്റൊരു ക്രൈമാണ് ഈ നാലുയുവാക്കളുടെ ജീവിതം തകര്‍ത്തത്.

യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പോലീസ് നിരപരാധികളായ യുവാക്കളെ പ്രതികളാക്കി എന്നും പിന്നീട് യഥാര്‍ഥ പ്രതികളിലേക്കുള്ള തെളിവുകള്‍ ലഭിച്ചു എന്നുമൊക്കയാണ് കേസിന്റെ നാള്‍ വഴികളിലെ ഔദ്യോഗിക ഭാഷ്യം. തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ 25 വര്‍ഷത്തിനു ശേഷം യഥാര്‍ഥ പ്രതികളിലൊരാളായ മൊയ്‌നുദ്ദീനെ പിടികൂടിയതോടെയാണ് കേസിലെ മുഖ്യപ്രതിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഈ കേസില്‍ പ്രതികളെന്നു ലോക്കല്‍ പൊലീസ് കണ്ടെത്തിയ നാല് സിപിഎം പ്രവര്‍ത്തകര്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതില്‍ ഹരിദാസന്‍ ക്ഷയം ബാധിച്ച് മരിച്ചു. അവശേഷിക്കുന്ന മൂന്നുപേര്‍, അന്വേഷണോദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കായും നീതിക്കായും 31 വര്‍ഷമായി കാത്തിരിക്കുകയാണ്.


നാടിനെ നടുക്കിയ കൊലപാതകം

1994 ഡിസംബര്‍ നാലിനായിരുന്നു സുനിലിനെ വീട്ടില്‍ കയറി ഒരുസംഘം കൊലപ്പെടുത്തിയത്.ആയുധവുമായെത്തിയവര്‍ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സുനിലിന്റെ സഹോദരന്‍ സുബ്രഹ്‌മണ്യന്റെ കൈ വെട്ടിമാറ്റി. തടയാനെത്തിയ അച്ഛന്‍ കുഞ്ഞുമോനെ അടിച്ചുവീഴ്ത്തി. കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമുവിന്റെ ചെവി മുറിച്ചു. മൂന്ന് സഹോദരിമാരെയും വീട്ടിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പുലര്‍ച്ചെ രണ്ടു മണിയോടടുത്ത് സുബ്രഹ്‌മണ്യന്റേയും സുനിലിന്റേയും ഓലക്കുടിലിന്റെ അടച്ചുറപ്പില്ലാത്ത വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അക്രമികള്‍ കുടുംബാംഗങ്ങളെ തലങ്ങും വിലങ്ങും ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടക്കത്തില്‍ എന്താണ് സംഭവിച്ചത് എന്നതു സംബന്ധിച്ച അന്ധാളിപ്പായിരുന്നു സിനിലിനും കുടുംബത്തിനും. ആക്രമണത്തില്‍ തലയില്‍ എന്തോ ആയുധം പതിച്ചുവെന്ന തോന്നലുണ്ടായപ്പോള്‍ അവിടം തലോടാന്‍ കയ്യുയര്‍ത്തിയപ്പോഴാണ് ഇടതുകൈ നഷ്ടമായിരിക്കുന്നു എന്നു സുബ്രഹ്‌മണ്യന്‍ തിരിച്ചറിയുന്നത്. ഇതിനിടയില്‍ അക്രമികള്‍ സുബ്രഹ്‌മണ്യന്റെ പുറത്ത് കത്തികൊണ്ടു കുത്തുകയും സുബ്രഹ്‌മണ്യന്‍ ബോധരഹിതനാകുകയും ചെയ്തു. രണ്ടാഴ്ചയ്ക്കു ശേഷമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ അദ്ദേഹത്തിനു ബോധം വീണ്ടുകിട്ടിയത്.

ഗുരുവായൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവുകളൊന്നുമില്ലാതെ സി.പി.എം. പ്രവര്‍ത്തകരടക്കം ഒന്‍പതുപേരെ പ്രതിചേര്‍ത്തു. ഇതില്‍ നാലുപേരെ തൃശ്ശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ശിക്ഷയനുഭവിച്ചുകൊണ്ട് പ്രതികള്‍ നല്‍കിയ അപ്പീലില്‍ അന്വേഷണം കുറ്റമറ്റതല്ലെന്ന് കണ്ടെത്തി നാല് പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. രായ്മരയ്ക്കാര്‍ വീട്ടില്‍ റഫീക്ക്, തൈക്കാട് ബാബുരാജ്, വാക്കയില്‍ ബിജി, ഹരിദാസന്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ജംഇയ്യത്തുള്‍ ഇഹ്‌സാനിയ എന്ന സംഘടനയില്‍പ്പെട്ട ഒന്‍പതുപേരാണ് സുനിലിനെ കൊന്നതെന്ന് കണ്ടെത്തി. മൊയ്‌നുദീന്‍, യൂസഫലി, ഉസ്മാന്‍, സുലൈമാന്‍ എന്നിവരെ 2019 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ എല്ലാവരും ജാമ്യത്തിലിറങ്ങി. കൊല്ലപ്പെട്ട തൊഴിയൂര്‍ സുനിലിന്റെ കുടുംബവും ഇപ്പോള്‍ ദുരിതത്തിലാണ്. സംഭവം നടക്കുന്ന കാലത്ത് സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു സുബ്രഹ്‌മണ്യനും സുനിലും. പ്ലംബറായിരുന്നു സുബ്രഹ്‌മണ്യന്‍. മരക്കടയിലായിരുന്നു സുനിലിനു ജോലി. ഇടതുകയ്യുടെ മുട്ടിനു താഴെ ആക്രമണത്തില്‍ നഷ്ടമായ സുബ്രഹ്‌മണ്യന് ഇന്നു കോഴിയും ആടും വളര്‍ത്തലാണ് ഉപജീവനമാര്‍ഗ്ഗം. വെട്ടേറ്റ് കാലിനു സ്വാധീനക്കുറവ് സംഭവിച്ച അമ്മ കുഞ്ഞിമ്മുവും കൂടെയുണ്ട്. പഴയ കുടിലിന്റെ സ്ഥാനത്ത് നിര്‍മ്മിച്ച മണ്‍ഭിത്തികളുള്ള ചോരുന്ന വീട്ടിലാണ് താമസം. കഷ്ടപ്പാടുകള്‍ക്കിടയില്‍ സഹോദരിമാരുടെ കല്യാണവും കഴിഞ്ഞു. സുനിലിന്റെ അച്ഛന്‍ ഒരു വര്‍ഷംമുമ്പ് രോഗബാധിതനായി മരിച്ചു.




പൊലീസ് നടത്തിയ ക്രൈം

തൊഴിയൂര്‍ സുനിലിനെ വെട്ടിക്കൊന്ന തീവ്രവാദസംഘത്തില്‍ ഒന്‍പതുപേരുണ്ടെന്ന് കൃത്യമായി മനസ്സിലാക്കിയാണ് ഗുരുവായൂര്‍ പോലീസ് അതിനുസമാനമായി നിരപരാധികളായ ഒന്‍പതുപേരെ പ്രതിചേര്‍ത്തത്. കേസില്‍ സത്യം തെളിയുമെന്നായതോടെ രേഖകളും തെളിവുകളും നശിപ്പിക്കുകയായിരുന്നു.

ഗുരുവായൂര്‍ പോലീസ് തയ്യാറാക്കി പ്രതിപ്പട്ടിക

ഒന്നാം പ്രതി: വാകയില്‍ വീട്ടില്‍ വി.ജി. ബിജു-ഓട്ടോഡ്രൈവര്‍

രണ്ടാം പ്രതി: രായമരക്കാര്‍ വീട്ടില്‍ ആര്‍.വി. റഫീഖ്, തൊഴിലന്വേഷി

മൂന്നാം പ്രതി: ഷമീര്‍-പ്രതിയെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ല

നാലാം പ്രതി: തൈക്കാടന്‍ ടി.എം. ബാബുരാജന്‍-ബസ് കണ്ടക്ടര്‍

അഞ്ചാം പ്രതി: കല്ലിങ്ങപ്പറമ്പില്‍ തുപ്രാടന്‍ ഹരിദാസന്‍, ഓട്ടോഡ്രൈവര്‍

ആറാം പ്രതി: മത്രംകോട്ടില്‍ സുബ്രഹ്‌മണ്യന്‍, വാര്‍ക്കപ്പണിക്കാരന്‍

ഏഴാം പ്രതി: കരിക്കലകത്ത് വീട്ടില്‍ അബൂബക്കര്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍

എട്ടാം പ്രതി: ആളൂര്‍ വീട്ടില്‍ ജെയിംസ്, ഗുരുവായൂരില്‍ വാഴയിലക്കച്ചവടം

ഒന്‍പതാം പ്രതി: പാലയ്ക്കല്‍ മൂലയ്ക്കല്‍ വീട്ടില്‍ ജയ്സണ്‍, ചുമട്ടുതൊഴിലാളി

കൂടെ, കണ്ടാലറിയാവുന്ന രണ്ടുപേരെയും പ്രതിചേര്‍ത്തു.

സഹായിച്ചവര്‍ പ്രതികളായി

മുതുവട്ടൂരിലെ സുഹൃത്ത് വലയത്തിലുള്ള സിപിഎമ്മിന്റെ തീവ്ര അനുഭാവിയും പ്രവര്‍ത്തകനുമായ ജോയിയെ ഒരു സംഘം ആളുകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന വാര്‍ത്തയറിഞ്ഞ് ആശുപത്രിയില്‍ തേടിയെത്തിയ നാല്‍വര്‍ സംഘമായിരുന്നു പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചത്. ആശുപത്രിവരാന്തയില്‍ ഇവര്‍ ഉറക്കമിളച്ചിരിക്കെ പിറ്റേന്ന് രാവിലെ നാലുമണിയോടെ ഒരു കാറിലും ഒരു ടെമ്പോവാനിലുമായി അഞ്ചാറുപേരെ, ശരീരമാസകലം വെട്ടേറ്റ് ചോരയൊലിക്കുന്നനിലയില്‍ ആശുപത്രിയിലെത്തിച്ചു. അവരെ വാഹനങ്ങളില്‍നിന്നിറക്കാനും ആശുപത്രിയിലെ കിടക്കയിലേക്ക് മാറ്റാനും മുതുവട്ടൂര്‍ കൂട്ടുകാര്‍ മുന്‍കൈയെടുത്തു.

തൊഴിയൂരിലെ ആര്‍എസ്എസ് കാര്യവാഹകായ സുനിലിനും കുടുംബാംഗങ്ങള്‍ക്കുമാണ് വെട്ടേറ്റത്. സുനില്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചു. സഹോദരന്‍ സുബ്രഹ്‌മണ്യന്റെ ഇടതുകൈ വെട്ടേറ്റ് അറ്റുപോയത് വേറെ എടുത്തുകൊണ്ടുവരുകയായിരുന്നു. സുനിലിന്റെ അച്ഛന്‍, അമ്മ, പെങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും വെട്ടേറ്റിരുന്നു. പരിക്കേറ്റവരെ വാഹനങ്ങളില്‍ ആശുപത്രിയിലെത്തിച്ചത് പ്രാദേശിക ആര്‍എസ്എസ്-ബിജെപി നേതാക്കളായിരുന്നു. അവര്‍ക്ക് ഈ മുതുവട്ടൂര്‍ കൂട്ടുകാരുമായി പരിചയമുണ്ടായിരുന്നു. അവര്‍ അവിടെവെച്ച് പരസ്പരം സംസാരിച്ചു. കാര്യങ്ങള്‍ തിരക്കി. സങ്കടം പങ്കിട്ടു.

മുതുവട്ടൂര്‍സംഘം നാട്ടിലേക്കുമടങ്ങി. വൈകീട്ട്, ഇവരില്‍ നാലുപേര്‍ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെടാനൊരുങ്ങവേ, അജ്ഞാതനായ ഒരു വ്യക്തി അവരുടെ മുന്നിലെത്തി. അയാള്‍ പറഞ്ഞു: 'തൊഴിയൂരിലെ സുനിലിനെ വെട്ടിക്കൊന്നത് നിങ്ങളാണെന്ന് പറഞ്ഞ് പോലീസ് നിങ്ങളെ പിടികൂടാനൊരുങ്ങുകയാണ്. ജോയിയെ ആര്‍എസ്എസുകാര്‍ വെട്ടിയതിന് പകരമായി നിങ്ങളാണ് സുനിലിനെ വെട്ടിയതെന്നാണ് പോലീസ് പറയുന്നത്. ജയ്സണെയും ജെയിംസിനെയും പോലീസ് പിടിച്ചു. അതുകൊണ്ട് ഉചിതംപോലെ ചെയ്യുക.'

സിപിഎം അംഗത്വമുള്ള ബിജുവും ബാബുരാജും പാര്‍ട്ടിയുടെ സഹായംതേടിയെങ്കിലും മറുപടി ഇങ്ങനെയായിരുന്നു

-'കൊലയ്ക്ക് പകരം കൊല എന്നത് പാര്‍ട്ടി നയം അല്ല. നിങ്ങളുടെ പ്രവൃത്തി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. അതിനാല്‍ സഹായിക്കാന്‍പറ്റില്ല.'

ഒളിവില്‍പ്പോകുകയായിരുന്നു ഏകവഴി. ബിജു, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവര്‍ കൂലിപ്പണിക്കാരായി ചമഞ്ഞ് തൃത്താലയ്ക്കടുത്ത് കൂടല്ലൂരില്‍ വാടകവീട്ടില്‍ ഒളിവില്‍ താമസിച്ചു. കൈയില്‍ പണമില്ല. പട്ടിണിയും സങ്കടങ്ങളുമായി രണ്ടുമാസം കഴിഞ്ഞു. അബൂബക്കറും സുബ്രഹ്‌മണ്യനും എറണാകുളത്താണ് ഒളിവിലുള്ളത്. ഷമീര്‍ എവിടേക്കോ പോയി.

സഹായിക്കാനെത്തിയ കുഞ്ഞൂട്ടി

എട്ടുപേരും ഒളിവില്‍പ്പോയതോടെ പോലീസ് നരനായാട്ട് തുടങ്ങി. രാപകലില്ലാതെ എട്ടുപേരുടെയും വീടുകളിലും ബന്ധുവീടുകളിലും കയറിയിറങ്ങി. സ്ത്രീകളെ പുലഭ്യം പറഞ്ഞു. പുരുഷന്‍മാരെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വൈകീട്ടുവരെ അവിടെനിര്‍ത്തി ശിക്ഷിച്ചു. പ്രതികളെ ആരെങ്കിലും സഹായിച്ചാല്‍ അവരെ, കണ്ടാലറിയാവുന്ന രണ്ടു പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. കൂടല്ലൂരിലെ ഒളിവുജീവിതം രണ്ടുമാസം പൂര്‍ത്തിയാകവേ, അവിടേക്ക് പരിചിതനായ ഒരാളെത്തി. ഒളിവില്‍ക്കഴിയുന്ന നാലുപേര്‍ക്കും കേട്ടുപരിചയമുള്ള കുഞ്ഞൂട്ടിയായിരുന്നു അത്.

കുഞ്ഞൂട്ടി പറഞ്ഞു: 'നിങ്ങളെ സഹായിക്കാന്‍വന്നതാണ് ഞാന്‍. കേസിന്റെ കാര്യം പോലീസുകാരുമായി സംസാരിച്ചു. 50,000 രൂപ കൊടുത്താല്‍ ഒന്‍പതുപേരെയും കേസില്‍നിന്ന് ഒഴിവാക്കാമെന്നാണ് പോലീസ് ഉറപ്പുതന്നിരിക്കുന്നത്. പണം കൊടുത്തുകഴിഞ്ഞാല്‍ നിങ്ങള്‍ പോലീസില്‍ കീഴടങ്ങണം. അവര്‍ ഒന്നോ രണ്ടോ ദിവസം ചോദ്യംചെയ്യുന്നതായി ഭാവിക്കും. പിന്നീട് നിങ്ങള്‍ കുറ്റക്കാരല്ലെന്നുപറഞ്ഞ് വിട്ടയക്കും.'

പ്രതികളുടെ വീട്ടുകാര്‍ചേര്‍ന്ന് കുഞ്ഞൂട്ടിക്ക് പണംനല്‍കി. ഷമീര്‍ ഒഴികെ ആറ് പ്രതികളും ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എല്ലാവരെയും അടിവസ്ത്രംമാത്രം ധരിപ്പിച്ച് പോലീസ് നിരത്തിനിര്‍ത്തി. അവിടേക്കെത്തിയ കുഞ്ഞൂട്ടി പ്രതികളെ നോക്കി കണ്ണിറുക്കി. പോലീസിനെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു.

പോലീസ് പറഞ്ഞു: 'നന്ദിയുണ്ട് കുഞ്ഞൂട്ടി. കിട്ടിയത് മുഴുവന്‍ കുഞ്ഞൂട്ടി എടുത്തോ, ഈ സഹായത്തിനുള്ള പ്രതിഫലം' തുടര്‍ച്ചയായ 11 നാള്‍ ഏഴുപേരും നേരിട്ടത് ക്രൂരമര്‍ദനം. കുളിക്കാനോ പ്രാഥമികകാര്യങ്ങള്‍ നിറവേറ്റാനോപോലും അനുവദിച്ചില്ല. ആവശ്യത്തിന് ഭക്ഷണവും നല്‍കിയില്ല. പന്ത്രണ്ടാം നാള്‍ ചാവക്കാട് കോടതിയില്‍ ഹാജരാക്കി. മൂന്നുമാസം ചാവക്കാട് സബ്ജയിലില്‍ ഏഴുപേരും റിമാന്‍ഡ് തടവുകാരായി കഴിഞ്ഞു. അവിടെ ജയ്സണും ഉണ്ടായിരുന്നു.

കെ ജി മാരാരുടെ പരസ്യ പ്രസ്താവന

ജാമ്യംകിട്ടി പുറത്തിറങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ഭീതിയായിരുന്നു. കാര്യവാഹകിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളോട് ആര്‍എസ്എസുകാര്‍ പകപോക്കുമോയെന്ന പേടിയായിരുന്നു. പക്ഷേ, അപ്രതീക്ഷിതസംഭവങ്ങള്‍ ഉണ്ടായി. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ.ജി. മാരാര്‍ പ്രതികള്‍ക്ക് അനുകൂല പരസ്യപ്രസംഗവും പ്രസ്താവനകളുമായി രംഗത്തെത്തി. തൊഴിയൂര്‍ സുനിലിനെ വധിച്ച കേസിലെ യഥാര്‍ഥപ്രതികളയല്ല പോലീസ് പിടിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപി നേതാവായ പി.എസ്. ശ്രീധരന്‍പിള്ളയും ഈ നിലപാട് തുടര്‍ന്നു. അതോടെ സിപിഎമ്മും പ്രതികള്‍ക്ക് പരോക്ഷ പിന്തുണനല്‍കി.

സിപിഎം-ആര്‍എസ്എസ് പകപോക്കല്‍ എന്ന് പോലീസ് മുദ്രകുത്തിയ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍, ജെയിംസ്, അബൂബക്കര്‍ എന്നീ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രതികളാക്കി. അതിന് കാരണമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഭരണമായിരുന്നു അപ്പോള്‍. തിരുത്തല്‍വാദിയായിരുന്ന ജെയിംസ്, പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗത്തിനിടെ കൂവിവിളിച്ചതിന് നേതാവിന്റെ നോട്ടപ്പുള്ളിയായി. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ മുന്നേറുന്ന അബൂബക്കര്‍ ഇതേ ഇടപാടുകാരനായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവിന് തലവേദനയുമായി. കോണ്‍ഗ്രസ് നേതാക്കള്‍ക്കുവേണ്ടി ഇവരെയും ബലിയാടാക്കി.

1997 മാര്‍ച്ച് 27-ന് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി, തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ശിക്ഷവിധിച്ചു. ബിജു, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവരെ ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപവീതം പിഴയൊടുക്കാനും ശിക്ഷിച്ചു. മറ്റ് നാലുപേരെ കുറ്റവിമുക്തരാക്കി. ഷമീര്‍ പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞു. വലിയ ഫീസ് വാങ്ങി വക്കാലത്തെടുത്ത പ്രഗല്ഭ അഭിഭാഷകന്‍പോലും പോലീസിനെ സഹായിക്കുംവിധം വാദിച്ചതുകണ്ട് പ്രതികള്‍ അമ്പരന്നു. പ്രതികളായ നാലുപേര്‍ സുനിലിന്റെ വീട്ടിലേക്ക് തിളങ്ങുന്ന വാളുമായി പോകുന്നത് നിലാവെളിച്ചത്തില്‍ കണ്ടെന്നായിരുന്നു സാക്ഷിമൊഴിയും പോലീസിന്റെ വാദവും. സംഭവം നടന്ന ദിവസം അമാവാസിയായിരുന്നെന്നുപോലും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചില്ല. ശിക്ഷവിധിച്ചതില്‍ പ്രതിഷേധിച്ച് അന്ന് ചാവക്കാട്ടെ ജനത ഹര്‍ത്താലാചരിച്ചു. ആരും ആഹ്വാനംചെയ്യാത്ത ഹര്‍ത്താല്‍. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം.

നാലുകുറ്റവാളികളും രണ്ടുദിവസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പിന്നീട് ആറുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. പിന്നീട് ജാമ്യത്തിലിറങ്ങി. ഹൈക്കോടതിയില്‍ പോകാന്‍ പണമില്ല. എങ്കിലും പ്രതീക്ഷയോടെ പല അഭിഭാഷകരെ സമീപിച്ചു. ചിലര്‍ നിരുത്സാഹപ്പെടുത്തി. മറ്റു ചിലര്‍ വന്‍തുക ഫീസായി ആവശ്യപ്പെട്ടു. വധക്കേസില്‍ കുറ്റവാളിയായതോടെ ബിജുവിന്റെ വിവാഹം മുടങ്ങി. ബാബുരാജിന്റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചതില്‍നിന്ന് വരന്റെ വീട്ടുകാര്‍ പിന്മാറി. അതോടെ അമ്മ ഹൃദയാഘാതംവന്ന് കിടപ്പിലായി. പോലീസിന്റെ ക്രൂരമര്‍ദനമേറ്റ ഹരിദാസന്‍ കടുത്ത ക്ഷയരോഗിയായി. മകനെ ശിക്ഷിച്ചതറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലെത്തിയ റഫീഖിന്റെ പിതാവ് മുഹമ്മദാലിക്ക് ജോലി നഷ്ടപ്പെട്ടു.

നിരപരാധിത്വം തെളിയിച്ച് കുഞ്ഞിരാമമേനോന്‍

ഫീസ് കുറവുള്ള അഭിഭാഷകരെ തേടിയുള്ള നാല്‍വര്‍സംഘത്തിന്റെ യാത്ര എറണാകുളത്തെത്തി. അവിടെയുണ്ടായിരുന്ന ഹൃദിക് വക്കീലാണ് (പ്രശസ്ത കഥാകൃത്ത് സി.വി. ശ്രീരാമന്റെ മകന്‍) കോഴിക്കോട്ടെ കുഞ്ഞിരാമമേനോനെ കാണാന്‍ പറഞ്ഞയച്ചത്. അദ്ദേഹം കോടതിയില്‍ അപ്പീല്‍നല്‍കി വാദംതുടര്‍ന്നു. 1998 ജൂലായ് 29 -വാദികളായ നാലുപേരെയും കുഞ്ഞിരാമമേനോന്‍ എറണാകുളത്തേക്ക് വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു: 'കേസില്‍ വാദം പൂര്‍ത്തിയായി. നിങ്ങള്‍ക്ക് നീതിലഭിക്കും. അത് എന്റെ ഉറപ്പ്. ഞാന്‍ ഇന്ന് നാട്ടിലേക്കുമടങ്ങുന്നു.'

അന്ന് നാട്ടിലേക്കുമടങ്ങിയ കുഞ്ഞിരാമമേനോന്‍ പിറ്റേദിവസം ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയിലായി. പന്ത്രണ്ടാംനാള്‍ മരിച്ചു. അവസാനവാദത്തിന്റെ വിധിവരും മുന്‍പേ, 1998 ഓഗസ്റ്റ് പത്തിനായിരുന്നു കുഞ്ഞിരാമമേനോന്റെ മരണം. ക്ഷയരോഗം മൂര്‍ച്ഛിച്ച്, വാദിയായ ഹരിദാസനും ഹൈക്കോടതി വിധി വരുംമുന്നേ മരണത്തിന് കീഴടങ്ങി. ഒളിവില്‍ക്കഴിഞ്ഞിരുന്ന ഷമീര്‍ അതിനിടെ വധിക്കപ്പെട്ടു.




നല്ലപ്രായത്തില്‍ ജയിലില്‍

മുതുവട്ടൂര്‍ വാകയില്‍ ഗോപിയുടെ മകന്‍ ബിജി, തൈക്കാട് വീട്ടില്‍ മാധവന്റെ മകന്‍ ബാബുരാജ്, മുതുവട്ടൂര്‍ രായംമരയ്ക്കാര്‍ വീട്ടില്‍ റഫീഖ്, കല്ലിങ്ങല്‍ പറമ്പില്‍ ഹരിദാസന്‍ എന്നിവരെയാണ് സുനില്‍ വധക്കേസില്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. സംഭവം നടക്കുമ്പോള്‍ 20-നും 25-നും ഇടയ്ക്ക് പ്രായമുള്ള യുവാക്കള്‍. നാലുപേരും സി.പി.ഐ.എമ്മിന്റെ അനുഭാവികളോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു അക്കാലത്ത്. അന്നത്തെ കേരളത്തില്‍ ആ രാഷ്ട്രീയകക്ഷിയുടെ കൂടെ നില്‍ക്കുകയും നിര്‍ഭയമായി നിലപാടുകള്‍ പ്രകടിപ്പിക്കുകയും പാര്‍ട്ടിയേയും പലതലങ്ങളിലുള്ള നേതൃത്വങ്ങളേയും തിരുത്തുകയും ചെയ്തുപോന്ന വലിയൊരു വിഭാഗം യുവാക്കളുടെ പ്രതിനിധികളായി കണക്കാക്കപ്പെടേണ്ടവര്‍. അന്നു പ്രതികളാക്കപ്പെട്ട രണ്ടുപേര്‍-ബാബുരാജും ബിജിയും ഇന്ന് ആ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിലുണ്ട്. അന്ന് സി.പി.ഐ.എം പ്രവര്‍ത്തകരായ ഇവര്‍ക്കു പുറമേ കോണ്‍ഗ്രസ്സിലെ തിരുത്തല്‍വാദികളായ ജയ്‌സണ്‍, ജയിംസ് എന്നിവരും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരല്ലാതിരുന്ന ഷെമീര്‍, അബൂബക്കര്‍, സുബ്രഹ്‌മണ്യന്‍ എന്നിവരും സുനില്‍ വധക്കേസില്‍ പ്രതികളായിരുന്നു. എന്നാല്‍, തൃശൂര്‍ സെഷന്‍സ് കോടതി ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവരെയാണ് ഈ കേസില്‍ വിവിധ വകുപ്പുകളില്‍ ജീവപര്യന്തം ശിക്ഷിച്ചത്.

യഥാര്‍ഥപ്രതികളിലേക്ക്

കേസന്വേഷണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു. രേഖകളെല്ലാം നഷ്ടപ്പെട്ടെന്ന മറുപടിയാണ് ഗുരുവായൂര്‍ പോലീസ് നല്‍കിയത്. തൊഴിയൂര്‍ സുനില്‍ വധക്കേസിലെ എല്ലാ രേഖകളും തെളിവുകളും അന്വേഷണസംഘം നശിപ്പിച്ചിരുന്നു. ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ, തീരദേശം കേന്ദ്രീകരിച്ച് തീവ്രവാദസംഘടനകള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച കേരള സിബിസിഐഡി സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സുനില്‍വധക്കേസിലെ യഥാര്‍ഥപ്രതികള്‍ വിദേശത്തേക്കുകടന്നെന്നും ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളാണെന്നുമായിരുന്നു 1997-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

1998 സെപ്റ്റംബര്‍ 15-ന് ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് വിധിപറഞ്ഞു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നാലുപേരെയും കോടതി കുറ്റവിമുക്തരാക്കി. കൊലപാതകത്തിന് പിന്നിലുള്ള തീവ്രവാദസംഘടനകളുടെ ബന്ധത്തെപ്പറ്റി വിശദമായ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ജീവപര്യന്തം തടവില്‍നിന്ന് മോചിതനായ റഫീക്, ഹൈക്കോടതിയുടെ വിധി വന്ന് 15-ാം നാള്‍, 1998 സെപ്റ്റംബര്‍ 30-ന്, പ്രണയിനിയായ ഷാജിതയെ ജീവിതസഖിയാക്കി.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേകസംഘം തീവ്രവാദപ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷണം വ്യാപിപ്പിച്ചു. വലപ്പാട് കോതകുളത്തെ അന്വേഷണസംഘത്തിന്റെ ക്യാമ്പിലുള്ള ഉദ്യോഗസ്ഥര്‍ ഇസഹാക് എന്നയാളെ സംശയാസ്പദമായി പിടികൂടി. ഇയാളുടെ കൈയിലുണ്ടായ മുറിവിനെപ്പറ്റി അന്വേഷിച്ചു. ഈ അന്വേഷണമെത്തിയത് തൊഴിയൂര്‍ സുനില്‍ വധക്കേസിന്റെ തെളിവിലേക്കാണ്. തൊഴിയൂര്‍ സുനിലിനെയും കുടുംബത്തെയും വെട്ടിയത് അമാവാസിനാളിലാണ്. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജം ഇയ്യത്തുല്‍ ഇഹ്സാനിയ എന്ന തീവ്രവാദസംഘടനയിലെ ഒന്‍പതുപേര്‍ ചേര്‍ന്നാണ് വെട്ടിയത്. വെട്ടുന്നതിനിടെ അക്രമിസംഘത്തില്‍ ഒരാളുടെ വെട്ട് മാറിക്കൊണ്ടതാണ് ഈ മുറിവുപാടെന്ന് കണ്ടെത്തി. അതോടെ അന്വേഷണത്തിന് തുമ്പ് തെളിഞ്ഞു. യഥാര്‍ഥകുറ്റവാളികള്‍ വേറെയാണെന്ന് മനസ്സിലായതോടെ സുനിലിന്റെ വീട്ടുകാര്‍ തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് അനുകൂലമായി.

സുനിലിന്റെ വീട്ടുകാരും തെറ്റായി ശിക്ഷിക്കപ്പെട്ട നാലുപേരും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. സുനില്‍ ഉള്‍പ്പടെയുള്ള എല്ലാ മത-രാഷ്ട്രീയ വധക്കേസുകളും അതിനുപിന്നിലെ തീവ്രവാദബന്ധവും അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ഇത് മുഖ്യമന്ത്രി അംഗീകരിച്ച്, കേസുകള്‍ വീണ്ടും അന്വേഷിക്കുന്നതിന് 2017 സെപ്റ്റംബര്‍ 25-ന് ഉത്തരവിറക്കി. അതിനായി പ്രത്യേകസംഘത്തെയുണ്ടാക്കി. അവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ജം ഇയ്യത്തുല്‍ ഇഹ്സാനിയ എന്ന തീവ്രവാദസംഘടനയിലെ ഒന്‍പതുപേര്‍ ചേര്‍ന്ന് ആറുപേരെ കൊലപ്പെടുത്തിയെന്നാണ്. കൊല്ലപ്പെട്ട ആറുപേരും അയോധ്യയിലെ കാര്‍സേവയില്‍ പങ്കെടുത്തവരായിരുന്നു. തീവ്രവാദസംഘടനയിലെ അഞ്ചുപേരെ അന്വേഷണസംഘം അറസ്റ്റുചെയ്തു.




മുഖ്യപ്രതി രാജ്യം വിട്ടു?

ആര്‍എസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സെയ്തലവി അന്‍വരി രാജ്യംവിട്ടത് പാസ്‌പോര്‍ട്ടില്‍ ഫോട്ടോ വെട്ടിയൊട്ടിച്ചാണെന്നു വിവരം. മംഗലാപുരം സ്വദേശി ഷേഖ് അബ്ബ എന്നയാളുടെ പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തി ഫോട്ടോ മാത്രം വെട്ടിയൊട്ടിച്ച് ദുബായിലേക്കു കടന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. 22 വര്‍ഷമായി ലുക്ക്ഔട്ട് നോട്ടീസ് നിലവിലുണ്ടെങ്കിലും ഇയാളെക്കുറിച്ചു വിവരമൊന്നുമില്ല. സിറിയയിലെത്തിയെന്ന വിവരത്തിനും സ്ഥിരീകരണമില്ല.

ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ജംഇയ്യത്തുല്‍ ഇസ്ഹാനിയ എന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയാണ് കൃത്യത്തിനു പിന്നിലെന്നു പിന്നീട് കണ്ടെത്തി. സെയ്തലവിയടക്കം ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജീവപര്യന്തം ശിക്ഷിച്ച കേസാണ് പുനരന്വേഷിച്ചതോടെയാണ് യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങിയത്. മലപ്പുറത്ത് ആര്‍എസ്എസുകാരനായ മറ്റൊരാള്‍ കൊല്ലപ്പെട്ട കേസിലും ഇവര്‍ പ്രതികളാണെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിന് വിവരം ലഭിച്ചു.

1992-96 കാലത്ത് പാലക്കാട്, മലപ്പുറം, മേഖലകളിലെ സിനിമാ തിയറ്ററുകള്‍ കത്തിക്കുക, കള്ള്ഷാപ്പുകള്‍ തകര്‍ക്കുക, നോമ്പ്കാലത്ത് തുറക്കുന്ന ഹോട്ടലുകള്‍ ആക്രമിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. 1995ല്‍ വാടാനപ്പള്ളി രാജീവ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച മൊയ്‌നുദീന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലിറങ്ങി. ഗള്‍ഫിലേക്ക് കടന്നെങ്കിലും 1997ല്‍ കോടതിയില്‍ കീഴടങ്ങി. രാജീവ് വധക്കേസില്‍ പ്രതിയായ യൂസഫലിയും ഗള്‍ഫിലേക്ക് കടന്നു. 2018ല്‍ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റിലായി. പിന്നീട് ജാമ്യത്തിലിറങ്ങി.

തീരാത്ത നിയമ പോരാട്ടം

ജീവപര്യന്തം തടവുശിക്ഷ കിട്ടിയവരില്‍ അവശേഷിക്കുന്ന മൂന്നുപേര്‍ ചേര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇവിടെയും സഹായിയായി ഒരു അഭിഭാഷകനെത്തി. മുന്‍പ് പരിചയമില്ലാത്ത ഷൈജന്‍ സി. ജോര്‍ജ്. ഫീസ് വാങ്ങാതെയാണ് അദ്ദേഹം കേസ് വാദിച്ചത്. അഞ്ചുവര്‍ഷത്തിനുശേഷം ഇവര്‍ക്ക് 2025 മാര്‍ച്ച് 20-ന് അനുകൂലവിധി കിട്ടി. തെറ്റായി ശിക്ഷിക്കപ്പെട്ടതിന് കൃത്യമായ നഷ്ടപരിഹാരം നല്‍കാനായിരുന്നു വിധി. ഇവിടംകൊണ്ട് ഇവര്‍ പോരാട്ടം അവസാനിപ്പിക്കുന്നില്ല. കള്ളക്കേസിനും അറസ്റ്റിനും ചോദ്യംചെയ്യലിനും തടവുശിക്ഷയ്ക്കും 31 വര്‍ഷം തികയുകയാണിപ്പോള്‍. ഇതിനുള്ള നഷ്ടപരിഹാരം സര്‍ക്കാരല്ല, കള്ളക്കേസില്‍ കുടുക്കിയ പോലീസുകാരില്‍നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ഈ മൂവര്‍സംഘം.