കൊച്ചി: പെരുമ്പാവൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. പെരുമ്പാവൂര്‍ കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതി (31) ആണ് ജീവനൊടുക്കിയത്. ആതിരയുടെ ഫോണില്‍ നിന്ന് ലോണ്‍ ആപ്പ് മെസ്സേജുകള്‍ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാര്‍ യുവതി ഭീഷണിപ്പെടുത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.

നഗ്‌ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും എന്നായിരുന്നു ഭീഷണി. അങ്ങനെ ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി മറുപടി നല്‍കിയതായും പൊലീസ് കണ്ടെത്തി. ഫോണ്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഭീഷണി സന്ദേശം എത്തിയത് പാകിസ്ഥാന്‍ നമ്പറില്‍ നിന്നെന്നാണെന്ന് പൊലീസ് പറയുന്നു. നഗ്‌നദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്നും ലോണ്‍ ആപ്പ് സംഘം ഭീഷണി മുഴക്കി.

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി 6500 രൂപയാണ് യുവതി ലോണ്‍ എടുത്തിരുന്നത്. കുറച്ചു തുക തിരികെ അടച്ചു. വീണ്ടും പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ആരതിയെ (30) ഇന്നലെ ഉച്ചയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെയും ഭര്‍ത്താവിന്റെയും ഫോണിലേക്ക് നഗ്‌ന ഫോട്ടോകള്‍ അയച്ചു നല്‍കുമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ലോണ്‍ ദാദാക്കള്‍ ഭീഷണി മുഴക്കിയതായി ബന്ധുക്കളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ആരതിയുടെ ഫോണില്‍ നിന്നും ലോണ്‍ ആപ്പുകാരുടെ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു. ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. യുവതിയുടെ ഭര്‍ത്താവ് അനീഷ് രണ്ടു മാസം മുന്‍പാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ആരതിയെ കണ്ടെത്തിയത്.