- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടമുണ്ടായത് പാര്‍ട്ടി കുടുംബത്തിന്; കോടതിയും മന്ത്രിയും ഇടപെട്ടിട്ടും രക്ഷയില്ല; ഒരു ജീവന്‍ പൊലിഞ്ഞപ്പോള്‍ മിന്നല്‍ വേഗത്തില്‍ സര്‍ക്കാര്‍ നടപടി; അത്തിക്കയത്തെ ഷിജോയുടെ ആത്മഹത്യ: മൂന്നു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍; പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ; തമ്പ്രാന് കനിഞ്ഞാലും കനിയാത്ത എമ്പ്രാന്മാര് പുറത്തേക്ക്
തമ്പ്രാന് കനിഞ്ഞാലും കനിയാത്ത എമ്പ്രാന്മാര് പുറത്തേക്ക്
പത്തനംതിട്ട: അത്തിക്കയത്ത് അധ്യാപികയ്ക്ക് ശമ്പളക്കുടിശിക ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു. പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്റെ ഭര്‍ത്താവ് വി.ടി. ഷിജോ(47) ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി.
വിദ്യാഭ്യാസ ഡയറക്ടറുടെ അടിയന്തിര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പി.എ. എന്‍.ജി. അനില്‍കുമാര്‍, സൂപ്രണ്ട് എസ്. ഫിറോസ്, സെക്ഷന്‍ ക്ലാര്‍ക്ക് ആര്‍. ബിനി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്‌കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. മൂന്നിന് വൈകിട്ട് മൂന്നിനാണ് വീടിന് സമീപം മൂങ്ങാംപാറ വനമേഖലയില്‍ ഷിജോയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലേഖയുടെ 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തുടര്‍നടപടി എടുത്തില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മകന്റെ ഉന്നത വിദ്യാഭ്യാസം മുടങ്ങുമെന്ന അവസ്ഥയിലാണ് ഷിജോ ജീവനൊടുക്കിയതെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 നാണ് ലേഖയുടെ നിയമനം ഉപാധികളോടെ അംഗീകരിച്ചു കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മൂന്ന് മാസത്തിനള്ളില്‍ വിതരണം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കോടതി വിധി പരിശോധിച്ച് ചട്ടപ്രകാരം നടപടി സ്വീകരിക്കുന്നതിന് കഴിഞ്ഞ ജനുവരി 17 സര്‍ക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെട്ടു.
ജനുവരി 31 ന് ഇതു സംബന്ധിച്ച് സ്‌കൂള്‍ പ്രധാനാധ്യാപികയ്ക്ക് നിര്‍ദേശം നല്‍കിയതിന് ശേഷം ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില്‍ മറ്റ് തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കി, സ്പാര്‍ക്ക് ഓതന്റിക്കേഷന് സ്‌കൂള്‍ പ്രധാനാധ്യാപിക നല്‍കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ വച്ചു താമസിപ്പിച്ചു എന്നിവയാണ് ഉദ്യോഗസ്ഥരുടെ വീഴ്ചയായി സസ്പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും ആത്മഹത്യയിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പ് ആത്മഹത്യാ വകുപ്പായി മാറിയെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമിതി ആരോപിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൃത്യമായി രേഖകള്‍ തയ്യാറാക്കി നല്‍കി വര്‍ഷങ്ങള്‍ കാത്തിരുന്നാലും നിയമനാംഗീകാരവും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെയും അധ്യാപകരെയും ആശ്രിതരെയും ആത്മഹത്യയിലേക്ക് തള്ളി വിടുകയാണ്. കടുത്ത ഇടതുപക്ഷ വിശ്വാസി ആയിരുന്നിട്ടും 13 വര്‍ഷമായി നിയമനാംഗീകാരം ലഭിക്കാതെ പോയ അധ്യാപിക, സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കില്ല എന്ന തിരിച്ചറിവിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവുണ്ടായിട്ടും അത് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തയ്യാറാകാതെ വന്നപ്പോള്‍ പലതവണ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മന്ത്രിയെ സമീപിക്കുക വരെ ചെയ്തു. മന്ത്രി നിര്‍ദേശം നല്‍കിയിട്ടും നിയമനാംഗീകാരം നീട്ടിക്കൊണ്ടു പോവുകയും കുടിശിക നല്‍കാതിരിക്കുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പാണ് റാന്നി നാറാണംമൂഴി ഹൈസ്‌കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്റെ ഭര്‍ത്താവ് വി.ടി. ഷിജോയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
കോടതിയുടെ കര്‍ശനമായ ഇടപെടലിനെ തുടര്‍ന്ന് നിയമനാംഗീകാരം നല്‍കിയെങ്കിലും 2025 ഫെബ്രുവരി മുതലുള്ള ശമ്പളം മാത്രമാണ് മാറി നല്‍കിയത്. 2012 ജൂലൈ മുതല്‍ 2025 ജനുവരി വരെയുള്ള ദീര്‍ഘകാലത്തെ ശമ്പള കുടിശികയ്ക്കായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും അത്
അനുവദിക്കാത്തതിനെ തുടര്‍ന്ന് മകന്റെ വിദ്യാഭ്യാസത്തിന് പണമില്ലാതെ അധ്യാപികയുടെ ഭര്‍ത്താവിന് ആത്മഹത്യ ചെയ്യേണ്ടി വന്നത് പൊതുവിദ്യാഭ്യാസ വകുപ്പിന് മാത്രമല്ല സാക്ഷര കേരളത്തിനാകെ അപമാനമാണ്. 2012 ല്‍ ഒരധ്യാപകന്‍ മറ്റൊരു സര്‍ക്കാര്‍ ജോലി ലഭിച്ച് രാജി വച്ച് പോയതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ നിയമിതയായ അധ്യാപികയാണ് ലേഖ രവീന്ദ്രന്‍.
എന്നിട്ടും ഇല്ലാത്ത തടസവാദങ്ങള്‍ ഉന്നയിച്ച് ഒരു ജീവന്‍ ബലി കൊടുത്ത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. വ്യവസ്ഥാപിതമായ ഒഴിവുകള്‍ ഭിന്നശേഷിക്കായി നീക്കി വെച്ചിട്ടും ചുവപ്പുനാടയില്‍ കുടുങ്ങി നിയമനാംഗീകാരത്തിനായി കാത്തുനില്‍ക്കുന്ന ആയിരക്കണക്കിന് അധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളി വിടാതെ മാനദണ്ഡം പാലിച്ചിട്ടുള്ള മുഴുവന്‍ നിയമനങ്ങള്‍ക്കും അടിയന്തരമായി അംഗീകാരവും ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുകയും ചെയ്യണമെന്ന് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.
അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പി.കെ.അരവിന്ദന്‍, ട്രഷറര്‍ അനില്‍ വട്ടപ്പാറ, ബി. സുനില്‍കുമാര്‍, എന്‍. രാജ്മോഹന്‍, ബി. ബിജു, അനില്‍ വെഞ്ഞാറമൂട്, ടി.യു.സാദത്ത്, പി.എസ്.ഗിരീഷ് കുമാര്‍, സാജു ജോര്‍ജ്, ജി.കെ. ഗിരീഷ്, എം.കെ.അരുണ, ജോണ്‍ ബോസ്‌കോ, പി.എസ്.മനോജ്, പി. വിനോദ് കുമാര്‍, പി.എം.നാസര്‍, പി.പി.ഹരിലാല്‍, പി.എം.ശ്രീജിത്ത്, സി.വി.സന്ധ്യ, ടി.ആബിദ്, ആര്‍ തനുജ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിരമിച്ച് രണ്ടുമാസം പിന്നിട്ടിട്ടും പകരം നിയമനം നടത്താത്തത് വകുപ്പിലെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും ഇത് കുത്തഴിഞ്ഞ ഓഫീസ് പ്രവര്‍ത്തനത്തെ കൂടുതല്‍ അവതാളത്തിലാക്കിയെന്നും ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോര്‍ജ്, സെക്രട്ടറി വി.ജി കിഷോര്‍ എന്നിവര്‍ പറഞ്ഞു.