ലണ്ടന്‍: ലോകം ചുറ്റാന്‍ ആഡംബര നൗകയില്‍ ഇറങ്ങിത്തിരിച്ചവര്‍ കഴിഞ്ഞ മൂന്ന് മാസമായി ബെല്‍ഫാസ്റ്റില്‍ കുടുങ്ങിക്കിടക്കുകയാണ്. വില്ല വീ റെസിഡന്‍സസിന്റെ ഓഡിസ്സി എന്ന നൗക നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനത്തുള്ള ക്യൂന്‍സ് ഐലന്‍ഡില്‍ എത്തിയത് ചില അറ്റകുറ്റപ്പണികള്‍ക്കായിരുന്നു. അതുകഴിഞ്ഞ് മെയ് 30 ന് മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന യാത്രയുടെ ആദ്യ പാദം ആരംഭിക്കാനായിരുന്നു പദ്ധതി.

എന്നാല്‍, കപ്പലിന്റെ റഡ്ഡറുകള്‍ക്കും ഗിയര്‍ബോക്സിനുമുള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ യാത്ര മുടങ്ങുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളായി നീളുന്ന പ്രശ്നം കാരണം യാത്രക്കാരില്‍ പലരും ഇപ്പോള്‍ ബെല്‍ഫാസ്റ്റ് നഗരത്തെ തങ്ങളുടെ രണ്ടാമത്തെ ഗൃഹമാക്കി മാറ്റിയിരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് കപ്പലില്‍ സമയം ചെലവഴിക്കാന്‍ അനുവാദമുണ്ട് എന്നാല്‍ സൂര്യന്‍ അസ്തമിക്കുന്നതോടെ അവര്‍ക്കായി ഒരുക്കിയ താമസ സ്ഥലത്തേക്ക് തിരിക്കണം. ഈ യാത്രക്കായി ബസ്സുകള്‍ ഒരുക്കിയിട്ടുമുണ്ട്.

താമസവും ഭക്ഷണവും, സിനിമയും, മറ്റ് വിനോദോപാധികളും എല്ലാം കപ്പല്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. ശരിക്കും ഒരു സമുദ്രയാത്രയുടെ അനുഭവങ്ങള്‍ എല്ലാം ഉണ്ട്, കപ്പലില്‍ അല്ല എന്ന് മാത്രമേയുള്ളു എന്നാണ് ഒരു യാത്രക്കാരന്‍ പറയുന്നത്. കാലാവസ്ഥ മാത്രമാണ് ചിലര്‍ക്കെങ്കിലും അല്പം അലസോരം സൃഷ്ടിക്കുന്നത്. കപ്പലിലെ യാത്രക്കാരോട്, സാധാരണ ഹോട്ടലുകളില്‍ ചെയ്യുന്നത് പോലെ വാടക നല്‍കി താമസിക്കാനല്ല, മറിച്ച് തങ്ങളുടെ ക്യാബിനുകള്‍ വിലയ്ക്ക് വാങ്ങാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

അതുകൊണ്ടു തന്നെ ആദ്യത്തെ മൂന്ന് വര്‍ഷത്തെ യാത്ര കഴിഞ്ഞാലും അവര്‍ക്ക് കപ്പലിലെ തങ്ങളുടെ ക്യാബിനുകളില്‍ താമസിക്കാന്‍ കഴിയും. തനിക്ക് ആകാവുന്നിടത്തോളം കാലം കപ്പലില്‍ തന്നെ താമസിക്കും എന്നാണ് അമേരിക്കയില്‍ നിന്നുള്ള ഒരു യാത്രക്കാരി പറഞ്ഞത്. 99,999 അമേരിക്കന്‍ ഡോളര്‍ മുതല്‍ 8,99,000 ഡോളര്‍ വരെ നല്‍കിയാണ് യാത്രക്കാര്‍ ഇതിലെ ക്യാബിനുകള്‍ വാങ്ങിയിരികുന്നത്.

യാത്രക്കാരുടെ ഉത്കണ്ഠ ശമിപ്പിക്കാന്‍, ചെറിയ ചെറിയ യാത്രകളും മറ്റും സംഘടിപ്പിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. യാത്രക്കാരില്‍ പലരും മൂന്ന് മാസം കൊണ്ട് റോഡുമാര്‍ഗ്ഗം ഇംഗ്ലണ്ടും സ്പെയിനുമൊക്കെ കണ്ടു കഴിഞ്ഞു. അടുത്ത ആഴ്ചയോടെ യാത്ര പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി സി ഇ ഒ മൈക്ക് പെറ്റെഴ്സണ്‍ പറയുന്നു. ആദ്യത്തെ ചെലവ് കുറഞ്ഞ ഹൗസിംഗ് ഷിപ്പാണ് ഒഡീസ്സി എന്നും, എന്തും ആദ്യമായി ചെയ്യുമ്പോള്‍ ചില തടസ്സങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടി9ച്ചേര്‍ത്തു.