തൃശൂർ: കോവിഡ് വ്യാപനവും ലോക്ഡൗണും തീർത്ത ശൂന്യതകൾ മറികടന്ന് തൃശ്ശൂരിൽ വീണ്ടും പുലികളിയാവേശം. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പഴയ മാറ്റോടെ തേക്കിൻകാട് മൈതാനിയെ ആവേശത്തിലാഴ്‌ത്തി പുലികൾ ഇറങ്ങി. പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സെന്റർ, ശക്തൻ പുലിക്കളി സംഘം എന്നീ അഞ്ച് ടീമുകളാണ് ഇക്കുറി ചുവടുവച്ചത്. ഇതിൽ ആദ്യ മൂന്ന് സംഘങ്ങളും എംജി റോഡ് വഴി സ്വരാജ് റൗണ്ടിൽ ഒന്നിച്ചപ്പോൾ വിയ്യൂർ ടീം ബിനി ജംക്ഷൻ വഴിയും ശക്തൻ ടീം എംഒ റോഡ് വഴിയും സ്വരാജ് റൗണ്ടിലെത്തി.

അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റിയൻപതിലേറെ കലാകാരന്മാരാണ് പങ്കെടുത്തത്. വീറും വാശിയും കുറവില്ലാതെ സ്വരാജ് റൗണ്ടിൽ അവർ ചുവടുവച്ചു. വിജയികളെ പുലിക്കളി സമാപനത്തോടെ പ്രഖ്യാപിക്കും. എന്നാൽ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും പങ്കെടുക്കാൻ കഴിയാത്തതിനാൽ സമ്മാനവിതരണച്ചടങ്ങ് മറ്റൊരു ദിവസം സംഘടിപ്പിക്കാനാണ് തീരുമാനം.

തൃശ്ശൂർ പൂരത്തിന് ശേഷം നാടിന്റെ ഏറ്റവും വലിയ ആഘോഷമായ പുലികളിക്ക് സാക്ഷ്യം വഹിക്കാൻ സ്ത്രീകളും കുട്ടികളും അടക്കം വൻ പുരുഷാരമാണ് നഗരത്തിലേക്ക് എത്തിയത്. അഞ്ച് ദേശങ്ങളിൽ നിന്നായി പുറപ്പെട്ട് വരുന്ന 250-ഓളം പുലികളാണ് തേക്കിൻകാട് മൈതാനിക്ക് ചുറ്റും വർണപ്പൂരം തീർത്തത്. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടാവും. നാലു മണിയോടെ മടയിൽ നിന്ന് ഇറങ്ങിയ പുലികൾ സ്വരാജ് റൗണ്ടിൽ ഒന്നിച്ചു. നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ചാണ് പുലിക്കളി തുടങ്ങിയത്.

പൂരം കഴിഞ്ഞാൽ ദേശക്കാരെല്ലാം തേക്കിൻ കാട് മൈതാനം ചുറ്റിവരുന്ന വലിയ ആഘോഷമാണ് പുലിക്കളി. നാലോണനാളായ ഇന്ന് പുലർച്ചെ തന്നെ പുലികളിയുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പുലികളി സംഘങ്ങളുടെ ക്യാംപായ പുലിമടകളിൽ മെയ്യെഴുത്ത് അഞ്ച് മണി മുതൽ ആരംഭിച്ചു. വയറൻ പുലികളും പുള്ളിപ്പുലികളും ഉച്ചയോടെ പുറത്തേക്ക് ഇറങ്ങി. വീക്ക് ചെണ്ടയും ഉരുട്ട് ചെണ്ടയും ഇലത്താളവും അകന്പടിയായി ചുവടുവച്ചിറങ്ങുന്ന പുലിപ്പൂരത്തോടെയാണ് തൃശൂരിന്റെ ഓണം ഉച്ചസ്ഥായിയിലെത്തുന്നത്. പുലിപ്പടയ്ക്ക് അകമ്പടിയായി ദേശങ്ങളുടെ ടാബ്ലോകളുമുണ്ടായിരുന്നു.

നേരത്തെ ഇരുപത്തിയൊന്ന് സംഘങ്ങൾ വരെ പുലിക്കളിക്കുണ്ടായിരുന്നു. ഇക്കുറിയത് അഞ്ചായി ചുരുങ്ങി. സാമ്പത്തിക ഭാരമാണ് എല്ലായിടത്തും തടസ്സം. എങ്കിലും പൂരത്തോളം പുലിക്കളിയെ നെഞ്ചിലേറ്റുന്നവരുടെ ആഘോഷത്തിന് മാറ്റൊട്ടും കുറയില്ല. അയ്യന്തോൾ സംഘം ഇക്കുറി കുതിരപ്പുറത്ത് പുലിയെ ഇറക്കിയിരുന്നു. ഒരു തെയ്യം പുലിയും ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പുലികളിയിൽ എല്ലാവർഷവും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് അയ്യന്തോൾ ദേശം. ആദ്യമായി വനിത പുലിയെ ഇറക്കിയതും ഇവരായിരുന്നു.

എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നടക്കുന്നതിനാൽ പുലിക്കളി ആഘോഷം മാറ്റേണ്ടിവരുമെന്നായിരുന്നു കഴിഞ്ഞദിവസങ്ങളിൽ പറഞ്ഞിരുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള പുലിക്കളിക്ക് ഒരുങ്ങിയിരുന്ന പുലിമടകളിലെ ആവേശം കെടുത്തുന്നതായിരുന്നു ആ തീരുമാനം. എന്നാൽ ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പുലിക്കളി മാറ്റുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് സംഘങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. തുടർന്ന് പുലിക്കളി മാറ്റേണ്ടതില്ലെന്ന് ടൂറിസം വകുപ്പ് അറിയിക്കുകയായിരുന്നു.