തൃശൂര്‍: പൂരം നടത്തിപ്പ് അലങ്കോലമാക്കാന്‍ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുന്‍ മന്ത്രിയും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ വി.എസ്.സുനില്‍കുമാര്‍ രംഗത്ത് എത്തുമ്പോള്‍ വിവാദത്തിന് പുതിയ തലം. പൂരം നടത്തിപ്പില്‍ പൊലീസിന് കൃത്യമായ വീഴ്ച സംഭവിച്ചിട്ടുള്ളതാണെന്നും അക്കാര്യം അന്ന് തന്നെ താന്‍ ഉന്നയിച്ചിരുന്നതാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ അന്ന് തൃശൂരില്‍ ക്യാംപ് ചെയ്തിരുന്ന എഡിജിപി എം.ആര്‍.അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്നു തനിക്ക് അറിയില്ലെന്നും സുനില്‍ കുമാര്‍ അറിയിച്ചു. പക്ഷേ പോലീസ് വീഴ്ച സുനില്‍ കുമാര്‍ ചര്‍ച്ചയാക്കുന്നുമുണ്ട്.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്ന് തന്നെ അന്വേഷണം നടത്തിയിരുന്നു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നതായും സുനില്‍ കുമാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് താന്‍ കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഫലത്തില്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുകയാണ് സുനില്‍ കുമാര്‍.

"പകല്‍പ്പൂരത്തിനെ സംബന്ധിച്ച് അന്ന് ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. എന്നാല്‍ രാത്രി വളരെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പുലര്‍ച്ചെ ആംബുലന്‍സില്‍ വന്നതും ആര്‍എസ്എസ് നേതാക്കള്‍ നാടകീയമായി പ്രത്യക്ഷപ്പെട്ടതും യാദൃച്ഛികമല്ല. പൂരം കലക്കാന്‍ പിന്നില്‍ എല്‍ഡിഎഫാണെന്ന് വരുത്തിതീര്‍ക്കാന്‍ ബിജെപി ആര്‍എസ്എസ് ശ്രമം നടത്തിയെന്നാണ് സുനില്‍കുമാറിന്റെ അരോപണം. ഇത് ചെന്നു കൊള്ളുന്നത് ചില സിപിഎം കേന്ദ്രങ്ങളിലേക്കാണ്.

പൂരം കലക്കിയതിന്റെ ദോഷഫലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്കാണ് ബാധിച്ചത്. താനടക്കം പ്രതിക്കൂട്ടിലായി. ആരാണ് മേളം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്? വെടിക്കെട്ട് വേണ്ടെന്ന് ആരാണ് തീരുമാനിച്ചത്? പിന്നില്‍ ആര്‍എസ്എസ് പൊലീസ് ഗൂഢാലോചനയുണ്ടോയെന്ന് എനിക്ക് അറിയില്ല, അത് പുറത്തുവിടേണ്ടത് സര്‍ക്കാരാണ്. ലോക്‌സഭാ സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് വിഷയത്തില്‍ ഇടപെടുന്നതില്‍ അനൗചിത്യമുണ്ടായിരുന്നു-സുനില്‍കുമാര്‍ പറഞ്ഞു.

വെടിക്കെട്ട് വേണ്ടെന്നു വച്ചത് ആരാണെന്ന് ജനം അറിയണം. വൈകീട്ടോടെയാണ് പൊലിസിന്റെ കൃത്യവിലോപമുണ്ടായത്. അതുവരെ രംഗത്തില്ലാത്ത ബി.ജെ.പി സ്ഥാനാര്‍ഥി സ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നു വ്യക്തമാക്കുന്നതാണിത്. അനിഷ്ടസംഭവങ്ങളില്‍ കമ്മിഷണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ എന്നെ ഉള്‍പ്പെടെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എ.ഡി.ജി.പിക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ പൂരം കലക്കിയത്? സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ പരാതി നല്‍കി. ഹൈക്കോടതിയില്‍ അഭിഭാഷകനായ വി.ആര്‍. അനൂപാണ്? തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തല്‍ മൊഴിയായി പരിഗണിക്കണമെന്നും അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.