കൊച്ചി: നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചു ഹൈക്കോടതി. 19 വയസുകാരന്‍ ഷിബിനെ വടകരയിലെ തൂണേരിയില്‍ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതല്‍ നാല് വരെ പ്രതികള്‍ക്കും 15, 16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കള്‍ക്ക് പ്രതികള്‍ നല്‍കാനും കോടതി വിധിച്ചു. വിചാരണ കോടതി വെറുതേവിട്ട പ്രതികള്‍ക്കാണ് ഇപ്പോള്‍ ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയില്‍, രണ്ടാം പ്രതി തെയ്യമ്പാടി മുനീര്‍, നാലാം പ്രതി വാറങ്കി താഴെ കുനിയില്‍ സിദ്ദിഖ്, അഞ്ചാം പ്രതി മണിയന്റവിട മുഹമ്മദ് അനീസ്, ആറാം പ്രതി കളമുള്ളതില്‍ കുനി ശുഹൈബ്, പതിനഞ്ചാം പ്രതി കൊഞ്ചന്റവിട ജാസിം, പതിനാറാം പ്രതി കടയങ്കോട്ടുമ്മല്‍ സമദ് എന്നിവരെയാണ് ശിക്ഷിച്ചത്. 2015 ലാണ് ഷിബിന്‍ കൊല്ലപ്പെട്ടത്. ഷിബിന്‍ വധക്കേസിലെ മൂന്നാം പ്രതി അസ്ലം 2016 ല്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ സിപിഎം പ്രവര്‍ത്തകരാണ് പ്രതികള്‍.

കേസിലെ പ്രതികള്‍ വിവിധ വകുപ്പുകളിലായി അഞ്ച് ലക്ഷത്തിപ്പതിനേഴായിരം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ വിധി സമൂഹത്തിന് ഒരു സന്ദേശമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഷിബിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളേയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിചാരണകോടതി വെറുതെവിട്ടിരുന്നത്. ഈ ഉത്തരവ് ഇതിനെതിരായ അപ്പീലിലാണ് കേസിലെ 17 പ്രതികളില്‍ ഒന്നുമുതല്‍ ആറുവരേയും 15, 16 പ്രതികളും കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന ആറ് പ്രതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ നാദാപുരം പോലീസ് ആറ് പേരെയും ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് വിദേശത്ത് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അതീവ സുരക്ഷയില്‍ കോഴിക്കോട്ട് എത്തിച്ച പ്രതികളെ ബീച്ച് ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രി പന്ത്രണ്ടരയോടെ വിചാരണ കോടതിയായ കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയില്‍ കീഴടങ്ങിയിട്ടില്ല.

പാസ്‌പോര്‍ട്ട് തിരികെ കിട്ടത്താതിനാലാണ് ഒന്നാം പ്രതി വിദേശത്ത് തുടരുന്നതെന്നും തിരിച്ചുവരാന്‍ തയ്യാറാണെന്നും പ്രതിഭാഗം അറിയിച്ചു.ഒന്നാം പ്രതിയുടെ അസാന്നിധ്യത്തില്‍ മറ്റ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതില്‍ നിയമ തടസ്സങ്ങളില്ലെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.

വിചാരണ കോടതി വെറുതെവിട്ട 8 പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.. ഇവരെ അറസ്റ്റ് ചെയ്തു ഹാജരാക്കാനായിരുന്നു പൊലീസിന് ലഭിച്ച നിര്‍ദ്ദേശം. 2015 ജനുവരി 22നാണു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. വിചാരണക്കോടതി പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ ഷിബിന്റെ പിതാവും പ്രോസിക്യൂഷനും നല്‍കിയ അപ്പീലിനെ തുടര്‍ന്ന് വാദം കേട്ട ഹൈക്കോടതി 17 പ്രതികളില്‍ എട്ട് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.