കല്‍പ്പറ്റ: വയനാട്ടില്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ തുടരുന്ന കടുവാശല്യം ജനങ്ങള്‍ക്കും വനംവകുപ്പിനും സൃഷ്ടിക്കുന്നത് വന്‍ പ്രതിസന്ധി. തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകയിലെ ബന്ദിപ്പുര, നാഗരഹോള കടുവാസങ്കേതങ്ങളോടു ചേര്‍ന്നു കിടക്കുന്നതാണ് വയനാടന്‍ കാടുകള്‍. പ്രായാധിക്യമോ പരിക്കുകളോമൂലം വനത്തില്‍ ഇരതേടാന്‍ ശേഷി നഷ്ടമായ കടുവകളാണു കാടിറങ്ങുന്നതില്‍ അധികവും. വിശപ്പകറ്റാനുള്ള വക നാട്ടിന്‍പുറങ്ങളില്‍ തേടുന്ന അവ മനുഷ്യജീവന് ഉയര്‍ത്തുന്നതു കടുത്ത ഭീഷണി. കാടുപിടിച്ച തോട്ടങ്ങളില്‍ ഒളിച്ചിരിക്കുന്ന കടുവകള്‍ രാത്രിയാണ് തൊഴുത്തുകളും ആട്ടിന്‍കൂടുകളും ലക്ഷ്യമിട്ട് പുറത്തിറങ്ങുന്നത്. അതുകൊണ്ട് തന്നെ വീടിനു പുറത്തിറങ്ങാന്‍ ജീവന്‍ പണയം വയ്ക്കണമെന്ന അവസ്ഥയിലയാണ് വയനാട്ടുകാര്‍. വയനാട് ആവര്‍ത്തിക്കുന്ന കടുവ ആക്രമണം ജില്ലയില്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ വസിക്കുന്നവരുടെ ഉറക്കം കെടുത്തുകയാണ്.

ജനവാസ കേന്ദ്രങ്ങളിലെത്തുന്ന വന്യജീവികളെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകൃത നടപടിക്രമങ്ങള്‍ ഫലപ്രദമല്ലാത്തതിനാല്‍ 72ലെ നിയമം ഭേദഗതി ചെയ്യണമെന്ന പ്രമേയം 2024 ഫെബ്രുവരി 14ന് പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തില്‍ ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു. പ്രമേയത്തിന്റെ പകര്‍പ്പ് കേന്ദ്ര വനം- പരസ്ഥിതി മന്ത്രാലയത്തിനു ഫെബ്രുവരി 27ന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിനോടും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇതും വന മേഖലയില്‍ പ്രതിസന്ധിയാണ്. വനംവകുപ്പും പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും സംയുക്തമായി 2023ല്‍ വയനാട് മേഖലയില്‍ നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയത് 84 കടുവകളെയാണ്. 84 കടുവകളില്‍ 69 എണ്ണത്തിനെ വയനാട് വന്യജീവി സങ്കേതത്തിലും എട്ടെണ്ണത്തിനെ വയനാട് നോര്‍ത്ത് ഡിവിഷനിലും ഏഴെണ്ണത്തിനെ വയനാട് സൗത്ത് ഡിവിഷന്‍ പരിധിയിലുമാണ് കണ്ടെത്തിയത്. 2022ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തിയ കണക്കെടുപ്പില്‍ കേരളത്തില്‍ 213 കടുവകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. 84 കടുവകള്‍ക്ക് വിഹരിക്കാനാവശ്യമായ ആവാസ വ്യവസ്ഥയ്ക്കുള്ള വനവിസ്തൃതി വയനാട്ടിലില്ലെന്നാണ് വിലയിരുത്തല്‍.

വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ജീവന്‍ പൊലിയുന്നു. മാനന്തവാടി പഞ്ചാരക്കൊല്ലി താറാട്ട് ഉന്നതിയിലെ രാധയെ കാപ്പി വിളവെടുപ്പിനു പഞ്ചാരക്കൊല്ലിയിലെ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണ് കടുവ ആക്രമണത്തിനിരയായത്. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂര്‍ റേഞ്ചില്‍ തലപ്പുഴ സെക്ഷന്‍ പരിധിയിലാണ് പഞ്ചാരക്കൊല്ലി. വനത്തോട് ചേര്‍ന്നാണ് ഈ പ്രദേശം. 2023ല്‍ ജില്ലയില്‍ രണ്ടുപേരുടെ ജീവനാണു കടുവ എടുത്തത്. വടക്കേ വയനാട്ടിലെ പുതുശേരി വെള്ളാരംകുന്ന് പള്ളിപ്പുറം തോമസ്(സാലു-50), തെക്കേ വയനാട്ടിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ മരോട്ടിപ്പറന്പില്‍ പ്രജീഷ്(36) എന്നിവരാണു കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷിയിടത്തില്‍ ജനുവരി 11നാണ് തോമസിനെ കടുവ ആക്രമിച്ചത്. നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണു പുതുശേരി വെള്ളാരംകുന്ന്. ഡിസംബര്‍ ഒന്പതിനു പകല്‍ കൃഷിയിടത്തിലായിരുന്നു പ്രജീഷിന്റെ ദാരുണാന്ത്യം.

രാവിലെ പശുക്കള്‍ക്കു പുല്ലരിയാന്‍ പോയ പ്രജീഷ് ഉച്ചകഴിഞ്ഞും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് ജ്യേഷ്ഠന്‍ മജീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് ഇടതുകാല്‍മുട്ടിനു മുകളിലുള്ള ഭാഗം കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 10 വര്‍ഷത്തിനിടെ വയനാട് വന്യജീവി സങ്കേതം, നോര്‍ത്ത്, സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധികളില്‍ എട്ടു പേരെയാണു കടുവ കൊന്നത്. 2015ല്‍ മൂന്നു പേരെ കടുവ കൊന്നു. 2015 ഫെബ്രുവരിയില്‍ വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍പ്പെട്ട നൂല്‍പ്പുഴ പുത്തൂര്‍കൊല്ലിയില്‍ ഭാസ്‌കരനെ(62)യാണ് കടുവ കൊലപ്പെടുത്തിയത്.

ജൂണില്‍ വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനത്തില്‍ ആദിവാസി യുവാവ് ബാബുരാജിനെ(24)കടുവ കൊന്നു.വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍പ്പെട്ട കക്കേരി ഉന്നതിയിലെ ബസവയാണ് 2015ല്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നാമന്‍. വനം-വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചറായിരുന്നു ബസവ. 2019 ഡിസംബറില്‍ വടക്കനാട് പച്ചാടി ഉന്നതിയിലെ ജഡയനെയാണ്(58)കടുവ പിടിച്ചത്. വീടിനടുത്ത് വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു ജഡയന്‍. കാര്യന്പാതി ബസന്‍വന്‍കൊല്ലിയിലെ ശിവകുമാറായിരുന്നു(24) കടുവയുടെ അടുത്ത ഇര.

2020 ജൂണ്‍ 17നാണു ശിവകുമാര്‍ കൊല്ലപ്പെട്ടത്. ചെതലത്ത് ഫോറസ്റ്റ് റേഞ്ചിലെ കാര്യന്പാതി കതവക്കുന്ന് വനത്തിലാണു തലയും വലതുകൈയും കാല്‍മുട്ടുകള്‍ക്കു താഴെയുള്ളതും ഒഴികെ ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയില്‍ ശിവകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. വിറക് ശേഖരിക്കാന്‍ വനത്തില്‍ പോയതായിരുന്നു ശിവകുമാര്‍. വന്യജീവി സംരക്ഷണത്തില്‍ കാട്ടുന്ന ഉത്സാഹം മനുഷ്യരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതില്‍ വനം-വന്യജീവി വകുപ്പിനില്ലെന്നാണ് ആരോപണം. ഇതിലുള്ള അമര്‍ഷമാണ് പലപ്പോഴും പ്രതിഷേധമായി മാറുന്നത്. ബത്തേരി പച്ചാടിക്കടുത്ത് വനം-വന്യജീവി വകുപ്പ് സ്ഥാപിച്ച വന്യമൃഗ അഭയകേന്ദ്രത്തില്‍ നാലുവീതം ആണ്‍, പെണ്‍ കുടുവകളുണ്ട്. 2022 മുതല്‍ പിടികൂടിയ കടുവകളാണു കേന്ദ്രത്തിലുള്ളത്. 2006 മുതല്‍ ഇതുവരെയായി അഞ്ചുതവണ നടത്തിയ കണക്കെടുപ്പില്‍ കേരളത്തില്‍ കടുവകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടെന്നാണ് വ്യക്തമാകുന്നത്.