- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കടുവ നീ തന്നെ; പെരുനാട്ടിലും വടശേരിക്കരയിലും നാട്ടുകാരെ ഭീതിപ്പെടുത്തിയ കടുവ ചത്തു; കോന്നി താഴത്ത് ചത്തു കിടന്ന കടുവ തന്നെയാണ് മറ്റുള്ളിടത്തും ഭീതി പരത്തിയതെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം; നാട്ടുകാർക്ക് ആശ്വാസം
പത്തനംതിട്ട: ആ കടുവ അതു തന്നെ. കോന്നി താഴത്ത് കഴിഞ്ഞ ദിവസം ചത്തു കിടന്ന കടുവ തന്നെയാണ് പെരുനാട്ടിലും വടശേരിക്കരയിലും ജനവാസ മേഖലയിൽ ഭീതി പരത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. പെരിയാർ ടൈഗർ റിസർവ് അധികൃതർ ചിത്രങ്ങളും പോസ്റ്റുമോർട്ടം റിപ്പോർട്ടും വിലയിരുത്തിയാണ് ഇങ്ങനെ ഒരു നിഗമനത്തിൽ എത്തിയത്. രണ്ടിടത്തും ഭീതി പരത്തിയ കടുവയാണ് ചത്തതെന്ന് വ്യക്തമായതോടെ കൂട് സ്ഥാപിച്ച് നടത്തി വന്നിരുന്ന പ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചുവെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും റാന്നി റേഞ്ച് ഓഫീസർ അറിയിച്ചു.
കടുവയെ പിടികൂടുന്നതിന് വേണ്ടി വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരുന്ന കൂടുകൾ ഇതേ തുടർന്ന് എടുത്തു മാറ്റിയതായി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. ദിലീഫ് അറിയിച്ചു. കഴിഞ്ഞ 20 നാണ് നോർത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട കോന്നി താഴം മാളു ഭവനത്തിൽ സത്യരാജിന്റെ പറമ്പിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഈ കടുവയുടെ ചിത്രങ്ങളും വിശദാംശങ്ങളും പരിശോധനകൾക്കായി തേക്കടി പെരിയാർ ടൈഗർ റിസർവ് അധികാരികൾക്ക് അയച്ചു. ഈ ചിത്രങ്ങളും പെരുനാട്ടിൽ ടൈഗർ ട്രാപ്പ് കാമറയിൽ പതിഞ്ഞ ചിത്രങ്ങളും ഒത്തു നോക്കിയാണ് കോന്നിയിൽ ചത്തു കിടന്നത് പെരുനാട്ടിലും വടശേരിക്കരയിലും ഭീതി പരത്തിയ കടുവയാണെന്ന് സ്ഥിരീകരിച്ചത്. പ്രായാധിക്യം കൊണ്ടാണ് കടുവ ചത്തത് എന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.
കരികുളം, രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷനുകളുടെ അധികാര പരിധിയിൽ വരുന്ന റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ മന്ദപ്പുഴ ഭാഗത്ത് പശുവിനേയും മൂന്നാം വാർഡിലെ ബഥനിമല ഭാഗത്ത് രണ്ടു പശുക്കളെയും രണ്ടാം വാർഡിൽ മൂന്ന് ആടുകളെയും കൊന്നത് കടുവയാണെന്ന സൂചനയിൽ ഈ സ്ഥലങ്ങളിൽ ടൈഗർ ട്രാപ്പ് കാമറകൾ സ്ഥാപിച്ചിരുന്നു. അതിൽ കടുവയുടെ ഫോട്ടോകൾ പതിയുകയും ചെയ്തിരുന്നു. തുടർന്ന് അന്ന് തന്നെ ഈ ഫോട്ടോകൾ പെരിയാർ ടൈഗർ റിസർവിലേക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുവയുടെ സാന്നിധ്യം കണ്ട മേഖലകളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ കൂട് സ്ഥാപിച്ചിരുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്