- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒന്നും നോക്കാതെ കൊടുംഭീകരനെപോലെ റോങ്ങ് സൈഡിലൂടെ കുതിച്ചെത്തിയ ആ വില്ലൻ ലോറി; വലിയ അപകടമില്ലാതെ കുടുംബം രക്ഷപ്പെട്ടത് ജസ്റ്റ് മിസ്സിന്; അന്ന് തന്നെ ടിപ്പറിന്റെ ചരിത്രം അറിഞ്ഞവർ തലയിൽ കൈവെച്ചു; ഇനി വണ്ടിയെ വെളിച്ചം കാണിക്കില്ലെന്ന് എംവിഡി

കൊച്ചി: ദേശീയ പാതയിൽ റോങ് സൈഡിലൂടെ അപകടകരമായി ടിപ്പർ ലോറി ഓടിച്ച സംഭവത്തിൽ കര്‍ശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. 142 തവണ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തപ്പെട്ട ഈ ലോറിയുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യാനും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുമുള്ള നടപടികൾ ആരംഭിച്ചു. തൃശൂർ പുന്നയൂർ ഭാഗത്ത് ഈ മാസം 24-ന് നടന്ന അപകടകരമായ ഡ്രൈവിങ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതിനെ തുടർന്നാണ് വകുപ്പിന്റെ നീക്കം.
തൃശൂർ പുന്നയൂർ ഭാഗത്ത് നിർമാണം പൂർത്തിയാക്കിയ ദേശീയ പാതയിലാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് അതിവേഗം വാഹനങ്ങൾ സഞ്ചരിക്കുന്ന ട്രാക്കിലൂടെ എതിർദിശയിൽ നിന്ന് ലോഡ് കയറ്റിയ ടിപ്പർ ലോറി അമിതവേഗതയിൽ എത്തുകയായിരുന്നു. ഈ സമയം കാറുമായി എത്തിയ തൃപ്പൂണിത്തുറ സ്വദേശി കണ്ണൻ വാഹനം വെട്ടിച്ചൊതുക്കിയതിനാലാണ് വലിയ അപകടം ഒഴിവായത്. കാറിൽ കണ്ണനോടൊപ്പം ഭാര്യയും കുട്ടിയും അമ്മയുമുണ്ടായിരുന്നു.
അനുഭവം പങ്കുവെച്ചുകൊണ്ട് കണ്ണൻ പറഞ്ഞത് ഇങ്ങനെ: "മലപ്പുറത്തേക്ക് പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വണ്ടി നേരെ മുൻപിൽ അതേ ലൈനിൽ എതിർദിശയിൽ നിന്ന് വന്നത്. പരിഭ്രാന്തനായിപ്പോയി. ഭാര്യയും കുട്ടിയും അമ്മയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശരിക്കും നിലവിളിച്ചുപോയി. വാഹനം ഒരു വശത്തേക്ക് ഒതുക്കി റിലാക്സ് ചെയ്തിട്ടേ എടുക്കാനായുള്ളൂ." മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പ്രകാരം, ഈ ലോറിക്ക് മുമ്പ് 142 തവണ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.
നിയമലംഘനം ആവർത്തിച്ച സാഹചര്യത്തിൽ ടിപ്പർ ലോറിയുടെ പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർടിഒ) ശുപാർശ നൽകും. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുമുള്ള നടപടികളും പുരോഗമിക്കുകയാണ്. റോഡിൽ നിരന്തരം അപകടകരമായ രീതിയിൽ ഡ്രൈവിങ് നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.


