കൊച്ചി: സിനിമാ നിര്‍മ്മാതാക്കള്‍ പടമെടുത്ത് കുത്തുപാളയെടുക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. താരങ്ങളുടെ വന്‍പ്രതിഫലം അടക്കം താങ്ങാനാവാത്ത ചെലവ് കാരണം സിനിമാ സമരം പോലും പ്രഖ്യാപിച്ചിരിക്കുകയാണ്. ചേരിതിരിഞ്ഞ് വിമര്‍ശനവും തുടരുന്നു. അതിനിടെയാണ്

പുലിമുരുകന്‍ നൂറ് കോടി ക്‌ളബില്‍ കയറിയ സിനിമയാണെന്ന് പറയുമ്പോഴും അതിന്റെ കടം ഇതുവരെ വീട്ടിയിട്ടില്ലെന്ന് മുന്‍ ഡിജിപി ടൊമിന്‍ ജെ തച്ചങ്കരി ഒരു അഭിമുഖത്തില്‍ തുറന്നടിച്ചത്. കെഎഫ്‌സിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന സമയത്ത് ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നെന്നും, സിനിമയുടെ പ്രൊഡ്യൂസര്‍ കാണിച്ച കണക്കുകള്‍ പ്രചരിപ്പിച്ചതില്‍ നിന്ന് ഏറെ വിഭിന്നമായിരുന്നെന്ന് തച്ചങ്കരി വെളിപ്പെടുത്തി. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം.

ഒരു നിര്‍മാതാവ് എന്ന നിലയില്‍ തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ആ ചിത്രത്തെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച് ചിലര്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കുറിച്ചു.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നാണ് പുലിമുരുകന് വേണ്ടി രണ്ട് കോടി രൂപ വായ്പ എടുത്തത്. 2016 ഡിസംബറില്‍ അത് പൂര്‍ണമായും അടച്ചുതീര്‍ത്തു. മൂന്ന് കോടി രൂപയില്‍ അധികമാണ് ഈ ചിത്രത്തിനുവേണ്ടി ഞാന്‍ നികുതിയായി അടച്ചത്. അത്രയധികം തുക നികുതി അടയ്ക്കണമെങ്കില്‍തന്നെ ചിത്രം എത്രത്തോളം ലാഭം നേടിത്തന്നിരിക്കാമെന്ന് മനസിലാക്കാന്‍ സാധിക്കുമല്ലോ.-ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ടോമിച്ചന്‍ പറയുന്നു.

സിനിമയെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവവിരുദ്ധമായ പ്രചരണങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ടോമിച്ചന്‍ മുളകുപാടത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹന്‍ലാല്‍ നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകന്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിര്‍മിക്കാന്‍ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറാന്‍ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യകതിയാണ് ഞാന്‍.

എന്നാല്‍ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലര്‍ രംഗത്ത് വന്നത് ശ്രദ്ധയില്‍ പെട്ടു. അതില്‍ അവര്‍ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്. പ്ലാന്‍ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതല്‍ ചിലവായ ചിത്രമായിരുന്നു എങ്കിലും , എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകന്‍. കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാന്‍ 2 കോടി രൂപയുടെ ലോണ്‍ എടുത്തത്. ആ ലോണ്‍ പൂര്‍ണ്ണമായും 2016 ഡിസംബര്‍ മാസത്തില്‍ തന്നെ അടച്ചു തീര്‍ക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയില്‍ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാന്‍ ഇന്‍കം ടാക്സ് അടച്ചത്. അത്രയധികം തുക ഇന്‍കം ടാക്സ് അടക്കണമെങ്കില്‍ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാധിക്കുമല്ലോ..

അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എനിക്ക് സാധിച്ചതിലും പുലി മുരുകന്‍ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒന്‍പത് വര്‍ഷം മുന്‍പ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ വെറും മൂന്നാഴ്ചയില്‍ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളില്‍ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകന്‍.

അത്കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു..മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങള്‍ക്ക് മുന്നിലെത്തും..


ടോമിന്‍ തച്ചങ്കരിയുടെ വാക്കുകള്‍

ഇവിടെയുള്ള പ്രമുഖ നടന്മാരും പ്രൊഡ്യൂസര്‍മാരുമെല്ലാം എനിക്ക് അടുത്ത സൗഹൃദമുണ്ട്. ഇത്തരം വിഷയത്തില്‍ ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍ അവരെ വേദനിപ്പിക്കരുതെന്നും ആഗ്രഹമുണ്ട്. പല നിര്‍മ്മാതാക്കളും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരല്ല. കേരളത്തിലെ സിനിമയ്ക്ക് ഇപ്പോള്‍ പ്രധാനമായും നാലോ അഞ്ചോ പേരാണ് ഫിനാന്‍സ് ചെയ്യുന്നത്. ഞാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ എംടിയായിരുന്ന സമയത്ത് സിനിമയ്ക്ക് പണം നല്‍കിയിരുന്നു. പുലിമുരുകന് അടക്കം പണം നല്‍കിയത് 7-8 ശതമാനം പലിശയ്ക്കാണ്. എന്നാല്‍ സ്വകാര്യ ഫിനാന്‍സുകാര്‍ 24 ശതമാനമൊക്കെയാണ് പലിശയായി ഈടാക്കുന്നത്.

പത്ത് കോടി ബഡ്ജറ്റിന്റെ സിനിമ നിര്‍മ്മിക്കാന്‍ വരുന്നയാളുടെ കൈയില്‍ ഒരു കോടിയേ കാണൂ. ബാക്കിയെല്ലാം ഇത്തരത്തില്‍ പലിശയ്ക്കും ഒടിടി വഴിയുമൊക്കെ സംഭരിക്കുന്നതാണ്. താരങ്ങള്‍ ഒന്ന് മനസിലാക്കേണ്ടത്, എഐയുടെ ആവിര്‍ഭാവം ഭാവിയില്‍ അവരെ വലിയ രീതിയില്‍ ബാധിക്കുമെന്നതാണ്. പുലിമുരുകന്‍ എത്ര ഹിറ്റായെന്നാണ് എല്ലാവരും പറഞ്ഞത്. അതിന് കെഎഫ്സിയില്‍ നിന്ന് എടുത്ത ലോണ്‍ ഇതുവരെ അടച്ചിട്ടില്ല. പ്രൊഡ്യൂസറോട് ചോദിച്ചപ്പോള്‍ ഈ പറയുന്ന പോലെയൊന്നുമല്ല കാര്യങ്ങള്‍ എന്നാണ് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കാര്യം ബുദ്ധിമുട്ടിലാണ്. അദ്ദേഹം ആ സമയത്ത് കാണിച്ച ഫിഗര്‍ അല്ല നമ്മുടെ അടുത്ത് വന്നപ്പോള്‍ കാണിച്ചത്.