ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവിധ സ്ഫോടനങ്ങളില്‍ പങ്കുള്ള കൊടുംഭീകരന്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു. സെയ്ഫുള്ള ഖാലിദ് എന്ന ലഷ്‌കര്‍ ഇ തോയിബ ഭീകരനാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ അജ്ഞാതരായ ആളുകളുടെ ആക്രമണത്തിലാണ് സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത് എന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലെ മൂന്ന് ഭീകരാക്രമണ കേസിലെ പങ്കാളിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2001ലെ രാംപുര്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം, 2005ലെ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുണ്ടായ ആക്രണം, 2006ല്‍ നാഗ്പുരിലെ ആര്‍എസ്എസ് കേന്ദ്രകാര്യാലയത്തിന് നേരെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദെന്നാണ് സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.

അഞ്ചുവര്‍ഷത്തിനിടെ നടത്തിയ മൂന്ന് ആക്രമണങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിനോദ് കുമാര്‍ എന്ന പേരില്‍ നേപ്പാളില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അവിടെ നിന്ന് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. വ്യാജപേരില്‍ നേപ്പാളില്‍ കഴിയവയെയാണ് ഇയാള്‍ ഇന്ത്യയിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്. ആക്രമണങ്ങള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്തതും ആയുധങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നേപ്പാളില്‍ നിന്ന് പിന്നീട് പാക്കിസ്ഥാനിലേക്ക് കടന്ന സെയ്ഫുള്ള ഖാലിദ് പാകിസ്താനില്‍ വിവിധ സ്ഥലങ്ങളില്‍ മാറിമാറി കഴിയുകയായിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം അടുത്തിടെയാണ് ഇയാള്‍ സിന്ധിലെ ബാദിന്‍ ജില്ലയിലേക്ക് താമസം മാറിയത്.

നേരത്തെ ഹഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ 26 ജീവന്‍ നഷ്ടമായതിന് ഇന്ത്യ തിരിച്ചടിച്ചതോടെ പാക്കിസ്ഥാനില്‍ കഴിയുന്ന ലഷ്‌കര്‍ ജമാഅത്ത് ഉദ്ധാവ തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ വര്‍ധിപ്പിരുന്നു. എന്നാല്‍, ഇന്ത്യന് മിസൈലുകള്‍ നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയുമുണ്ടായി. 77കാരനായ ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയീദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ദീര്‍ഘകാലമായി ആവശ്യമുന്നയിക്കുകയാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരന്‍ ഹാഫിസ് സയീദ് ആയിരുന്നു.

ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കേസിലാണ് പാക് സര്‍ക്കാര്‍ ഹാഫിസ് സയീദിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. 46 വര്‍ഷമാണ് ശിക്ഷ. 2022 ഏപ്രില്‍ ഏഴിന് പുറത്തിറങ്ങിയ ഓര്‍ഡറില്‍ രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് 31 വര്‍ഷം ശിക്ഷ വിധിച്ചതായി വ്യക്തമാക്കുന്നു. സമാന കേസില്‍ 2020ലാണ് സയീദിന് 15 വര്‍ഷം ശിക്ഷ വിധിച്ചത്.

ജയിലിലാണെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുമ്പോഴും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇരുപത്തിനാലിലേറെ തവണയാണ് ഹാഫിസ് സയീദ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും കനത്തസുരക്ഷാവലയത്തില്‍ ഹാഫിസ് പുറത്തിറങ്ങി. മുന്‍ എസ്എസ്ജി കമാന്‍ഡോകളടക്കം സുരക്ഷാസംഘത്തിലുള്ളതായും റിപ്പോര്‍ട്ട് പറയുന്നു. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍, പാക് അധീന കശ്മീരില്‍ എല്ലാം ഹാഫിസ് നിത്യ സന്ദര്‍ശകനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തീവ്രവാദികള്‍ക്കെതിരെ കര്‍ശന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനിടെയാണ് സെയ്ഫുള്ള ഖാലിദ് എന്ന ലഷ്‌കര്‍ ഭീകരനും അജ്ഞാതരാല്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയും എത്തുന്നത്.