തൃശൂർ: പാമ്പുകടിയേറ്റ് ആറുവയസുകാരി വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അനാമികയാണ് മരിച്ചത്. അണലി വിഭാഗത്തിൽപ്പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്. എന്നാൽ, പാമ്പുകടിയേറ്റ വിവരം കുട്ടിയോ വീട്ടുകാരോ തിരിച്ചറിഞ്ഞില്ല. ഇത് ചികിത്സ വൈകാൻ കാരണമായെന്ന് ഡോക്ടർമാർ സൂചിപ്പിച്ചു.

ബുധനാഴ്ച വൈകുന്നേരത്തോടെ കുട്ടിയുടെ കാലിന് വേദനയും തളർച്ചയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും വ്യാഴാഴ്ച രാവിലെയോടെ കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായി. വീണ്ടും ചാവക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെത്തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ നടത്തിയ പരിശോധനയിലാണ് അണലിയുടെ കടിയേറ്റതായി സ്ഥിരീകരിച്ചത്. എന്നാൽ, അപ്പോഴേക്കും വിഷം ശരീരമാസകലം പടർന്നിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും വൃക്കയുടെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് കുട്ടി മരിക്കുകയായിരുന്നു.

പൊന്തക്കാടുകൾ നിറഞ്ഞ വീടിന് സമീപത്ത് വെച്ചാണ് കുട്ടിക്ക് പാമ്പു കടിയേറ്റതെന്നാണ് നിഗമനം. നാലുമാസം മുൻപാണ് ഇവർ ഈ വാടക വീട്ടിലെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വിദ്യാലയത്തിൽ പൊതുദർശനത്തിന് വെച്ചു. കുട്ടിയുടെ മരണകാരണം പാമ്പുകടിയേറ്റത് തിരിച്ചറിയാൻ വൈകിയതാണെന്ന് വ്യക്തമാക്കുന്നു.