ചിക്കമഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. വെള്ളച്ചാട്ടത്തിന് സമീപത്തെ 1500 അടി താഴ്ചയുള്ള കൊക്കയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ നാലു ദിവസമായി പോലീസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന എന്നിവര്‍ സംയുക്തമായി നടത്തിവന്ന തിരച്ചിലിനൊടുവിലാണ് ഈ ദാരുണമായ അന്ത്യം സ്ഥിരീകരിച്ചത്.

മാണിക്കധാര വ്യൂ പോയിന്റിനോട് ചേര്‍ന്നുള്ള ചെങ്കുത്തായ മലനിരകളിലാണ് തിരച്ചില്‍ കേന്ദ്രീകരിച്ചിരുന്നത്. തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മൃതദേഹം കിടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞത്. ഇത്രയും ആഴമുള്ള കൊക്കയില്‍ നിന്ന് മൃതദേഹം മുകളിലെത്തിക്കുക എന്നത് അതീവ വെല്ലുവിളിയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും കൊക്കയിലേക്ക് ഇറങ്ങി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് 40 അംഗ യാത്രാസംഘത്തോടൊപ്പമെത്തിയ ശ്രീനന്ദയെ കാണാതായത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന കുടുംബത്തിന്റെ സംശയങ്ങള്‍ക്കിടെയാണ് ഇപ്പോള്‍ മൃതദേഹം മലയിടുക്കില്‍ കണ്ടെത്തിയത്. മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ നാലു ദിവസമായി ചിക്കമഗളൂരുവില്‍ തുടരുന്ന കുടുംബത്തിന് ഈ വാര്‍ത്ത വലിയ ആഘാതമായി.

മാണിക്കധാര വ്യൂ പോയിന്റില്‍ നിന്ന് കുട്ടി കാല്‍ വഴുതി വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു ശ്രീനന്ദ. മൃതദേഹം പുറത്തെടുത്ത ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. അതിശ്രമകരമായ ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകള്‍ എടുത്തേക്കുമെന്നാണ് വിവരം. പോസ്റ്റ് മോര്‍ട്ടം അതി നിര്‍ണ്ണായകമാകും.

പാലക്കാട് നിന്ന് ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെയുള്ള വലിയൊരു സംഘം സ്ഥലത്തുണ്ട്. ഒടുവില്‍ പ്രതീക്ഷകളെല്ലാം അസ്തമിച്ചതോടെ കടമ്പഴിപ്പുറം ഗ്രാമം ഒന്നടങ്കം കണ്ണീരിലായിരിക്കുകയാണ്.