ഹൈദരാബാദ്: തെലങ്കാന പോലീസിന്റെ മൂന്ന് വർഷത്തെ കഠിനാധ്വാനവും പരിശീലനവും ഫലം കണ്ടു. ഡ്രോണ്‍ വേട്ടയ്ക്ക് 'ഗരുഡ സ്ക്വാഡ്' നെ കളത്തിലിറക്കാൻ നീക്കം. സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഗരുഡ സ്ക്വാഡ് നെ പുറത്തിറക്കുന്നത്. അതായത് ഇനി മുതൽ സംസ്ഥാനത്ത് 'വിഐപി' സന്ദർശന വേളയിൽ 'ഡ്രോണ്‍' പറത്തിയാൽ പണി കിട്ടുമെന്ന് ഉറപ്പായി. നിമിഷ നേരം കൊണ്ട് ആകാശരാജാവായ കഴുകന്മാർ ഡ്രോണിനെ തകർത്തെറിയും. ലിസ്റ്റിൽ പരുന്തുകളും പ്രാപ്പിടിയന്മാരും ഉൾപ്പടെയുള്ള പക്ഷികൾ ഉണ്ടെന്നും വിവരങ്ങൾ ഉണ്ട്. ഇതോടെ പോലീസിന്റെ മൂന്ന് വർഷത്തെ കഠിനാധ്വാനത്തിന് ഫലം കാണുന്നത്.

തെലങ്കാന പോലീസിന്‍റെ ഗരുഡ സ്ക്വാഡിലേക്ക് പരുന്ത്, പ്രാപ്പിടിയൻ തുടങ്ങി കൂടുതൽ പക്ഷികളെ ഉൾപ്പെടുത്തി. മൊയ്‌നാബാദിലെ ഇന്‍റഗ്രേറ്റഡ് ഇന്‍റലിജൻസ് ട്രെയിനിങ് അക്കാദമിയിൽ (ഐഐടിഎ) ആണ് പരിശീലനം നൽകുന്നത്. ഡ്രോണുകൾക്കെതിരായ സുരക്ഷാ നടപടികൾക്കും നിരീക്ഷണ ആവശ്യങ്ങൾക്കുമായാണ് ഇവയെ ഉപയോഗിക്കുക.

സംസ്ഥാനത്ത് വിഐപി, വിവിഐപി സന്ദർശനത്തിനിടെ ഡ്രോണ്‍ പറത്തി (യുഎവി) സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് കഴുകന്മാരെ പരിശീലിപ്പിക്കുന്നത് എന്നാണ് തെലങ്കാന പോലീസ് അറിയിച്ചത്. രാജ്യത്ത് ആദ്യമായി ഇത്തരമൊരു സ്ക്വാഡ് അവതരിപ്പിച്ചത് തെലങ്കാനയാണ്. സുരക്ഷാ ആവശ്യങ്ങൾക്കായി പരുന്തുകളെയും കഴുകന്മാരെയും പരിപാലിക്കുകയും വിന്യസിക്കുകയും ചെയ്യുന്നതിൽ നെതർലാൻഡ്‌സിന് ശേഷം രണ്ടാമതാണ് തെലങ്കാന.

അഞ്ച് പക്ഷികളെയാണ് ഡ്രോണുകൾക്കെതിരായി അണിനിരത്താൻ വിജയകരമായി ആദ്യം പരിശീലിപ്പിച്ചത്. പരിശീലനം നൽകിയ പക്ഷികളെ ആവശ്യമുള്ളിടത്തെല്ലാം വിന്യസിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇപ്പോൾ കൂടുതൽ പക്ഷികളെ ഗരുഡ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തുകയാണ് പോലീസ്.

“ഞങ്ങൾ പക്ഷികളുടെ കാലിൽ പ്രത്യേക തരം വല കെട്ടുന്നു. ഈ വലയിൽ ഡ്രോണിന്‍റ ചിറകുകൾ കുടുങ്ങും. എന്നിട്ട് പക്ഷി ഡ്രോണിനെ നിർവീര്യമാക്കുന്നതിനായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകും”- എങ്ങനെയാണ് ഡ്രോണ്‍ വേട്ടയ്ക്ക് പക്ഷികളെ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പരിശീലനത്തിനിടെ പക്ഷികൾക്ക് പരിക്കേൽക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാറുണ്ടെന്നും പോലീസ് പറയുന്നു.

അതേസമയം, നിരീക്ഷണത്തിനും പക്ഷികളെ ഉപയോഗപ്പെടുത്തുന്നു. പക്ഷികളുടെ കാലിൽ ചെറിയ ഹൈ ഡെഫനിഷൻ ക്യാമറ ഘടിപ്പിച്ച് അത് ലാപ്‌ടോപ്പുമായി ബന്ധിപ്പിച്ചാണ് നിരീക്ഷണം. പരുന്തുകളെയാണ് ഈ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്.