കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി എറണാകുളം സ്വദേശിയും ബിജെപി നേതാവുമായ ട്രാന്‍സ് യുവതി. രാഹുല്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും, തന്നെ ബലാത്സംഗം ചെയ്യണമെന്നതടക്കം ആവശ്യപ്പെട്ടതായും അവന്തിക ആരോപിച്ചു. രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാളെ പോലെയാണ് സംസാരിച്ചതെന്നും യുവതി വെളിപ്പെടുത്തി.

മൂന്നു വര്‍ഷമായി രാഹുലുമായി പരിചയമുണ്ടെന്നും, സഹയാത്രികയായ റിനി ജോര്‍ജ് ഈ വിഷയത്തില്‍ തുറന്നുപറയാന്‍ ധൈര്യം നല്‍കിയെന്നും യുവതി പറഞ്ഞു. തന്റെ സുഹൃത്തുക്കളോട് മുമ്പ് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും, ബിജെപി പ്രവര്‍ത്തകയായ താന്‍ പാലക്കാട് ജില്ലാ പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും ടെലിവിഷന്‍ ചാനലിനോട് വിശദീകരിച്ചു. റിനി ജോര്‍ജിന്റെ തുറന്നുപറച്ചില്‍ തനിക്ക് പ്രചോദനമായെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം ബാധിച്ച വ്യക്തിയാണെന്നും, ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടതായും അവന്തിക ആരോപിച്ചു. ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും പോകണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി അവന്തിക വെളിപ്പെടുത്തി. ലൈംഗിക വൈകൃതം നിറഞ്ഞ സന്ദേശങ്ങളാണ് തനിക്ക് അയച്ചതെന്നും അവന്തിക പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് താനും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പരിചയപ്പെട്ടതെന്ന് അവന്തിക വിശദീകരിച്ചു. ഒരു ചര്‍ച്ചയ്ക്കിടെയാണ് ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് സാമൂഹികമാധ്യമങ്ങള്‍ വഴി സുഹൃത്തുക്കളായി. തുടക്കത്തില്‍ രാത്രി 11 മണിക്ക് ശേഷമാണ് രാഹുല്‍ തന്നെ വിളിച്ചിരുന്നത്. പിന്നീട് സമയം നോക്കാതെ വിളിക്കാന്‍ തുടങ്ങിയതായും അവന്തിക പറഞ്ഞു.

രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാനല്ല, മറിച്ച് ലൈംഗിക ചുവയുള്ള സന്ദേശങ്ങളാണ് അയച്ചിരുന്നത്. ഇതിനിടെയാണ് റേപ്പ് ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പറഞ്ഞത്. കോണ്‍ഗ്രസിലെ ചില നേതാക്കളോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെന്നും അവന്തിക പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു റേപ്പിസ്റ്റാണെന്ന് തോന്നുന്നു. റേപ്പ് ചെയ്യണം എന്ന് പറയുന്നതിലൂടെ അയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. റേപ്പ് ചെയ്യണം എന്ന് പറഞ്ഞ് നടക്കുന്ന ആള്‍ എങ്ങനെ സമൂഹത്തിന് മാതൃകയാകുമെന്നും അവര്‍ ചോദിച്ചു. ഇന്ന് വാര്‍ത്താസമ്മേളനം നടത്തുന്നതിന് മുന്‍പ് അയാള്‍ വിളിച്ചിരുന്നു. അയാള്‍ക്കെതിരെ താന്‍ പറയും എന്ന് മനസിലാക്കിയാകും വിളിച്ചത്.

അതിന് ശേഷം സംസാരിക്കണം എന്ന് പറഞ്ഞ് സന്ദേശം അയച്ചിരുന്നുവെന്നും അവന്തിക പറഞ്ഞു. താന്‍ പറഞ്ഞ ആരോപണങ്ങള്‍ തെറ്റാണെന്ന് അയാള്‍ തെളിയിക്കട്ടെ. രാഹുല്‍ മാങ്കൂട്ടത്തിലിനെ താന്‍ വെല്ലുവിളിക്കുകയാണെന്നും അവന്തിക പറഞ്ഞു.