- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വര്‍ണ്ണമോഷണത്തിനു പിന്നാലെ മേല്‍ ശാന്തിമാരുടെ സഹായികളെ നേരിട്ടു നിയമിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്; കളമൊരുങ്ങുന്നത് കോടികളുടെ അഴിമതിക്ക്; ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളില്‍ നിന്നും സഹായികളെ തെരഞ്ഞെടുക്കും; 'അവതാരങ്ങളെ' ഒഴിവാക്കാനെന്ന പേരില്‍ തയ്യാറെടുക്കുന്നത് പണം വാങ്ങിയുള്ള നിയമനത്തിന്
സ്വര്‍ണ്ണമോഷണത്തിനു പിന്നാലെ മേല്‍ ശാന്തിമാരുടെ സഹായികളെ നേരിട്ടു നിയമിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ശബരിമലയില്‍ മേല്‍ശാന്തികളുടെ സഹായികളെ നേരിട്ട് നിയമിക്കുന്നതിലൂടെ കോടികളുടെ അഴിമതി ലക്ഷ്യമിട്ട് ദേവസ്വം ബോര്‍ഡ്. 'അവതാരങ്ങളെ' ഒഴിവാക്കാനാണെന്ന അഭിപ്രായവുമായാണ് നേരിട്ടുള്ള നിയമനം നടത്താന്‍ ദേവസ്വം ബോര്‍ഡ് തയ്യാറെടുക്കുന്നത്. ശബരിമലയിലും മാളികപ്പുറത്തും മേല്‍ ശാന്തിമാരെ നിയമിച്ചു കഴിഞ്ഞതിനാല്‍ വൈകാതെ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നും സഹായിമാരെ തെരഞ്ഞെടുത്ത് നിയമിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. ഇതു സംബന്ധിച്ച സൂചന കഴിഞ്ഞ ദിവസം ബോര്‍ഡ് പ്രസിഡന്‍്റ് പി.എസ് പ്രശാന്ത് നല്‍കിയിരുന്നു.
ശബരിമലയില്‍ അവതാരങ്ങളെ ഒഴിവാക്കാന്‍ മേല്‍ശാന്തിക്കുള്ള സഹായികളെ ബോര്‍ഡ് നേരിട്ട് നല്‍കാന്‍ ആലോചിക്കുകയാണെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞത്. തെരഞ്ഞെടുക്കാന്‍ പരിഗണിക്കുന്നവര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്നും പ്രശാന്ത് അറിയിച്ചിരുന്നു. പോലീസ് വെരിഫിക്കേഷന്‍ അല്ലാതെ മറ്റു മാനദണ്ഡങ്ങള്‍ സംബന്ധിച്ച് യാതൊരു വിവരവും ബോര്‍ഡ് പങ്കു വച്ചിട്ടില്ല. ഇപ്പോള്‍ പരിഗണനയിലുള്ളത് ക്ഷേത്രങ്ങളിലെ അനുഭവ പരിചയം മാത്രമാണ്.
മേല്‍ശാന്തിമാരുടെ നിയമനം ഹൈക്കോടതി നിരീക്ഷണത്തില്‍ കര്‍ശന മാനദണ്ഡങ്ങളോടു കൂടിയാണ് നടത്തുന്നത്. തൃശ്ശൂര്‍ ചാലക്കുടി സ്വദേശി ഏറന്നൂര്‍ മനയിലെ ഇ.ഡി പ്രസാദിനെ ശബരിമല മേല്‍ശാന്തിയായും കൊല്ലം കൂട്ടിക്കട സ്വദേശി മനു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു. ശബരിമല മേല്‍ശാന്തി പദവിക്കായി 14 പേരാണ് അവസാനഘട്ട പട്ടികയിലുണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് അവസാനം തെരഞ്ഞെടുക്കുന്നത്.
ശാന്തി നിയമനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. ശബരിമല, മാളികപ്പുറം നിയുക്ത മേല്‍ശാന്തിമാരുടെ സഹായികളുടെ പശ്ചാത്തലമെന്താണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഇതുസംബന്ധിച്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സഹായികളില്‍ ആരെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ ആര്‍ക്കാണ് ഉത്തരവാദിത്വമെന്നും വ്യക്തമാക്കണമെന്നാണ് കോടതി അറിയിച്ചത്. രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്താനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. പുതിയ മേല്‍ശാന്തിമാര്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ ഇവര്‍ക്കൊപ്പം സഹായികളായി നിരവധി പേരാണ് ശബരിമലയിലെത്തുക. സ്വര്‍ണ്ണപ്പാളി വിവാദ കേസില്‍ ഉള്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റിയും ആദ്യം കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് ശബരിമലയില്‍ എത്തിയത്.
ശബരിമല മേല്‍ശാന്തി നിയമന നടപടികളില്‍ സുതാര്യത ഉറപ്പാക്കാന്‍ അഭിമുഖത്തിനും നറുക്കെടുപ്പിനും സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. 2025- 26 വര്‍ഷത്തെ നിയമന നടപടികളുടെ നിരീക്ഷകനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്‍ രാമചന്ദ്രന്‍ നായരെയാണ് നിയോഗിച്ചത്. യോഗ്യരായ മലയാളി ബ്രാഹ്‌മണ സമുദായത്തില്‍പ്പെട്ടവരില്‍ നിന്ന് ക്ഷണിക്കുന്ന അപേക്ഷകള്‍ ദേവസ്വം ബോര്‍ഡ് പരിശോധിച്ച് യോഗ്യരായവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും.
പട്ടികയിലുള്ളവര്‍ക്കായി ദേവസ്വം ബോര്‍ഡ് അഭിമുഖം നടത്തും. മേല്‍ശാന്തി നിയമന നടപടികള്‍ സുതാര്യത ഉറപ്പാക്കുന്നതിനായി ഹൈക്കോടതി നിയമിച്ച മുന്‍ ജഡ്ജി നിരീക്ഷകനാകും. കൂടാതെ, മുഴുവന്‍ തിരഞ്ഞെടുപ്പ് പ്രക്രിയയും വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഭിമുഖത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ച് അന്തിമ ചുരുക്കപ്പട്ടിക തയ്യാറാക്കിയശേഷം സന്നിധാനത്ത് ഉഷപൂജയ്ക്ക് ശേഷം തന്ത്രിയുടെയും ദേവസ്വം ബോര്‍ഡ് അധികാരികളുടെയും ഹൈക്കോടതി നിരീക്ഷകന്റെയും സാന്നിധ്യത്തില്‍ പന്തളം കൊട്ടാരത്തില്‍ നിന്നുള്ള പ്രതിനിധിയാണ് പേരുകള്‍ നറുക്കെടുക്കുന്നത്.




