- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവിതാംകൂർ മുൻ രാജകുടുംബത്തിന് കഴിയില്ല; രാജകുടുംബത്തിന് ഡൽഹിയിലെ സ്വത്തിൽ ഒരു അവകാശവുമില്ലെന്ന് കേരളം; കൊട്ടാരം സാസ്കാരിക കേന്ദ്രമാക്കും; ഒന്നു അറിയില്ലെന്ന് കവടിയാർ പാലസ്; ആ കരാറിന് പിന്നിൽ ബംഗ്ളുരു ലോബി; തിരുവിതാംകൂർ രാജകുടുംബത്തിൽ ഭിന്നത ശക്തം
ന്യൂഡൽഹി: കേരള സർക്കാരിന്റെ കൈവശമുള്ള ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവിതാംകൂർ മുൻ രാജകുടുംബത്തിന്റെ നീക്കം സംസ്ഥാന സർക്കാർ അംഗീകരിക്കില്ല. ചെന്നൈ ആസ്ഥാനമായുള്ള സഹന റിയൽ എസ്റ്റേറ്റ് കമ്പനിയുമായി കരാറൊപ്പിട്ടു. മുൻ രാജകുടുംബത്തിന്റെ ബെംഗളൂരുവിലുള്ള വസ്തുവും കൂടി ചേർത്ത് 250 കോടി രൂപക്ക് വിൽക്കാനാണ് കരാർ. ഒക്ടോബർ 21ന് ബെംഗളൂരൂവിൽ വച്ചാണ് കരാർ ഒപ്പിട്ടത്. വമ്പൻ ഗൂഡോലോചന ഇതിന് പിന്നിൽ നടന്നുവെന്നാണ് സൂചന.
സാംസ്‌കാരിക കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ട സ്ഥലമാണ് അനുമതിയില്ലാതെ വിൽക്കാൻ മുൻ രാജകുടുംബം ശ്രമിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങുന്ന മുറയ്ക്ക് ഇടപാട് നടക്കുമെന്നാണ് കരാറിൽ ഉള്ളത്. ഡൽഹിയുടെ ഹൃദയഭാഗത്ത് ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച ട്രാവൻകൂർ ഹൗസും അതിനോട് ചേർന്ന എട്ട് ഏക്കർ ഭൂമിയുമാണ് വിൽക്കാൻ ശ്രമിക്കുന്നത്. കവിടയാറിലാണ് തിരുവിതാംകൂർ രാജകുടുംബം കേന്ദ്രീകരിക്കുന്നത്. എന്നാൽ ഇവിടെയുള്ളവർക്ക് ഈ കരാറിനെ പറ്റി അറിയില്ലെന്നാണ് പറയുന്നത്. ബംഗ്ലൂരുവിലുള്ള മറ്റൊരു കൂട്ടരാണ് കച്ചവടത്തിന് പിന്നിലെന്നും സൂചനയുണ്ട്.
2019ൽ ട്രാവൻകൂർ ഹൗസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് മുൻ രാജകുടുംബം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ സർക്കാർ ഇത് അനുവദിച്ചു നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ മാറ്റങ്ങളൊന്നുമില്ലാതിരിക്കെയാണ് റിയൽ എസ്റ്റേറ്റ് കമ്പനിയുമായി കരാറുണ്ടാക്കിയിരിക്കുന്നത്.
1930ലാണ് ട്രാവൻകൂർ ഹൗസ് നിർമ്മിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ടെറിട്ടോറിയൽ ആർമിക്ക് ഉപയോഗിക്കാൻ വേണ്ടി കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നു. ഇത് പിന്നീട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നൽകുകയായിരുന്നു. ഹൗസിലെ പുനരുദ്ധാരണപ്രവർത്തനങ്ങളടക്കം സംസ്ഥാന സർക്കാരാണ് ചെയ്യുന്നത്. ഈ വർഷം അവസാനത്തോടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനിരിക്കെയാണ് വിൽപ്പനക്കുള്ള വിവരം പുറത്തുവന്നത്.
കരാർ ഒപ്പിട്ടത് വാർത്ത ആയതിന് പിന്നാലെ ട്രാവൻകൂർ ഹൗസ് പൂർണ്ണമായി സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഇത് കൈമാറ്റാൻ ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും അതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പ് ഇറക്കി. ട്രാവൻകൂർ ഹൗസിന്റെ തനിമ നിലനിർത്തി കേരളീയ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും സർക്കാർ വിശദീകരിച്ചു. കസ്തൂർബാ ഗാന്ധി മാർഗിൽ സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ ഹൗസ് പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമുള്ളതാണെന്നും കെട്ടിടത്തിന്റെ ൈപതൃകത്തനിമ നിലനിർത്തി കേരളീയ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാൻ നടപടി പുരോഗമിക്കുകയാണെന്നും പൊതുഭരണ വിഭാഗം വിശദീകരിച്ചു.
ട്രാവൻകൂർ ഹൗസ് വിൽക്കാൻ തിരുവിതാംകൂർ രാജകുടുംബത്തിലെ ചിലർ ഒരുങ്ങുന്നുവെന്ന വാർത്ത ദേശീയമാധ്യമങ്ങളിലുൾപ്പെടെ വന്നിരുന്നു. രാജകുടുംബത്തിന്റെ ബെംഗളൂരുവിലെ ആസ്തിയും ചേർത്ത് 250 കോടി രൂപയുടെ സ്ഥലം വിൽക്കാൻ നീക്കം നടക്കുന്നുവെന്നാണു വിവരം. പൈതൃക പാരമ്പര്യമുള്ള ട്രാവൻകൂർ ഹൗസും അതിനോടു ചേർന്നുള്ള എട്ടേക്കർ ഭൂമിയും വിൽക്കാൻ ചെന്നൈ ആസ്ഥാനമായുള്ള സഹാന റിയൽ എസ്റ്റേറ്റ് ആൻഡ് ബിൽഡേഴ്‌സ് എന്ന കമ്പനിയുമായി കഴിഞ്ഞ മാസം 29നു കരാറിൽ ഏർപ്പെട്ടുവെന്നാണു രേഖകൾ. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങുന്ന മുറയ്ക്ക് ഇടപാടു നടക്കുമെന്നാണു കരാർ രേഖയിൽ പറയുന്നത്.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു 2019 ൽ തിരുവിതാംകൂർ രാജകുടുംബം അവകാശവാദം ഉയർത്തിയിരുന്നു. ഡൽഹിയിലെ കപൂർത്തല പ്ലോട്ടിന്റെയും ട്രാവൻകൂർ ഹൗസിന്റെയും ഉടമസ്ഥാവകാശം തിരികെ ആവശ്യപ്പെട്ട് തിരുവിതാംകൂർ രാജകുടുംബം കേന്ദ്ര സർക്കാരിനു കത്തു നൽകിയെങ്കിലും ഈ സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനു തന്നെയാണെന്നായിരുന്നു അന്നും ഔദ്യോഗിക വിശദീകരണം. പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തിൽ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
14 ഏക്കറോളം വരുന്ന 2 ഭൂമിയിലും സർക്കാരിനു കൈവശാവകാശം മാത്രമേയുള്ളൂവെന്നാണ് കൊട്ടാരത്തിന്റെ നിലപാട്. കേരള സർക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാൽ 2011 ലും 2014 ലും ഡൽഹി മുനിസിപ്പൽ കൗൺസിൽ ഈ ഭൂമിയിലുള്ള നിർമ്മാണ അപേക്ഷകൾ തള്ളിയിരുന്നുവെന്നും കേന്ദ്ര സർക്കാരിനു നൽകിയ അപേക്ഷയിൽ അന്നു വിശദീകരിച്ചിരുന്നു.
1930 ലാണു ട്രാവൻകൂർ ഹൗസ് നിർമ്മിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. 1948 മുതൽ 1965 വരെ സോവിയറ്റ് എംബസി പ്രവർത്തിച്ചിരുന്നതു ട്രാവൻകൂർ ഹൗസിലാണ്. ഇതിനോടു ചേർന്നുള്ള കപൂർത്തല പ്ലോട്ടിൽ നിന്നു കുറച്ചു സ്ഥലം കേരള എജ്യുക്കേഷൻ സൊസൈറ്റിക്കു കൈമാറിയതോടെ ട്രാവൻകൂർ ഹൗസും കപൂർത്തല പ്ലോട്ടും രണ്ടായി വിഭജിക്കപ്പെട്ടു. നിയമപോരാട്ടങ്ങൾക്കൊടുവിൽ 1973 ൽ കേന്ദ്രം ട്രാവൻകൂർ ഹൗസിന്റെ ഉടമസ്ഥാവകാശം കേരള സർക്കാരിനു കൈമാറി. 1993 ലാണ് കപൂർത്തല പ്ലോട്ടിന്റെ അവകാശം കൈമാറിയത്.
മറുനാടന് മലയാളി ബ്യൂറോ