മിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ, നടി തൃഷയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അതിരൂക്ഷമായ സൈബർ ആക്രമണം. വിജയ്‌യുമായി തൃഷയ്ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ചർച്ചകൾ വർഷങ്ങളായി സജീവമാണെങ്കിലും, സംഗീത കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പരാമർശങ്ങളാണ് ഇപ്പോൾ വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്.

ചെങ്കൽപേട്ട് കുടുംബകോടതിയിൽ നൽകിയ ഹർജിയിൽ വിജയ്‌ക്കെതിരെ അതീവ ഗൗരവകരമായ ആരോപണങ്ങളാണ് സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021 ഏപ്രിൽ മുതൽ വിജയ്ക്ക് ഒരു പ്രമുഖ നടിയുമായി അവിഹിത ബന്ധമുണ്ടെന്നും ഇത് തനിക്ക് വലിയ വൈകാരിക വേദനയും മാനസിക വിഷമവും ഉണ്ടാക്കിയെന്നും സംഗീത ആരോപിക്കുന്നു. ഈ ബന്ധത്തെക്കുറിച്ച് താൻ അറിഞ്ഞപ്പോൾ അത് അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയിരുന്നെങ്കിലും, അദ്ദേഹം അത് തുടരുകയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. വിശ്വാസവഞ്ചന കാട്ടിയ ഭർത്താവിനൊപ്പം ഇനി ജീവിക്കാനാവില്ലെന്നാണ് സംഗീതയുടെ നിലപാട്.

വാർത്ത പ്രചരിച്ചതോടെ തൃഷയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിജയ്‌ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾക്ക് താഴെ അധിക്ഷേപകരമായ കമന്റുകളുടെ പ്രവാഹമാണ്. "ഒരു കുടുംബം തകർത്തതിന് അഭിനന്ദനങ്ങൾ", "മറ്റൊരാളുടെ ജീവിതം നശിപ്പിച്ചിട്ട് ഇപ്പോൾ സന്തോഷമായോ?", "അവനവന്റെ കാര്യം നോക്കി ജീവിച്ചുകൂടേ?" എന്നിങ്ങനെ പരിഹാസവും രോഷവും നിറഞ്ഞ പ്രതികരണങ്ങളാണ് വരുന്നത്. സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തിയപ്പോഴുള്ള ആവേശം ഇപ്പോൾ സൈബർ ഇടങ്ങളിൽ വലിയ വിദ്വേഷമായി മാറിയിരിക്കുകയാണ്. നിരവധി മീമുകളും ജിഫുകളും ഉപയോഗിച്ചും നടിയെ അപമാനിക്കാൻ ശ്രമം നടക്കുന്നുണ്ട്.

യുകെ പൗരത്വമുള്ള സംഗീതയും വിജയ്‌യും തമ്മിലുള്ള വിവാഹം 1998 ജൂലൈ 10-ന് യുകെയിൽ വെച്ചാണ് ആദ്യം രജിസ്റ്റർ ചെയ്തത്. തുടർന്ന് 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ച് ആചാരപ്രകാരം വിവാഹിതരായി. നീണ്ട 27 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത് എന്നത് ആരാധകരെയും സിനിമാ പ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്.

സംഗീതയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ വിജയ്‌ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അന്നേ ദിവസം തന്നെ കേസിൽ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. രാഷ്ട്രീയ പ്രവേശനത്തിന്റെ തിരക്കുകൾക്കിടയിൽ നിൽക്കുന്ന വിജയ്‌ക്ക് ഈ നിയമപോരാട്ടം വലിയ വെല്ലുവിളിയാകുമെന്നുറപ്പാണ്. അതേസമയം, തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.