തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻജിനീയറിങ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം വിവാദ വാർത്താ വിഷയമായി തുടരുകയാണ്. വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് മാറ്റി കോർപ്പറേഷൻ നടപടി സ്വീകരിിച്ചു. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നു എന്ന് പറഞ്ഞ് ഇരിപ്പിടങ്ങൾ മുറിച്ചു മാറ്റിയ നടപടി വിവാദമായിരുന്നു.മേയർ ആര്യ രാജേന്ദ്രൻ പൊളിക്കുമെന്ന് ഉറപ്പുനൽകിയിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം ശ്രീ കൃഷ്ണ നഗർ റെസിഡന്റ് അസോസിയേഷൻ മോടി പിടിപ്പിച്ചിരുന്നു.

വിദ്യാർത്ഥികൾ ഓണാവധിക്ക് പോയതിന് പിന്നാലെ 'ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം' എന്ന് ഷെൽറ്ററിന്റെ ചുമരിൽ എഴുതിവച്ചായിരുന്നു റെസിഡന്റ് അസോസിയേഷന്റെ നവീകരണം. ഇതിന് പിന്നാലെയായിരുന്നു കോർപ്പറേഷന്റെ നടപടി.തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരുമിച്ചിരിക്കുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു.

അടുത്തിരിക്കാനല്ലേ വിലക്കുള്ളൂ, മടിയിൽ ഇരിക്കാലോ എന്ന ക്യാപ്ഷനോട് കൂടിയാണ് വിദ്യാർത്ഥികൾ ഫോട്ടോ പോസ്റ്റ് ചെയ്തത്. യുവജന സംഘടനകളടക്കം നിരവധിയാളുകൾ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തു വരികയും ചെയ്തു.പ്രശ്നം വിവാദമായതോടെ മേയർ ഇടപെടുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം അനധികൃതമായി നിർമ്മിച്ചതാണെന്നും പൊളിച്ചുനീക്കി പുതിയത് പണിയുമെന്നും മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു.

ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചത് ശ്രദ്ധയിൽപെട്ട മേയർ വിശദീകരണം നൽകിയിരുന്നു. വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാൻ ഉടൻ ഉത്തരവിറക്കും. പകരം ലിംഗ സമത്വ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കും. ഇതിന്റെ നിർമ്മാണം പി പി പി മോഡലിലായിരിക്കുമെന്നും ഡിസൈൻ പൂർത്തിയായെന്നുമായിരുന്നു മേയർ അറിയിച്ചിരുന്നത്.