- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ രണ്ട് മരണം; പുകഞ്ഞത് വെന്റിലേറ്ററോ അതോ അധികൃതരുടെ അനാസ്ഥയോ? ആരോഗ്യവകുപ്പിന്റെ ന്യായീകരണം പൊളിയുന്നു; മരിച്ച സനീഷിന്റെ വെന്റിലേറ്ററിലായിരുന്നു പൊട്ടിത്തെറിയെന്ന് സൂചന; വെന്റിലേറ്റര്‍ മാറ്റിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍; ആരോഗ്യ കേരളം 'ഐസിയുവില്‍' എന്നതിന് വീണ്ടും തെളിവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ ചികിത്സയിലിരുന്ന രണ്ട് രോഗികള്‍ മരിച്ചത് വിവാദത്തില്‍. നെയ്യാറ്റിന്‍കര സ്വദേശി സനീഷ് (38), ഓയൂര്‍ സ്വദേശി കൃഷ്ണകുട്ടി എന്നിവരാണ് മരിച്ചത്. തീപിടുത്തത്തെ തുടര്‍ന്ന് രോഗികളെ ഐസിയുവില്‍ നിന്ന് മാറ്റിയപ്പോള്‍ വെന്റിലേറ്റര്‍ സൗകര്യം വിച്ഛേദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതില്‍ സനീഷിന് നല്‍കിയിരുന്ന വെന്റിലേറ്ററിലാണ് തീ പിടിത്തം ഉണ്ടായെന്നും ആരോപണമുണ്ട്.
കഴിഞ്ഞ 17-ാം തീയതിയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സനീഷിന്റെ നില തീപിടുത്തത്തിന് ശേഷമാണ് വഷളായതെന്ന് ബന്ധുക്കള്‍ പറയുന്നു. തീപിടുത്തമുണ്ടായ ഉടന്‍ രോഗിയെ മാറ്റിയപ്പോള്‍ വെന്റിലേറ്റര്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയത് എന്നാണ് സനീഷിന്റെയും കൃഷ്ണകുട്ടിയുടെയും ബന്ധുക്കള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ ബന്ധുക്കളുടെ ആരോപണം മെഡിക്കല്‍ കോളേജ് അധികൃതര്‍ പൂര്‍ണ്ണമായും നിഷേധിച്ചു. രണ്ട് രോഗികളും നേരത്തെ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും സ്വാഭാവിക മരണമാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
രോഗികളെ ഐസിയുവില്‍ നിന്ന് മാറ്റുമ്പോള്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവന്‍രക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയിരുന്നുവെന്നും തീപിടുത്തവുമായി മരണത്തിന് യാതൊരു ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി സനീഷിന്റെയും കൃഷ്ണകുട്ടിയുടെയും കുടുംബങ്ങള്‍ മുന്നോട്ട് പോവുകയാണ്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി സര്‍ജിക്കല്‍ ഐസിയുവില്‍ ഉണ്ടായ തീപിടിത്തത്തിന് കാരണം വെന്റിലേറ്റര്‍ യൂണിറ്റിലുണ്ടായ സാങ്കേതിക തകരാറാണെന്ന് കണ്ടെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന പ്രാഥമിക നിഗമനം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് നടത്തിയ പരിശോധനയില്‍ തിരുത്തി. പ്ലഗ് ബോര്‍ഡിനോ വെന്റിലേറ്ററിനെ മീറ്റര്‍ ബോര്‍ഡുമായി ബന്ധിപ്പിക്കുന്ന വയറിനോ യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
രാവിലെ എട്ടേമുക്കാലോടെയാണ് ഒരു വെന്റിലേറ്റര്‍ യൂണിറ്റിന് തീപിടിച്ചത്. തീപിടിച്ചതിന് പിന്നാലെ വെന്റിലേറ്റര്‍ പൊട്ടിത്തെറിക്കുകയും ഐസിയുവില്‍ കറുത്ത പുക നിറയുകയും ചെയ്തു. വെന്റിലേറ്ററിലുണ്ടായിരുന്ന രണ്ട് 12 വോള്‍ട്ട് ബാറ്ററികളുടെ തകരാറാണോ അതോ മറ്റ് ഇലക്ട്രോണിക് തകരാറുകളാണോ സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. ഉപകരണം പൂര്‍ണ്ണമായി കത്തിയതിനാല്‍ കൃത്യമായ കാരണം കണ്ടെത്തുക പ്രയാസകരമാണ്.
ഐസിയുവിലും അടുത്ത വാര്‍ഡിലുമുണ്ടായിരുന്ന 32 രോഗികളെ അതിവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഇതില്‍ പെട്ട രോഗികളാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ബയോമെഡിക്കല്‍ ടീം, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം എന്നിവര്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഉപകരണങ്ങളുടെ പ്രിവന്റീവ് ടെക്‌നിക്കല്‍ അനാലിസിസും ടെക്‌നിക്കല്‍ ഓഡിറ്റും നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


