- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെനിസ്വേലന്‍ എണ്ണ വരുമാനം സംരക്ഷിക്കാന്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; വെനിസ്വേലന്‍ എണ്ണ വരുമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് യു.എസിന്റെ ദേശീയ സുരക്ഷയെയും വിദേശനയത്തെയും സാരമായി ബാധിക്കുമെന്ന് ട്രംപ്
വെനിസ്വേലന്‍ എണ്ണ വരുമാനം സംരക്ഷിക്കാന്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ സര്‍ക്കാരിന്റെ കൈവശമുള്ള വെനിസ്വേലന്‍ എണ്ണ വരുമാനം സ്വകാര്യ കടക്കാര്‍ പിടിച്ചെടുക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 'അമേരിക്കന്‍, വെനിസ്വേലന്‍ ജനതയുടെ നന്മക്കായി വെനിസ്വേലന്‍ എണ്ണ വരുമാനം സംരക്ഷിക്കല്‍' എന്ന പ്രഖ്യാപനത്തിലൂടെയാണ് ഇത് നടപ്പിലാക്കിയത്.
വെനിസ്വേലന്‍ എണ്ണ വരുമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് വെനിസ്വേലയെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും യു.എസിന്റെ ദേശീയ സുരക്ഷയെയും വിദേശനയത്തെയും സാരമായും ദോഷകരമായും ബാധിക്കുമെന്നും വെള്ളിയാഴ്ച വൈകുന്നേരം ഒപ്പുവച്ച ഉത്തരവില്‍ ട്രംപ് പറഞ്ഞു.
അതനുസരിച്ച്, വിദേശ ഗവണ്‍മെന്റ് ഡെപ്പോസിറ്റ് ഫണ്ടുകളുടെ സംരക്ഷണം അമേരിക്കക്ക് അത്യന്താപേക്ഷിതമാണ്. അതിനാല്‍ വിദേശ ഗവണ്‍മെന്റ് ഡെപ്പോസിറ്റ് ഫണ്ടുകള്‍ കണ്ടുകെട്ടാനോ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്താനോ ഉള്ള സാധ്യത അമേരിക്കയുടെ ദേശീയ സുരക്ഷക്കും വിദേശനയത്തിനും അസാധാരണമായ ഭീഷണിയായി ഞാന്‍ കാണുന്നു. അതിന്റെ ഉറവിടം പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ യുനൈറ്റഡ് സ്റ്റേറ്റ്‌സിന് പുറത്താണ്. ആ ഭീഷണിയെ നേരിടാന്‍ ഞാന്‍ ഇതിനാല്‍ ഒരു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു' എന്ന് ട്രംപ് ഉത്തരവില്‍ പറയുന്നു.
ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ: വൈറ്റ് ഹൗസ് ഉത്തരവില്‍ ട്രംപ് രാജ്യത്തിന്റെ ഈ നീക്കത്തെ 'അനധികൃത' കുടിയേറ്റക്കാരുടെ അപകടകരമായ ഒഴുക്കും 'നിയമവിരുദ്ധ' മയക്കുമരുന്നുകളുടെ പ്രളയവും അവസാനിപ്പിക്കുന്നതിനും ഇറാന്‍, ഹിസ്ബുല്ല തുടങ്ങിയ 'ദുഷ്ട ശക്തികളെ' ചെറുക്കുന്നതുമായും ബന്ധിപ്പിച്ചിരിക്കുന്നു.
'വിദേശ ഗവണ്‍മെന്റ് ഡെപ്പോസിറ്റ് ഫണ്ടുകള്‍' എന്ന ഉത്തരവില്‍ പ്രകൃതിവിഭവങ്ങളുടെയോ അവ നേര്‍പ്പിക്കലിന്റെയോ വില്‍പനയില്‍ നിന്ന് വരുന്ന വെനിസ്വേലന്‍ ഗവണ്‍മെന്റ് ഫണ്ടുകള്‍, നിയുക്ത ട്രഷറി അക്കൗണ്ടുകളിലാണുള്ളത്. ആ ഫണ്ടുകള്‍ക്കെതിരായ ഏതൊരു വിധി, ഉത്തരവ്, അവകാശം, കൂട്ടിച്ചേര്‍ക്കല്‍, അല്ലെങ്കില്‍ മറ്റ് ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ എന്നിവ നിരോധിച്ചിരിക്കുന്നുവെന്നും അതിനായി പ്രത്യേകമായ അനുമതി നേടിയിട്ടില്ല എങ്കില്‍ ആ നീക്കങ്ങള്‍ അസാധുവായി കണക്കാക്കുമെന്നും ട്രംപ് ഉത്തരവിട്ടു.
ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വാര്‍ത്ത സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിച്ചു. പ്രസിഡന്റിന്റെ ഉത്തരവനുസരിച്ച് യു.എസ് സേന, വെനിസ്വേലന്‍ രാഷ്ട്രത്തലവന്‍ നിക്കോളാസ് മദൂറോയെയും ഭാര്യയെയും പിടികൂടി യു.എസിലേക്ക് എത്തിച്ചശേഷവും വെനിസ്വേലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.
250 കോടി ഡോളര്‍ മൂല്യമുള്ള വെനിസ്വേലന്‍ എണ്ണയുടെ നിയന്ത്രണം ഇപ്പോള്‍ പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ യു.എസ് തന്ത്രത്തിന്റെ മൂലക്കല്ലായാണ് കരുതുന്നത്. കൂടാതെ നിക്കോളാസ് മദൂറോയുടെ തട്ടിക്കൊണ്ടുപോവലിനു പിന്നാലെ യു.എസ് കമ്പനികള്‍ക്ക് ഒരു തുറന്ന അവസരവുമാണ്.
അതിനിടെ, ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ലാറ്റിനമേരിക്കന്‍ രാജ്യത്ത് ദ്രുതഗതിയിലുള്ള നിക്ഷേപം നടത്തുന്നതില്‍നിന്ന് യു.എസ് എണ്ണ ഭീമന്മാര്‍ പിന്‍വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് അതിനുള്ള അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതയും രാഷ്ട്രീയ അനിശ്ചിതത്വവും ചൂണ്ടിക്കാണിച്ചാണിത്.




