വാഷിങ്ടണ്‍: അമേരിക്കയില്‍ പത്ത് ലക്ഷം ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിശ്വസത്നായ ഇലോണ്‍ മസ്‌ക് അയച്ച മെയിലിന് മറുപപടി നല്‍കാത്തവരെ പിരിച്ചു വിടുമെന്നാണ് ഭീഷണി. കഴിഞ്ഞ ശനിയാഴ്ച ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡോജില്‍ നിന്ന് പുതിയൊരു ഇമെയില്‍ വന്നിരുന്നു. കഴിഞ്ഞ ആഴ്ച ചെയ്ത ജോലികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇമെയില്‍ ആയിരുന്നു അത്. എന്നാല്‍ എഫ്.ബി.ഐ പോലെ ചില ഏജന്‍സികള്‍ ആ ഇമെയിലിന് മറുപടി നല്‍കേണ്ടതില്ലെന്ന നിര്‍ദേശമായിരുന്നു ജീവനക്കാര്‍ക്ക് നല്‍കിയത്.

ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റെിന്റെ ഈ ഉത്തരവ് അനുസരിക്കാത്തവരെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെയാണ് ട്രംപ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. മറുപടി അയയ്ക്കാത്തവര്‍ ആരൊക്കെയാണെന്നതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്നാണ് ട്രംപ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്ത് കൊണ്ടാണ് മറുപടി നല്‍കാത്തത് എന്ന കാര്യം ജീവനക്കാര്‍ വ്യക്തമാക്കുക തന്നെ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും ജീവനക്കാരുടെ പേരില്‍ നടപടി ഉണ്ടാകുക. 23 ലക്ഷം ജീവനക്കാര്‍ക്കാണ് ഡോജില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിക്ക് മുമ്പ് മെയിലിന് മറുപടി നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ജോലി സംബന്ധിച്ച അഞ്ച് കാര്യങ്ങളിലാണ് വിശദീകരണം തേടിയിരുന്നത്. മറുപടി നല്‍കാത്തവര്‍ ജോലി രാജി വെച്ചു എന്ന് തന്നെ കരുതിക്കോളാനാണ് മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. പല ഡിപ്പാര്‍ട്ടമെന്റുകളിലേയും മേലധികാരികള്‍ ജീവനക്കാരോട് മെയിലിന് മറുപടി നല്‍കരുത്

എന്നാവശ്യപ്പെട്ടത് കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു.

എന്നാല്‍ ട്രംപ് പറയുന്നത് ഏതൊക്കെ വകുപ്പുകളിലാണ് ജീവനക്കാര്‍ കൂടുതല്‍ ഉള്ളതെന്ന് ഡോജിന് വ്യക്തമായി അറിയാമെന്നും എവിടെയൊക്കെയാണ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കേണ്ടത് എന്ന കാര്യത്തിലും തീരുമാനം എടുത്തതായിട്ടാണ് ട്രംപ് പറയുന്നത്. വകുപ്പ് മേധാവികള്‍ക്കും അധികമായിട്ടുള്ള ജീവനക്കാരെ വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണെന്നും ട്രംപ് വെളിപ്പെടുത്തി.

അതിനിടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ എഞ്ചിനീയര്‍മാര്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഓട്ടോമേറ്റഡ് റിഡക്ഷന്‍ ഇന്‍ ഫോഴ്‌സ് എന്നതിന്റെ ചുരുക്കപ്പേരായ 'ഓട്ടോറിഫ്' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സോഫ്‌റ്റ്വെയറാണ് ഡോജ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് പറയപ്പെടുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യുഎസ് പ്രതിരോധ വകുപ്പാണ് ആദ്യമായി ഓട്ടോറിഫ് സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചത്.

അതിന് ശേഷം നിരവധി തവണ അപ്‌ഡേറ്റ് ചെയ്യപ്പെട്ട ഈ ആപ്പ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനായി ഉപയോഗിക്കുകയും ചെയ്തു. ഈ ആപ്പ് ഇപ്പോള്‍ ഡോജ് ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇതുവരെ, സാധാരണ ഓഫീസ് നടപടിക്രമങ്ങളിലൂടെയാണ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നത്. ജീവനക്കാരുടെ രജിസ്ട്രികളും മാനേജര്‍മാര്‍ നല്‍കിയ പട്ടികകളും ഇതിനായി എച്ച്ആര്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ചുറപ്പിക്കും. പിരിച്ചുവിടല്‍ പ്രക്രിയ സങ്കീര്‍ണമാക്കുന്ന സിവില്‍ സര്‍വീസ് പരിരക്ഷയില്ലാത്ത, അടുത്തിടെ ജോലിയില്‍ കയറിയ പ്രൊബേഷണറി ജീവനക്കാരേയും സ്ഥാനക്കയറ്റം ലഭിച്ചവരേയും മറ്റേതെങ്കിലും വിധത്തില്‍ സ്ഥാനമാറ്റം ലഭിച്ചവരേയുമാണ് ആദ്യം പിരിച്ചുവിടുന്നത്.

കഴിഞ്ഞ ആഴ്ചകളിലായി വിവിധ ഏജന്‍സികളിലെ ആയിരക്കണക്കിന് ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ട്രംപ് ഭരണകൂടം രണ്ടാംഘട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഡോജ് ഓട്ടോറിഫ് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ എഐയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതോടെ അടുത്ത കൂട്ടപ്പിരിച്ചുവിടലില്‍ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍.