വാഷിങ്ടണ്‍: ലോകരാജ്യങ്ങളുമായി താരിഫ് യുദ്ധത്തിലേക്ക് നീങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത പണിയുമായി രംഗത്ത്. ലോകരാജ്യങ്ങള്‍ക്ക് അനിയന്ത്രിതമായ രീതിയില്‍ താരിഫ് നിരക്കുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശ സിനിമകളിലും കണ്ണുവെച്ചാണ് ട്രംപ് രംഗത്തുവന്നത്. വിദേശ സിനിമകള്‍ക്ക് ഇനി മുതല്‍ 100% നികുതി ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു

സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നികുതി പ്രഖ്യാപിച്ചത്. വിദേശ സിനിമകള്‍ ഹോളിവുഡിന്റെ പ്രാധാന്യം കുറയ്ക്കുന്നെന്ന് ആരോപിച്ചാണ് നികുതി പ്രഖ്യാപനം. ഒന്നുകില്‍ അമേരിക്കയില്‍ സിനിമയെടുക്കുക, അല്ലെങ്കില്‍ നൂറ് ശതമാനം നികുതി എന്നതാണ് ട്രംപിന്റെ പോളിസി.

വിദേശ സിനിമകള്‍ അമേരിക്കയിലെ സിനിമ വ്യവസായം നശിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ നമ്മുടെ സിനിമാക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോവുകയാണ്. അതുകൊണ്ടുതന്നെ വിദേശ ഭാഷ സിനിമകള്‍ക്ക് 100% താരിഫുകള്‍ പ്രഖ്യാപിക്കുകയാണ് ഞാന്‍. 'നമുക്ക് അമേരിക്കയില്‍ നിര്‍മിച്ച സിനിമകള്‍ വേണം എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് നികുതി പ്രഖ്യാപനം നടത്തിയത്.

അതേസമയം ട്രംപിന്റെ പ്രഖ്യാപനം എങ്ങനെയാണ് പ്രാവര്‍ത്തികമാക്കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ നികുതിക്ക് പുറത്തുനില്‍ക്കുന്ന വ്യവസായമാണ് സിനിമകള്‍. എന്നാല്‍ ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ വിതരണ ചിലവുകളില്‍ എത്ര കണ്ട് വ്യത്യാസം വരുമെന്ന ആശങ്കയിലാണ് സിനിമാ പ്രവര്‍ത്തകര്‍.

അമേരിക്കയുമായി വ്യാപാരബന്ധം സൂക്ഷിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും മാസങ്ങള്‍ക്ക് മുന്‍പാണ് ട്രംപ് അധികനികുതി പ്രഖ്യാപിച്ചത്. അതില്‍ തന്നെ ചൈനയ്ക്ക് 125% നികുതിയാണ് ചുമത്തിയത്. പിന്നീട് ഈ തീരുമാനം മരവിപ്പിച്ചിരുന്നെങ്കിലും ഏഷ്യന്‍, അമേരിക്കന്‍ വിപണികളില്‍ ഈ തീരുമാനം വലിയ ചലനമുണ്ടാക്കിയിരുന്നു. ഇവയ്ക്കെല്ലാം പിന്നാലെയാണ് വിദേശ സിനിമകള്‍ക്കും ട്രംപ് നികുതി പ്രഖ്യാപിച്ചിരിക്കുന്നത്.

നിയന്ത്രണങ്ങളും ഉയര്‍ന്ന നികുതിയും യുഎസ് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് പ്രതികൂലമായേക്കാമെന്നും വിലയിരുത്തലുകളുണ്ട്. പല അന്താരാഷ്ട്ര നഗരങ്ങളും സിനിമ, ടിവി പ്രൊഡക്ഷനുകളെ ആകര്‍ഷിക്കുന്നതിനായി ഉദാരമായ നികുതി ഇളവുകളുമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇതിന് മറുപടിയായി, കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം ഹോളിവുഡ് നിര്‍മ്മാണം പുനരുജ്ജീവിപ്പിക്കുന്നതിന് നികുതി ആനുകൂല്യം വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം, പാന്‍ഡെമിക്കിന് ശേഷം കാഴ്ചക്കാര്‍ കൂടുതലായി ഹോം സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് മാറിയതോടെ ചെയ്തതോടെ യുഎസിലെ സിനിമാ ടിക്കറ്റ് വില്‍പ്പന കുറഞ്ഞിരുന്നു.