വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ ഒപ്പുവച്ച് യു,എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതോടെ അത് ഏറ്റവും സാരമായി ബാധിക്കുക ഇന്ത്യന്‍ ടെക്കികള്‍ക്കാണ്. ഫീസ് ഉയര്‍ന്നതോടെ ഇന്ത്യക്കാരെ തഴഞ്ഞ് തദ്ദേശ വഴിയില്‍ ജോലിക്കാരെ തേടാന്‍ അമേരിക്കന്‍ ടെക് കമ്പനികളും നിര്‍ബന്ധിതരായേക്കും. ട്രംപിന്റെ നീക്കം ശരിക്കും ടെക് ഭീമന്‍മാര്‍ക്ക് വലിയ പ്രഹരമായിരിക്കയാണ്.

ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ് എച്ച് വണ്‍ ബി വിസ. ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എച്ച് വണ്‍ ബി വിസക്കായുള്ള അപേക്ഷകള്‍ എത്തുന്നതും.

'ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി ഏറ്റവും മികച്ച വിദേശ ഉദ്യോഗാര്‍ഥികളെ കൊണ്ടുവരാനാണ് എച്ച്-1ബി വിസ നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍, വര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള ഒരു മാര്‍ഗ്ഗമായി ഇതു മാറി. സാങ്കേതികവിദ്യാ തൊഴിലാളികള്‍ക്ക് സാധാരണയായി യു.എസ്. നല്‍കുന്ന 1,00,000-ല്‍ പരം ഡോളര്‍ ശമ്പളത്തേക്കാള്‍ വളരെ കുറവാണ് വിസ ഫീസ്.' സര്‍ക്കാര്‍ തീരുമാനത്തെ ടെക് വ്യവസായം എതിര്‍ക്കില്ലെന്നും അവര്‍ വളരെ സന്തുഷ്ടരായിരിക്കുമെന്നും ട്രംപ് പ്രതികരിച്ചു.

ടെക് മേഖലകളില്‍ ജോലി നോക്കുന്നവരെയാണ് പ്രധാനമായും പുതിയ പരിഷ്‌കാരം ബാധിക്കുക. പ്രത്യേകിച്ച് ഇന്ത്യയില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ. എച്ച് വണ്‍ ബി വിസ അപേക്ഷകരുടെ കണക്കില്‍ ഇന്ത്യ മുന്നിലാണ്. ചൈനയും കാനഡയുമാണ് തൊട്ടുപിന്നില്‍. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം തുടങ്ങിയ മേഖലകളില്‍, ഒഴിവുകള്‍ നികത്താന്‍ പ്രയാസമുള്ള ജോലികളില്‍ ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ള ആളുകള്‍ക്കായി 1990-ലാണ് എച്ച്1-ബി വിസ പദ്ധതി ആരംഭിച്ചത്.

കുറഞ്ഞ വേതനം നല്‍കാനും തൊഴില്‍ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കാനും ഇത് കമ്പനികളെ അനുവദിച്ചിരുന്നു. ഇതോടെ വലിയ കമ്പനികള്‍ ഉപയോഗപ്പെടുത്തി വന്ന സൗകര്യവും ഉല്ലാതെയായി. ശരാശരി 2.5 ലക്ഷം തൊട്ട് 5 ലക്ഷം രൂപ വരെയായിരുന്നു എച്ച് വണ്‍ ബി വിസയ്ക്ക് ഈടാക്കിയിരുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും തൊഴിലുടമയാണ് അടക്കേണ്ടിയിരുന്നത്.


10,000-ത്തില്‍ അധികം എച്ച്-1ബി വിസകള്‍ നേടി ആമസോണ്‍ ആണ് ഈ വര്‍ഷം മുന്നിട്ട് നില്‍ക്കുന്നത്. തൊട്ടുപിന്നാലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ എന്നിവയുമുണ്ട്. കാലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ എച്ച്-1ബി തൊഴിലാളികളുള്ളത്. ട്രംപിന്റെ പുതിയ ഉത്തരവോടെ ഈ കമ്പനികള്‍ക്കെല്ലാം പ്രതിസന്ധിയാണ് ഉണ്ടായത്.

'എച്ച് വണ്‍ ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയ തീരുമാനത്തെ എല്ലാ വലിയ കമ്പനികളും പിന്തുണയ്ക്കുന്നുവെന്നാണ് ട്രംപിന്റെ അനുകൂലികള്‍ പറയുന്നത്. യുഎസ് ബിരുദധാരികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ഈ നയം ലക്ഷ്യമിടുന്നത്. ആര്‍ക്കെങ്കിലും പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, നമ്മുടെ മികച്ച സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങിയ അമേരിക്കക്കാര്‍ക്ക് പരിശീലനം നല്‍കുക. നമ്മുടെ ജോലികള്‍ തട്ടിയെടുക്കാന്‍ പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നത് നിര്‍ത്തുക.'- യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്ക് പറഞ്ഞു.

കമ്പനിയുടെ വലിപ്പം കണക്കാക്കി ശരാശരി 1700 ഡോളര്‍ മുതല്‍ 4500 ഡോളര്‍ വരെയാണ് നേരത്തേ എച്ച് വണ്‍ ബി വിസയ്ക്ക് അടക്കേണ്ടിയിരുന്നത്. ഇതില്‍ രജിസ്ട്രേഷന്‍ ഫീസായി 215 ഡോളര്‍, ഫയളിങ് ഫീസായി 460 ഡോളര്‍, ഫ്രോഡ് പ്രിവന്‍ഷന്‍ ഫീസായി 500 ഡോളര്‍, അമേരിക്കന്‍ കോംപറ്റിറ്റീവ്നെസ് ആന്റ് വര്‍ക്ഫോഴ്സ് ഇംപ്രൂവ്മെന്റ് ആക്ട് ഫീസായ 750 ഡോളര്‍ തുടങ്ങിയവയാണ് ഏടിസ്ഥാനപരമായി വിസയ്ക്ക് നല്‍കേണ്ടത്. 50-ലധികം തൊഴിലാളികളുള്ള കമ്പനിയാണെങ്കില്‍ പബ്ലിക് ലോ ഫീസായി 4000 ഡോളറും അധികം നല്‍കണം. ഇതിനുപുറമെ, പ്രീമിയം പ്രോസസിങ് ഫീസായി 2500 ഡോളര്‍ വരെ നല്‍കണം. ഇതെല്ലാം ഉള്‍പ്പെട്ടതാണ് നിലവിലുണ്ടായിരുന്ന ഫീസ്.

അതേസമയം അമേരിക്കയിലേക്ക് സമ്പന്നരെ ആകര്‍ഷിക്കാനുള്ള പദ്ധതിയും ഇതിനൊപ്പം ട്രംപ് പുറത്തിറക്കിയിട്ടുണ്ട്. 10 ലക്ഷം ഡോളര്‍ നല്‍കുന്നവര്‍ക്ക് അതിവേഗ 'ഗോള്‍ഡ് കാര്‍ഡ്' വിസകള്‍ നല്‍കുന്നതിനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. ഫെബ്രുവരിയില്‍ ട്രംപ് അവതരിപ്പിച്ച ഗോള്‍ഡ് കാര്‍ഡ് പദ്ധതി പ്രകാരം, കുറഞ്ഞത് 10 ലക്ഷം ഡോളര്‍ നല്‍കുന്ന അമേരിക്കക്കാരല്ലാത്തവര്‍ക്ക് കുടിയേറ്റ വിസയ്ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. 20 ലക്ഷം ഡോളര്‍ നല്‍കുകയാണെങ്കില്‍ കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്യാം.

ഏകദേശം 80,000 ഗോള്‍ഡ് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്ന് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്ട്നിക്ക് പറഞ്ഞു. ഗോള്‍ഡ് കാര്‍ഡിന് അംഗീകാരം ലഭിക്കുകയും 15,000 ഡോളര്‍ 'പരിശോധനാ ഫീസ്' അടയ്ക്കുകയും ചെയ്യുന്നവരെ ഗ്രീന്‍ കാര്‍ഡ് ഉടമകളായ സ്ഥിരതാമസക്കാരായി കണക്കാക്കുമെന്ന് ലുട്ട്നിക്ക് പറഞ്ഞു. നിലവിലുള്ള EB-1, EB-2 വിസ പ്രോഗ്രാമുകള്‍ക്ക് പകരമായിരിക്കും ഗോള്‍ഡ് കാര്‍ഡുകളെന്നും അദ്ദേഹം പറഞ്ഞു.