ലണ്ടന്‍: ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടയില്‍ എലിസബത്ത് രാജ്ഞിയുടെ ശവകുടീരത്തിലെത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അതീവ വൈകാരികമായ ശ്രദ്ധാഞ്ജലിയാണ് അര്‍പ്പിച്ചത്. പത്‌നി മെലാനിയയ്ക്കൊപ്പം വിന്‍ഡ്‌സറിലെ സെയിന്റ് ജോര്‍ജ്ജ് ചാപ്പലിലെത്തിയ ട്രംപ് ഭക്തിയും ശോകവും കലര്‍ന്ന സമ്മിശ്ര വികാരത്തിലായിരുന്നു. കല്ലറയില്‍ പുഷ്പ ചക്രമര്‍പ്പിച്ചതിന് ശേഷം ഏകദേശം പത്ത് മിനിറ്റോളം അവിടെ ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു എന്നാണ് സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം പറഞ്ഞത്.

അവിടെ നിന്നും പുറത്തിറങ്ങിയ അമേരിക്കന്‍ പ്രസിഡണ്ടിനും ഭാര്യയ്ക്കും ആയി സെയിന്റ് ജോര്‍ജ്ജ് ചാപ്പല്‍ കോയര്‍ സംഘം സംഗീത വിരുന്നൊരുക്കി. ഗാനം അവസാനിച്ചപ്പോള്‍ കൈയ്യടികളോടെ ട്രംപ് ഏഴ് മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ അടങ്ങിയ ഗായകസംഘത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീട് ഗായകസംഘത്തോടോപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ട്രംപ്, അവിടെ നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ നിങ്ങളെ പ്രശസ്തരാക്കും എന്ന് കുട്ടികളോട് പറയാനും മറന്നില്ല.,

അതിന് ശേഷം ചാള്‍സ് രാജാവിനോടൊപ്പം ബീറ്റിംഗ് റിട്രീറ്റ് സംഗീത പരിപാടി ആസ്വദിക്കാനായിരുന്നു ട്രംപ് പോയത്. വിന്‍ഡ്‌സര്‍ കാസിലിലെ കിഴക്ക് വശത്തുള്ള പുല്‍ത്തകിടിയില്‍ 200 സൈനികര്‍ അടങ്ങിയ സംഘമാണ് സംഗീത വിരുന്നൊരുക്കിയത്. പരിപാടി തീരുന്നത് വരെ ട്രംപിനൊപ്പം, ചാള്‍സ് രാജാവും, കാമില രാജ്ഞിയും മെഒലാനിയ ട്രംപും സ്റ്റേജില്‍ ഉണ്ടായിരുന്നു. അവര്‍ക്കൊപ്പം, നയനാനന്ദകരമായ ഈ കാഴ്ചകള്‍ കാണാന്‍ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും എത്തിയിരുന്നു. അതിനു മുന്‍പായി, രാവിലെ തന്നെ ട്രംപ് വിന്‍ഡ്‌സര്‍ കാസിലിലെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചിരുന്നു.

ട്രംപിന്റെ രണ്ടാം സന്ദര്‍ശനത്തില്‍ അദ്ദേഹത്തേയും പത്നിയെയും സ്വാഗതം ചെയ്യാന്‍ രാജാവിനും രാജ്ഞിക്കുമൊപ്പം വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ഉണ്ടായിരുന്നു. അതിനിടയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെയും പത്നിയെയും വിന്‍ഡസര്‍ കാസിലിലെക്ക് സ്വാഗതം ചെയ്യുന്നതിനിടയില്‍ ചില വിവാദങ്ങള്‍ ഉണ്ടായി. വിന്‍ഡ്‌സര്‍ എസ്റ്റേറ്റിലെ സ്വകാര്യ ഉദ്യാനത്തില്‍ കാമില രാജ്ഞിയും അമേരിക്കന്‍ പ്രഥമ വനിതയും സംസാരിച്ചു നില്‍ക്കുന്നതിനിടെയായിരുന്നു കെയ്റ്റ് രാജകുമാരി അവിടേക്ക് എത്തിയത്.

രാജാവും, പ്രസിഡണ്ടും തൊട്ടടുത്ത് നില്‍ക്കുന്നുമുണ്ടായിരുന്നു. കെയ്റ്റിനെ കണ്ട ഉടന്‍ തന്നെ മെലാനിയ രാജകുമാരിക്ക് നേരെ തിരിഞ്ഞ് അവരെ അഭിവാദ്യം ചെയ്തു. ഇത് രാജ്ഞിയുമായുള്ള സംഭാഷണ ചരട് മുറിയ്ക്കുകയും ചെയ്തു. പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് കെയ്റ്റ് അവരുടെ സമീപത്തേക്ക് വേഗം നടന്നടുക്കുകയും ചെയ്തു. മെലാനിയയും കെയ്റ്റും തമ്മിലുള്ള സംഭാഷണം ആരംഭിച്ചതോടെ രാജ്ഞി ഏതാണ്ട് ഒറ്റപ്പെട്ടതുപോലെ കാണപ്പെട്ടു. പ്രസിഡണ്ടിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളില്‍ കെയ്റ്റ് രാജകുമാരിയെ പങ്കെടുപ്പിച്ചത് ഒരു ബഹുമതിയായി കാണുന്നു എന്നായിരുന്നു ട്രംപിന്റെ വക്താവ് പറഞ്ഞത്.

ഒരുപറ്റം ഫാഷന്‍ ഡിസൈനര്‍മാരും, ഹെയര്‍ ഡിസൈനര്‍മാരും മെയ്ക്ക് അപ് സ്‌റ്റൈലിസ്റ്റുകളുമൊക്കെ, ലഭ്യമായിരുന്ന പരിപാടികള്‍ക്ക് ശേഷം കെയ്റ്റ് രാജകുമാരിയും മെലാനിയ ട്രംപും ഫാഷന്‍ പ്രേമികളുടെ ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായി മാറി. അവരുടെ ഫാഷന്‍ സെന്‍സും, വസ്ത്രങ്ങളും മറ്റും തിരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മതയുമെല്ലാം ഫാഷന്‍ പ്രേമികള്‍ ചര്‍ച്ചയാക്കി.