- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇന്ത്യയുടെ സുദര്‍ശന്‍ ചക്ര പാക്കിസ്ഥാന്റെ ചൈനീസ് മിസൈലുകളെ തകര്‍ത്തെറിഞ്ഞത് അനായാസം; അയേണ്‍ ഡോമിനെയും കടത്തിവെട്ടുന്ന ആകാശ പ്രതിരോധ മികവ്; ആകാശ യുദ്ധങ്ങള്‍ പെരുകുന്ന കാലത്ത് യുഎസിന് 'ഗോള്‍ഡന്‍ ഡോം' സംവിധാനമൊരുക്കാന്‍ ട്രംപ്; 25 ബില്യണ്‍ ഡോളര്‍ മാറ്റിവെച്ച് തുടക്കം
ഇന്ത്യയുടെ സുദര്‍ശന്‍ ചക്ര പാക്കിസ്ഥാന്റെ ചൈനീസ് മിസൈലുകളെ തകര്‍ത്തെറിഞ്ഞത് അനായാസം
വാഷിങ്ടണ്‍: ഇന്നത്തെ കാലത്ത് എല്ലാ രാജ്യങ്ങളും അവരുടെ പ്രതിരോധ മേഖലയില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏറ്റവും മികച്ച നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുന്നതിനാണ്. ഇസ്രയേലിന്റെ അയണ്‍ഡോം സംവിധാനവും ഇന്ത്യയുടെ സുദര്‍ശന്‍ ചക്രയും എല്ലാം അവയുടെ മികവ് ഫലപ്രദമായി തെളിയിച്ചതുമാണ്. ഈ സാഹചര്യത്തിലാണ് അമേരിക്ക അവരുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.
ഇതിന്റെ വിശദാംശങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തു വിട്ടിരിക്കുകയാണ്. ഗോള്‍ഡന്‍ ഡോം എന്നാണ് ഈ സംവിധാനത്തിന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ ഡിസൈന്‍ തയ്യാറായിട്ടുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്. തന്റെ പ്രസിഡന്റ് കാലാവധി കഴിയുന്നതിന് മുമ്പ് ത്ന്നെ ഇത് പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ജനുവരിയില്‍ രണ്ടാം വട്ടം പ്രസിഡന്റായി വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഉള്‍പ്പെടെ അമേരിക്കക്ക് നേരേ ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള ഭീഷണികളെ നേരിടാന്‍ സംവിധാനം ഒരുക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
പുതിയ ബജറ്റില്‍ ബില്ലില്‍ 25 ബില്യണ്‍ ഡോളറാണ് പ്രാരംഭ തുകയായി നീക്കിവച്ചിട്ടുള്ളത്. എന്നാല്‍ ഇതിന് ഇതില്‍ കൂടുതല്‍ ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അമേരിക്കന്‍ പ്രതിരോധ സേനയുടെ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് എതിരാളികളുടെ കൈവശമുള്ള അത്യാധുനിക ആയുധങ്ങളുമായി പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് വിദഗ്ധര്‍ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. സ്‌പേസ് ഫോഴ്‌സ് ജനറല്‍ മൈക്കല്‍ ഗ്വെറ്റ്‌ലിന്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ സ്‌പേസ് ഫോഴ്‌സിലെ സ്‌പേസ് ഓപ്പറേഷന്‍സ് വൈസ് ചീഫ് ജനറല്‍ ഇദ്ദേഹമാണ്. രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റ് ഏഴ് ദിവസത്തിനുള്ളില്‍, വ്യോമാക്രമണങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ഒരു സംവിധാനം ഒരുക്കാന്‍ പദ്ധതി സമര്‍പ്പിക്കാന്‍ ട്രംപ് പ്രതിരോധ വകുപ്പിനോട് ഉത്തരവിട്ടിരുന്നു. ഇപ്പോഴും അമേരിക്ക വ്യോമാക്രമണം തടയാന്‍ പൂര്‍ണമായും സജ്ജമല്ല എന്ന കാര്യം വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയില്‍ ട്രംപ്, കര, കടല്‍, ബഹിരാകാശം എന്നിവയിലുടനീളം ഏറ്റവും നൂതനമായ പുതിയ തലമുറ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന സംവിധാനമായിരിക്കും വ്യോമ പ്രതിരോധത്തിനായി ഒരുക്കുക എന്ന് അറിയിച്ചു. ബഹിരാകാശത്ത് സ്ഥാപിക്കുന്ന സെന്‍സറുകളും ഇന്റര്‍സെപ്റ്ററുകളും ഉള്‍പ്പെടുന്നു. ഈ സംവിധാനത്തിന്റെ ഭാഗമാകാന്‍ കാനഡ താല്‍പ്പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച അന്നത്തെ കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ പദ്ധതിയില്‍ പങ്കെടുക്കാന്‍ കാനഡയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇതെല്ലാം ദേശീയ താല്‍പ്പര്യത്തിന് വേണ്ടിയാണെന്നും ട്രംപ് പറഞ്ഞു. ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകള്‍ തടയാന്‍ പോലും ഗോള്‍ഡന്‍ ഡോമിന് കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലിന്റെ അയണ്‍ഡോമില്‍ നിന്നാണ് അമേരിക്ക ഇക്കാര്യത്തില്‍ പ്രഛോദനം ഉള്‍ക്കൊണ്ടത്. എന്നാല്‍ ഗോള്‍ഡന്‍ഡോം ഇതിന്റെ എത്രയോ മടങ്ങ് വലിപ്പമുള്ളതായിരിക്കും. ആരംഭഘട്ടത്തില്‍ ഇതിനായി ഇരുപത്തിയഞ്ച് ബില്യണ്‍ ഡോളറാണ് മാറ്റി വെച്ചിരിക്കുന്നത് എങ്കിലും മൊത്തത്തില്‍ 175 ബില്യണ്‍ ഡോളര്‍ ചെലവാകും എന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.