സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്: രണ്ടു നാള്‍ മാത്രം അകലെയാണ് രണ്ടാം സീസണിലെ മറുനാടന്‍ കപ്പിനായുള്ള വടംവലി പോരാട്ടം. തിളച്ച ചൂടില്‍ ഉരുകി നില്‍ക്കുന്ന പകലില്‍ മല്ലന്മാര്‍ മാത്രമല്ല ഇത്തവണ പോരിന് ഇറങ്ങുന്നത് വീര വനിതകളും കമ്പക്കയറില്‍ വട്ടമിടും. യുകെയില്‍ ഏറ്റവും വലിയ തുക സമ്മാനം നല്‍കുന്ന പ്രസ്റ്റീജ് പോരാട്ടത്തില്‍ ലോകമെങ്ങും വായനക്കാരുള്ള മാധ്യമത്തിന്റെ പേരില്‍ ഉള്ള എവര്‍ റോളിംഗ് ട്രോഫിയില്‍ മുത്തമിടാന്‍ യുകെയിലെ വടംവലി ടീമുകള്‍ മൊത്തം എത്തും എന്നാണ് കരുതപ്പെടുന്നത്.

ഒപ്പം അയര്‍ലന്‍ഡ്, ബെല്‍ജിയം ടീമുകള്‍ കൂടി വരുന്നതോടെ വീറും വാശിയും നിറഞ്ഞ യൂറോപ്യന്‍ മത്സരത്തിനാണ് ഇത്തവണയും സ്റ്റോക് ഓണ്‍ ട്രെന്റ് സാക്ഷിയാകുന്നത്. സാധാരണ ഓണക്കാലത്തു ചൂടുപിടിക്കുന്ന വടംവലി മത്സരങ്ങള്‍ യുകെയില്‍ ആറുമാസത്തിലേറെ ആയി നടക്കുന്ന സീസണായി മാറിയതിനാല്‍ എല്ലാ മാസവും വടംവലി ടീമുകളും ആരാധകരും സജീവമാണ്. വേനല്‍ക്കാലവും ഓണക്കാലവും ഒന്നിച്ചു വരുന്നതോടെ ഇനിയുള്ള ദിവസങ്ങളിലെ മത്സരങ്ങള്‍ക്ക് ഞായറാഴ്ച നടക്കുന്ന മറുനാടന്‍ വടംവലി ചാമ്പ്യന്‍ഷിപ്പ് പ്രത്യേക ഊര്‍ജവും കരുത്തും ആയി മാറുമെന്നതില്‍ തര്‍ക്കമില്ല.

രാവിലെ എട്ടിന് രജിസ്ട്രേഷന്‍; പത്തിന് ഉദ്ഘാടനവും; വൈകുന്നേരം ആറോടെ സമ്മാന വിതരണം

ജൂലൈ 13നു ഞായറാഴ്ച രാവിലെ എട്ടു മണിക്കാണ് രജിസ്ട്രേഷന്‍ ആരംഭിക്കുക. എട്ടരയ്ക്ക് വെയിറ്റ് എടുക്കുന്ന നടപടികളും ആരംഭിക്കും. പത്തു മണിക്ക് ഉദ്ഘടനം നടക്കും. പത്തര മുതലാണ് പ്രാഥമിക വലികള്‍ ആരംഭിക്കുക. 25 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അയര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ടു ടീമുകള്‍ എത്തും എന്ന് ഉറപ്പായിട്ടുണ്ട്. കാനഡയില്‍ നിന്നും മത്സരം വീക്ഷിക്കുന്നതിനായി അഞ്ചംഗ സംഘവും എത്തിയിട്ടുണ്ട്. കോട്ടയം ബ്രദേഴ്സ് കാനഡ ടീമംഗങ്ങളായ സിനു മുളയാനിക്കല്‍, ഷെല്ലി ജോയ് പുത്തന്‍പുരയില്‍, ജെബിന്‍ ജോസഫ് ചെറുകാറ്റൂര്‍, സുബി ജോസ് ഉരുളുപടിക്കല്‍, സില്‍വെസ്റ്റര്‍ സിറിയക് കൊടുന്നിനാംകുന്നേല്‍ എന്നിവരാണ് കാനഡയില്‍ നിന്നും എത്തിയത്. ഇടവേളകളില്‍ കലാപരിപാടികളും ഉണ്ടാവും. വൈകുന്നേരം ആറു മണിയോടെ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.




യുകെയിലെ ഏറ്റവും പഴയ അസോസിയേഷനുകളില്‍ ഒന്നായ സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷനും സ്റ്റോക് ലയണ്‍സുമാണ് ബ്രിട്ടീഷ് മലയാളിയ്ക്കൊപ്പം ഇന്റര്‍നാഷണല്‍ വടംവലി ടൂര്‍ണമെന്റിന് അണിയറയില്‍ ചുക്കാന്‍ പിടിക്കുന്നത്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സൈമി ജോര്‍ജ്, സജിമോന്‍ തോമസ്, ജോഷി സിറിയക്ക്, ടോമിച്ചന്‍ കൊഴുവനാല്‍, ബെന്നി പാലാട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജ്വസ്വലമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

ലക്ഷ്മി നക്ഷത്ര വിശിഷ്ടാതിഥി; മറുനാടന്‍ ഷാജനും ബോബി അലോഷ്യസും അതിഥികള്‍

വിശിഷ്ടാതിഥികളായി പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര, മറുനാടന്‍ മലയാളി മാനേജിങ് ഡയറക്ടര്‍ ഷാജന്‍ സ്‌കറിയ, ഒളിമ്പ്യന്‍ ബോബി അലോഷ്യസ് എന്നിവരും അതിഥികളായി പങ്കെടുക്കും. കെ ആര്‍ ഷൈജുമോന്‍, വിജി കെ പി, ഷൈനു ക്ലെയര്‍ മാത്യൂസ് തുടങ്ങി മറ്റ് അതിഥികളും പങ്കെടുക്കും.

വമ്പന്‍ സമ്മാനത്തുക നേടാന്‍ വാശിയോടെ ടീമുകള്‍

ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്നു എന്നതിനാല്‍ ഈ മത്സരം സ്വന്തമാക്കാന്‍ ഏതു ടീമും ആഗ്രഹിക്കും എന്നത് വാസ്തവമാണ്. ഒന്നാം സമ്മാനമായി 2500 പൗണ്ട് നല്‍കുന്ന മത്സരത്തില്‍ ആകെ 6400 പൗണ്ടാണ് ക്യാഷ് പ്രൈസ് ആയി നല്‍കുന്നത്. യുകെയില്‍ ഒരു മത്സരത്തില്‍ ടീമുകള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനത്തുകയും ഇത് തന്നെയാണ്. മത്സരത്തിന് എത്തുന്ന നാലു വനിതാ ടീമുകളില്‍ മൂന്നു ടീമിനും ഒരു സമ്മാനം ഉറപ്പാണ്.

ഇതോടെ ആകെ 13 ടീമുകള്‍ക്കും സമ്മാനം ലഭിക്കുന്ന സാഹചര്യം കൂടി ഈ മത്സരത്തെ ശ്രദ്ധേയമാക്കുന്നു. പുരുഷ വിഭാഗത്തില്‍ ആദ്യ നാലു സ്ഥാനങ്ങള്‍ക്ക് ശേഷം പത്തു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് വരെ പ്രോത്സാഹന സമ്മാനമുണ്ട്. കൂടെ മൂന്നു വനിതാ ടീമുകള്‍ക്കും ക്യാഷ് പ്രൈസ് നല്‍കുന്നതോടെ മത്സരത്തില്‍ എത്തുന്ന പാതി ടീമുകളും മടങ്ങുക ക്യാഷ് സമ്മാനവും ആയിട്ടാകും എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്. ലൈഫ് ലൈന്‍ പ്രൊട്ടക്ട്, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി, കായല്‍ റസ്റ്റോറന്റ്, ടിഫിന്‍ ബോക്സ്, പോള്‍ ജോണ്‍ സോളിസിറ്റര്‍ എന്നിവരാണ് സ്പോണ്‍സര്‍മാരായി എത്തുന്നത്.




കരുത്തുകാട്ടാനെത്തുന്ന മല്ലന്‍മാര്‍ക്കൊപ്പം ഇത്തവണ പെണ്‍കരുത്തും എത്തുന്നതോടെ ആവേശപ്പോരാട്ടമായിരിക്കും സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ കാത്തിരിക്കുന്നതെന്ന് ഉറപ്പായിട്ടുണ്ട്. വനിതകളുടെ നാലു ടീമുകള്‍ ആണ് മത്സരപോരാട്ടത്തിനായി എത്തുന്നത്. വൂസ്റ്റര്‍, ലിവര്‍പൂള്‍, ഏയ്ഞ്ചല്‍ മൗണ്ട് കെയര്‍ ഹോമിലെ നഴ്‌സുമാരും കെയറര്‍മാരും അടങ്ങുന്ന ടീം, സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നുമുള്ള ടീം എന്നിവരാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വടം വലി മത്സരത്തില്‍ പ്രവചന മത്സരവും; നിബന്ധനകള്‍ ഇങ്ങനെ

മത്സരം കാണാനും ആവേശം പകരാനും എത്തുന്നവര്‍ക്കും ഒരു മത്സരവേദി ഒരുങ്ങുന്നുണ്ട്. പ്രവചന മത്സരമാണത്. വടംവലിയില്‍ ഏതു ടീമാണ് വിജയിക്കുകയെന്ന് ശരിയായ പ്രവചനം നടത്തി വിജയി ആകുന്നയാള്‍ക്ക് 100 പൗണ്ടിന്റെ വൗച്ചറാണ് സമ്മാനമായി ലഭിക്കുക. ഒന്നുമുതല്‍ ഏഴു വരെയുള്ള സ്ഥാനം മുന്‍കൂട്ടി പ്രവചിക്കുന്നയാളിനാണ് സമ്മാനം നല്‍കുക. ഒന്നിലധികം ആളുകള്‍ വിജയികളായാല്‍ നറുക്കെടുപ്പ് നടത്തി വിജയിക്കുന്ന ആളിന് സമ്മാനം നല്‍കും. ഇന്നുമുതല്‍ മത്സര ദിവസമായ ജൂലൈ 13നു ഞായറാഴ്ച രാവിലെ പത്തുമണി വരെ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.



ഒരു ലഹരി പോലെ വടംവലി മത്സരത്തെ നെഞ്ചിലേറ്റുന്ന സ്റ്റോക് ഓണ്‍ ട്രെന്‍ഡ് കിങ്‌സ് ലയണ്‍ ടീം സകല ടീമുകളെയും വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ഈ സീസണിലെ പ്രധാന മത്സരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ഓരോ വടംവലി ടീമും തുടക്കം മികച്ചതാക്കാന്‍ ഉള്ള ശ്രമത്തിലാണ്. മറുനാടന്‍ കപ്പടിക്കുക എന്നത് അഭിമാന പ്രശ്നം ആയതിനാല്‍ എങ്ങനെയും മത്സരത്തില്‍ വിജയിച്ചു കയറുക എന്ന ലക്ഷ്യവും ആയിട്ടാകും മുന്‍നിര ടീമുകള്‍ ഒക്കെ എത്തുക. അതിനാല്‍ ആവേശവും ഏറെ ഉയരെ ആയിരിക്കും. നല്ല കാലാവസ്ഥയില്‍ വടംവലി ആസ്വദിക്കാന്‍ നൂറുകണക്കിന് ആളുകള്‍ സ്റ്റോക് ഓണ്‍ ട്രെന്റില്‍ എത്തും എന്ന സൂചനയാണ് ഇപ്പോള്‍ വടംവലി ടീമുകള്‍ പങ്കിടുന്നതും ഗാലറിക്ക് സമാനമായ വിശാലമായ സ്റ്റേഡിയവും ഇപ്പോള്‍ വടംവലി ആരാധകരെ കാത്തിരിക്കുകയാണ്.

സ്ഥലത്തിന്റെ വിലാസം

St. Peter's Academy Fenton, ST4 2RR, Stoke on Trent