ലണ്ടന്‍: കള്ളപ്പണം വെളുപ്പിക്കുന്നതിന് അവസരമൊരുക്കുന്നതായും, അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയമിക്കുന്നതായും ഉള്ള സംശയത്തിന്റെ പേരില്‍ ബ്രിട്ടന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ടര്‍ക്കിഷ് ബാര്‍ബര്‍ ഷോപ്പുകളില്‍ റെയ്ഡ് നടന്നു. നികുതി വെട്ടിപ്പും ഇവര്‍ നടത്തുന്നു എന്നാണ് സംശയിക്കുന്നത്. ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ച നാഷണല്‍ ക്രൈം ഏജന്‍സി (എന്‍ സി എ) കഴിഞ്ഞ മാസവും നിരവധി റെയ്ഡുകള്‍ നടത്തുകയും ആയിരക്കണക്കിന് കണക്കില്‍ പെടാത്ത പൗണ്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ലോക്കല്‍ പോലീസ്, ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍, എച്ച് എം റവന്യൂ ആന്‍ഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് രാജ്യത്തുടനീളം വിവിധ നഗരങ്ങളില്‍ റെയ്ഡ് നടത്തിയത്. ഈ ബാര്‍ബര്‍ ഷോപ്പുകളില്‍ പലതും മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കുന്നതിനും അനധികൃത കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും ഉള്ള മറകള്‍ മാത്രമാണെന്നാണ് സംശയിക്കുന്നത്. ചില സലൂണുകളില്‍, ഉപയോഗിക്കുന്ന കസേരകളുടെ എണ്ണവും അവര്‍ സമര്‍പ്പിച്ച ലാഭവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ എന്നും ടാക്സ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്.

ചില തെരുവുകളില്‍ ഒന്നിലധികം ബാര്‍ബര്‍ ഷോപ്പുകള്‍ ഉണ്ടെന്നും, പല ദിവസങ്ങളിലും ഒഴിഞ്ഞുകിടക്കുകയാണെങ്കിലും, വന്‍ ലാഭമാണ് അവ രേഖപ്പെടുത്തുന്നതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റീട്ടെയില്‍ അനലിറ്റിക്സ് കമ്പനിയായ ഗ്രീന്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം ബ്രിട്ടനില്‍ തുറന്നത് 750 ബാര്‍ബര്‍ ഷോപ്പുകളാണ്. 2028 ന് ശേഷം ബാര്‍ബര്‍ ഷോപ്പുകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 18,000 ബാര്‍ബര്‍ ഷോപ്പുകള്‍ ഈ കാലയളവില്‍ കൂടുതലായി വന്നു.

ടര്‍ക്കിഷ് ബാര്‍ബര്‍ ഷോപ്പുകളായി പ്രവര്‍ത്തിക്കുന്ന ഇത്തരം ഷോപ്പുകള്‍ പലതും നടത്തുന്നത് മയക്കുമരുന്ന് വ്യാപാരവും കള്ളക്കടത്തും ആയി ബന്ധമുള്ള അല്‍ബേനിയക്കാരോ കുര്‍ദ്ദുകളോ ആണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിമനോഹരമായി മുടി വെട്ടിയൊതുക്കുന്നതിന് പേരു കേട്ടവരാണ് പരമ്പരാഗത ടര്‍ക്കിഷ് ബാര്‍ബര്‍മാര്‍. ഈ പ്രശസ്തി മുതലെടുത്താണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ ബാര്‍ബര്‍ ഷോപ്പുകള്‍ ആരംഭിക്കുന്നത്. ഇവയില്‍ പലതും ഇപ്പോള്‍ അന്വേഷണം നേരിടുകയുമാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, ഇത്തരം ഷോപ്പുകളുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകളും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരുന്നതായി എന്‍ സി എ പറയുന്നു. സംഘടിത ക്രിമിനലുകളുമായി ഇവയ്ക്ക് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണത്തിലുണ്ട്. ബ്രിട്ടനില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ ഏക ഉടമസ്ഥ സ്ഥാപനമായി കണക്കാക്കുന്നതിനാല്‍ അവയ്ക്ക് കമ്പനീസ് ഹൗസില്‍ റെജിസ്റ്റര്‍ ചെയ്യണമെന്നില്ല. ഒരാള്‍ ഷോപ്പ് ആരംഭിച്ചാല്‍, മറ്റ് വ്യക്തികള്‍ക്ക് ജോലി ചെയ്യുന്നതിനായി കസേരകളും മറ്റു സൗകര്യങ്ങളും വാടകക്ക് നല്‍കുകയും ചെയ്യാം.

ഇംഗ്ലീഷ് ചാനല്‍ വഴി അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറ്റക്കാരെ എത്തിക്കുന്ന ഒരു സംഘത്തിന്റെ തലവനെ 2022 ല്‍ അറസ്റ്റ് ചെയ്തതോടെയാണ് ടര്‍ക്കിഷ് ബാര്‍ബര്‍ഷോപ്പുകള്‍ എന്‍ സി എയുടെ നിരീക്ഷണത്തില്‍ ആവുന്നത്. ഫ്രഞ്ച് തീരങ്ങളില്‍ നിന്നും 10,000 അനധികൃത കുടിയേറ്റക്കാരെ ഇംഗ്ലീഷ് ചാനല്‍ വഴി ചെറു ബോട്ടുകളിലായി ഡോവറില്‍ ഈ സംഘം എത്തിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. ഇറന്‍ കുര്‍ദ്ദ് വംശജനായ ഹേവ റഹിംപുര്‍ ആണ് ഇതിന്റെ തലവന്‍. അനധികൃതമായി ബ്രിട്ടനിലെത്തിയ റഹിംപൂര്‍ പിന്നീറ്റ് ഇറാഖില്‍ തനിക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ ഉണ്ടാകും എന്ന വാദം ഉയര്‍ത്തി അഭയാര്‍ത്ഥി പട്ടം നേടിയെടുക്കുകയായിരുന്നു.