സിഡ്‌നി: ഇസ്രയേലികളെ ചികിത്സിക്കാനല്ല, കൊല്ലാനാണ് താത്പര്യം എന്ന് പറയുന്ന വീഡിയോ പുറത്തിറക്കിയ രണ്ട് നഴ്സുമാരെ സസ്‌പെന്‍ഡ് ചെയ്ത ആസ്‌ട്രേലിയയില്‍ ഒരു ആശുപത്രി ഇപ്പോള്‍ രോഗികളുടെ രേഖകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ രോഗികള്‍ക്ക് ഇവര്‍ മൂലം എന്തെങ്കിലും അപകടം ഉണ്ടായതായി കണ്ടെത്തിയിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ടിക്ടോക് വീഡിയോയിലൂടെയായിരുന്നു സിഡ്‌നി ബാങ്ക്‌സ്ടൗണ്‍ ഹോസ്പിറ്റലിലെ രണ്ട് നഴ്സുമാര്‍, യഹൂദരെ ചികിത്സിക്കുകയില്ലെന്നും മറിച്ച് കൊല്ലുമെന്നും ഭീഷണി മുഴക്കിയത്.

ഇസ്രയേലില്‍ നിന്നുള്ള ഒരു ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ മാക്സ് വീഫെര്‍ എന്ന ടിക്ടോക് ഉപയോക്താവ് ഈ വീഡിയോ പങ്കുവച്ചു. അതിനു ശേഷം ഇയാള്‍ മെഡിക്കല്‍ സ്‌ക്രബ്ബുകള്‍ ധരിച്ച ഒരു പുരുഷനുമായും സ്ത്രീയായും സംസാരിക്കുന്ന രംഗവും പുറത്തു വിട്ടിട്ടുണ്ട്. ഒരു വീഡിയോ ചാറ്റില്‍ സംസാരിക്കവെ, താന്‍ ഇസ്രയേലിയാണെന്ന് പറഞ്ഞ വീഫറിനോട്, നിങ്ങള്‍ ഇസ്രയേലി ആണെന്നതില്‍ സങ്കടം തോന്നുന്നു, നിങ്ങള്‍ കൊല്ലപ്പെടാനും നരകത്തില്‍ പോകാനും തയ്യാറെടുക്കുന്നു എന്നായിരുന്നു മെഡിക്കല്‍ വസ്ത്രം ധരിച്ച പുരുഷന്‍ പറഞ്ഞത്.

എന്തിനാണ് താന്‍ കൊല്ലപ്പെടുന്നത് എന്ന ചോദ്യത്തിന്, അത് പാലസ്തീനിന്റെ രാജ്യമാണെന്ന് പറഞ്ഞ സ്ത്രീ ഒരു അശ്ലീല ആംഗ്യവും കാണിക്കുന്നുണ്ട്. താന്‍ ഇസ്രയേലികളെ ചികിത്സിക്കാനല്ല, കൊല്ലാനാണ് താത്പര്യപ്പെടുന്നതെന്നും ആവര്‍ വീഡിയോ ചാറ്റില്‍ പറയുന്നുണ്ട്. ഇതിനകം ആശുപത്രി സന്ദര്‍ശിച്ച നിരവധി ഇസ്രയേലികളെ താന്‍ നരകത്തിലേക്ക് അയച്ചതായി അപ്പോള്‍ ആ പുരുഷനും പറയുന്നുണ്ട്. ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ആംഗ്യം കാണിച്ഛുകൊണ്ടാണ് അയാള്‍ അത് പറയുന്നത്.

താന്‍ ആ വീഡിയോ കണ്ടുവെന്നും, വെറുപ്പിന്റെ സന്ദേശവാഹകര്‍ കാണിച്ച പണി ലജ്ജാവഹമാണെന്നും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പാര്‍ലമെന്റില്‍ പറഞ്ഞു. ചാറ്റിന്റെ പൂര്‍ണ്ണരൂപത്തിലുള്ള വീഡിയോ ഉപയോക്താവ് പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നത് വ്യക്തമല്ല. മാത്രമല്ല, സ്ത്രീയുടെ ചില സംഭാഷണങ്ങള്‍ ബീപ് ശബ്ദം ഉപയോഗിച്ച് അവ്യക്തമാക്കിയിട്ടുമുണ്ട്. അഹമ്മദ് റാഷദ് നാദിര്‍ എന്നാണ് പുരുഷ നഴ്സ്‌നിന്റെ പേരെന്നും സാറ അബു ലെബ്ഡ എന്നാണ് വനിത നഴ്സിന്റെ പേരെന്നും ആസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോ പുറത്തു വന്നതിന് ശേഷം അഹമ്മദ് റാഷദ് സിഡ്‌നിയിലെ ഡെയ്ലി ടെലെഗ്രാഫ് പത്രത്തില്‍ വിളിച്ചിരുന്നതായും അത് വെറും തമാശയായിരുന്നു എന്നും, തെറ്റിദ്ധരിച്ചതാണെന്നും പറഞ്ഞു എന്നും റിപോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ക്ഷമാപണം നടത്താന്‍ താന്‍ സന്നദ്ധനാണെന്ന് അയാള്‍ പത്രം ഓഫീസില്‍ വിളിച്ച് പറയുകയും ചെയ്തുവത്രെ. വീഡിയോ വിവാദമായ ഉടന്‍ തന്നെ രണ്ട് നഴ്സുമാരെയും സസ്‌പെന്‍ഡ് ചെയ്തുവെന്നും അവര്‍ ഇനി ഒരിക്കലും ന്യൂ സൗത്ത് വെയ്ല്‍സ് ആരോഗ്യ വകുപ്പിനു വേണ്ടി ജോലി ചെയ്യുകയില്ലെന്നും ന്യൂ സൗത്ത് വെയ്ല്‍സ് ആരോഗ്യകാര്യ മന്ത്രി റയാന്‍ പാര്‍ക്ക് പറഞ്ഞു.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെ നടന്ന അന്വേഷണങ്ങളില്‍, ഏതെങ്കിലും യഹൂദ രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ പ്രശ്നങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല എന്നും മന്ത്രി സ്ഥിരീകരിച്ചു. പോലീസും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്നായിരുന്നു ന്യൂ സൗത്ത് വെയ്ല്‍സ് പോലീസ് കമ്മീഷണര്‍ കരേന്‍ വെബ്ബ് പ്രതികരിച്ചത്.