- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനികളുടെ പ്രണയം പൂത്തുലഞ്ഞ് ഗര്‍ഭമായി; പരിശീലനത്തില്‍ നിന്ന് മുങ്ങി അബോര്ഷന്; തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പുകില്; രണ്ടഭിപ്രായം
തൃശൂര്‍: തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനത്തിനിടെ രണ്ടു ട്രെയിനികള്‍ മുങ്ങിയത് അന്വേഷിച്ചപ്പോള്‍ പുറത്തുവന്നത് പ്രണയകഥയും വിവാദവും. പരിശീലനം നടത്തി വന്ന ട്രെയിനികളില്‍ ഒരാള്‍ ഗര്‍ഭിണിയായെന്നും കൂട്ടത്തില്‍ ഒരാളാണ് കാരണക്കാരനെന്നും കണ്ടെത്തിയതോടെ പുകിലായി. തര്‍ക്കത്തില്‍ പൊലീസുകാര്‍ രണ്ടുതട്ടിലായി.
ചോദിക്കാതെയും പറയാതെയും പരിശീലനത്തില്‍ നിന്ന് മുങ്ങിയതാണ് ഇരുവര്‍ക്കും പാരയായത്. ഇരുവരെയും പരിശീലനത്തില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തി. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പിരിച്ചുവിടുമെന്നാണ് സൂചന. പരിശീലന കാലത്തെ പ്രണയമാണ് അക്കാദമിയെ പിടിച്ചുകുലുക്കിയ പ്രശ്നമായി മാറിയത്.
ഇരുവരും വിവാഹം കഴിച്ചവരാണ്. പരിശീലനത്തില്‍ നിന്ന് മുങ്ങിയതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അബോര്ഷന് നടത്തിയെന്ന് ബോധ്യപ്പെട്ടു. തൃശൂര്‍ പരിസരത്തെ ഒരു സ്വകാര്യ ആശൂപത്രിയിലാണ് ഇത് ചെയ്തത്. ഇവിടെ നിന്ന് വിവരം ശേഖരിച്ച് സ്ഥിരീകരിച്ചതോടെയാണ് ഇരുവരെയും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.
അടുത്ത ബാച്ചിനൊപ്പം പരിശീലനം തുടരാവുന്ന തരത്തില്‍ താല്‍ക്കാലികമായാണ് ഇരുവരെയും മാറ്റിനിര്‍ത്തിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയുള്ള സാങ്കേതികതയുടെ ഭാഗമായി മാത്രമാണിത്. വിഷയം ഗൗരവമാണെന്ന് കണക്കാക്കി സര്‍വീസില്‍ തുടരാന്‍ അനുവദിച്ചുകൂടാ എന്ന തരത്തിലാണ് പൊലീസിന്റെ ഉന്നതതലത്തിലെ വിലയിരുത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും കുടുംബാംഗങ്ങളില്‍ നിന്നും മൊഴിയെടുക്കും.
അതേസമയം വിഷയം തീര്‍ത്തും വ്യക്തിപരമാണെന്നും കടുത്ത നടപടി പാടില്ലെന്നും പോലീസില്‍ അഭിപ്രായമുയര്‍ന്നു. പോലീസ് ട്രെയിനികള്‍ എന്ന തരത്തിലുള്ള ഇരുവരുടെയും ഔദ്യോഗിക ജീവിതത്തെ ഇതൊരിക്കലും ബാധിച്ചിട്ടില്ല. പരിശീലനത്തെ ബാധിക്കുന്ന തരത്തില്‍ മറ്റെന്തെങ്കിലും പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഇതെല്ലാം കണക്കിലെടുത്താല്‍ വ്യക്തിസ്വാതന്ത്ര്യത്തില്‍ വകുപ്പ് കൈകടത്തേണ്ടതില്ല എന്നും അഭിപ്രായമുള്ളവരുണ്ട്. എന്നാല്‍ പൊലീസില്‍ അച്ചടക്കമാണ് സുപ്രധാനമെന്നും മറുവാദമുണ്ട്.
അനധികൃതമായി അവധിയെടുത്ത് മുങ്ങിയതും ഇരുവരെയും പ്രതികൂട്ടിലാക്കി. പൊലീസ് സേനയുടെ അച്ചടക്കത്തിന് ചേരുന്നതല്ല ഈ പെരുമാറ്റമെന്നും പൊലീസിലെ ഉന്നതര്‍ വിലയിരുത്തി. മറ്റു വകുപ്പുകളിലെ പോലെയല്ല പൊലീസിലെന്നും അച്ചടക്കം പാളിയാല്‍ എല്ലാം പാളുമെന്നുമാണ് പ്രബലമായ അഭിപ്രായം.