ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിട്ടെങ്കിലും സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ പിടിമുറുക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ല. സര്‍വ്വകലാശാലകളെ ഇനി രാജ്ഭവന്‍ തന്നെ നിയന്ത്രിക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിലൂടെ സംസ്ഥാനത്തെ സര്‍വ്വകലാശാല ഭരണം അടക്കം കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങള്‍ യു.ജി.സി. പുറത്തിറക്കുമ്പോള്‍ തെളിയുന്നത് രാജ്ഭവനുകള്‍ക്ക് കിട്ടുന്ന അധികാര കരുത്താണ്. കരട് ചട്ടങ്ങളില്‍ പൊതുജനങ്ങളുടെയും അക്കാദമിക് വിദഗ്ധരുടെയും അഭിപ്രായം യു.ജി.സി. തേടി. ഈ നടപടി ക്രമത്തിന് ശേഷം അന്തിമ ചട്ടം പുറത്തു വരും. ഈ കരടിനെ കേരളം ശക്തിയായി എതിര്‍ക്കും.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനെ ചാന്‍സലര്‍ (ഗവര്‍ണര്‍) നിര്‍ദേശിക്കും. രണ്ടാമത്തെ അംഗത്തെ യു.ജി.സി. ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യും. സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് എന്നിങ്ങനെയുള്ള സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെ നിര്‍ദേശിക്കാം. അതായത് ഗവര്‍ണറും യുജിസിയും ചേര്‍ന്ന് വൈസ് ചാന്‍സലറെ നിശ്ചയിക്കും. ഗവര്‍ണറേയും യുജിസിയേയും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും. അതുകൊണ്ടാണ് സര്‍വ്വകലാശാലകളില്‍ കേന്ദ്ര സ്വാധീനം കൂടുന്നത്. സര്‍വകലാശാലാ വി.സി. നിയമനങ്ങളെ ച്ചൊല്ലിയുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ കരട് ചട്ടം യു.ജി.സി. ഇറക്കിയത്. കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകള്‍ക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വി.സി. നിയമനം അസാധുവാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍വ്വകലാശാല നിയമന ചട്ടങ്ങളില്‍ മാറ്റം കൊണ്ടു വരുന്നത്.

രാജ്യത്തെ സര്‍വകലാശാലകളിലെ വി.സി നിയമനരീതി മാറ്റാന്‍ യു.ജി.സി പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നുവെന്നതാണ് വസ്തുത. പുതിയ യു.ജി.സി റെഗുലേഷന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. സര്‍വകലാശാല വി.സിമാരോട് പ്രഖ്യാപന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. വി.സിമാരെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റികള്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലാകുമ്പോള്‍ സര്‍വകലാശാലകള്‍ സമ്പൂര്‍ണമായി യു.ജി.സി യുടെ നിയന്ത്രണത്തിലാകാനാണ് സാധ്യത. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിലും ഇതോടെ മാറ്റം വരും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കാനാണ് യു.ജി.സി പുതിയ കരട് പുറത്തിറക്കുന്നതെന്നാണ് വിശദീകരണം. നിലവിലെ അധ്യാപക പ്രമോഷന്‍ മാനദണ്ഡങ്ങളിലും പ്രബന്ധ പ്രസിദ്ധീകരണ നിബന്ധനകളിലും മാറ്റമുണ്ടാവും. കേരളത്തില്‍ ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതെല്ലാം. ബംഗാളിലും ഗവര്‍ണറും മമതാ സര്‍ക്കാരും തമ്മില്‍ സര്‍വ്വകലാശാലകളുടെ പേരില്‍ ഉടക്കുണ്ടായിരുന്നു. അതുകൊണ്ടാണ് യുജിസിയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന തരത്തിലെ ഭേദഗതികള്‍.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് അഞ്ച് പേരുകള്‍ സെര്‍ച്ച് കമ്മിറ്റിക്ക് ചാന്‍സലറുടെ പരിഗണനയ്ക്ക് വിടാം. അഞ്ച് വര്‍ഷത്തേക്കോ 70 വയസ്സ് തികയുന്നത് വരെയോ ആണ് നിയമനം. പുനര്‍നിയമനത്തിനും ഈ മാനദണ്ഡങ്ങള്‍ ബാധകമാണെന്ന് കരട് ചട്ടം പറയുന്നു. കേന്ദ്ര ചട്ടം ലംഘിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ യു.ജി.സി.യുടെ പദ്ധതികളില്‍നിന്ന് ഒഴിവാക്കും. ബിരുദ, ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ വിലക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്നും ചട്ടം പറയുന്നു. അതായത് ധന സഹായമൊന്നം കിട്ടില്ല. കരാര്‍ അടിസ്ഥാനത്തിലുള്ള അധ്യാപക നിയമനങ്ങള്‍ പരമാവധി ആറ് മാസത്തേക്ക് മാത്രമായിരിക്കും. സ്ഥിരം നിയമന മാനദണ്ഡങ്ങള്‍ ബാധകമാക്കുന്നതാകും കരാര്‍ നിയമനവും. കരാര്‍ അധ്യാപകര്‍ക്ക് സ്ഥിരം അധ്യാപകര്‍ക്കു ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കും.

കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി പത്ത് ശതമാനം അധ്യാപകരെ നിയമിക്കാമെന്ന 2018-ലെ യു.ജി.സി. മാനദണ്ഡം ഒഴിവാക്കിയിട്ടുമുണ്ട്. പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ് എന്ന നിലയിലെ നിയമനം പത്ത് ശതമാനത്തില്‍ കവിയരുത് എന്നാണ് കരട് ചട്ടം. ബിരുദവും ബിരുദാനന്തര വിഷയവും മറ്റ് വിഷയങ്ങളിലാണെങ്കിലും യു.ജി.സി. നെറ്റ് പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനിയമനം നടത്താം. പിഎച്ച്.ഡി. നേടിയ വിഷയത്തിന് മുന്‍ഗണനയും നല്‍കും.