ലണ്ടന്‍/മാഡ്രിഡ്: അന്തരീക്ഷ താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതോടെ ഇംഗ്ലണ്ടില്‍ പലയിടങ്ങളിലും ഉഷ്ണതരംഗം മൂലം മരണം വരെ സംഭവിച്ചേക്കാം എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം, സ്‌കോട്ട്‌ലാന്‍ഡും നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമൊക്കെ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസത്തിനായിരുന്നു ഇന്നലെ സാക്ഷ്യം വഹിച്ചത്. അറുപത് ലക്ഷം കുടുംബങ്ങള്‍ക്ക് ഹോസ്‌പൈപ്പ് ഉപയോഗിക്കുന്നത് വിലക്കിയപ്പോള്‍, കാട്ടു തീയ്ക്ക് സാധ്യത ഏറെയാണെന്നുള്ള മുന്നറിയിപ്പാണ് അഗ്‌നിശമന സേന നല്‍കുന്നത്. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ജലാശയങ്ങളിലേക്ക് കൂപ്പു കുത്തുന്ന ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ മുങ്ങി മരണങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണെന്ന് അവര്‍ പറയ്ഹുന്നു.

ഇന്നലെ സ്‌കോട്ട്‌ലാന്‍ഡിലെ അവീ മോറില്‍ 32.2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. 1961 മുതല്‍ ഇത് ഏഴാം തവണയാണ് ഇത്രയും കൂടിയ ചൂട് സ്‌കോട്ട്‌ലാന്‍ഡില്‍ രേഖപ്പെടുത്തുന്നത്. അതേസമയം, കാര്‍ഡിഫിലെ ബ്യൂട്ട്പാര്‍ക്കില്‍ ഇന്നലെ രേഖപ്പെടുത്തിയത് 33.1 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇതോടെ വെള്ളിയാഴ്ച രേഖപ്പെടുത്തിയ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് എന്ന 32.4 ഡിഗ്രി സെല്‍ഷ്യസിന്റെ റെക്കോര്‍ഡ് തകര്‍ന്നു. ഇംഗ്ലണ്ടിലും ഉഷ്ണ തരംഗം അതിന്റെ പാരമ്യതയിലാണ്. എന്നിരുന്നാലും ജൂലായ് മാസത്തില്‍ കെന്റില്‍ രേഖപ്പെടുത്തിയ 35.8 ഡിഗ്രി സെല്‍ഷ്യസിന്റെ റെക്കോര്‍ഡ് തകര്‍ന്നിട്ടില്ല.

മിഡ്‌ലാന്‍ഡ്‌സ്, തെക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ 9 മണി വരെ ആംബര്‍ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടുകള്‍ പ്രാബല്യത്തിലുണ്ട്. മരണ സംഖ്യ, പ്രത്യേകിച്ചും പ്രായം 65 ന് മുകളില്‍ ഉള്ളവരിലും രോഗികളിലും ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതോടൊപ്പം, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച വരെ മഞ്ഞ മുന്നറിയിപ്പും യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) പുറപ്പെടുവിച്ചിട്ടുണ്ട്. ലണ്ടനില്‍ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത ഇപ്പോള്‍ വളരെയധികമാണെന്നാണ് നാച്ചുറല്‍ ഹസാര്‍ഡ്‌സ് പാര്‍ട്ട്ണര്‍ഷിപ് നല്‍കുന്ന മുന്നറിയിപ്പ്.

അതേസമയം, സ്പെയിനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം വെള്ളപ്പൊക്ക ഭീഷണിയിലായി. രാജ്യത്തിന്റെ പകുതിയിലധികം ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും പ്രവചിച്ചിരിക്കുകയാണ്. അതില്‍ എട്ടിടങ്ങളില്‍ ഓറഞ്ച് മുന്നറിയിപ്പാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും ഗൗരവമേറിയ രണ്ടാമത്തെ മുന്നറിയിപ്പാണ്. അതുകൊണ്ടു തന്നെ പ്രദേശവാസികളോടും വിനോദ സഞ്ചാരികളോടും കനത്ത മഴയ്ക്കും അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനും എതിരെ കരുതല്‍ എടുക്കാനും മുന്നറിയിപ്പില്‍ പറയുന്നു.

കടുത്ത കാലാവസ്ഥ എത്തുന്നുവെന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ പലയിടങ്ങളിലും ദൃശ്യമാകുന്നുണ്ട്. വെള്ളത്തില്‍ പാതി മുങ്ങിയ കാറുകള്‍ ഒലിച്ചു പോകുന്നതിന്റെയും, നിരത്തുകള്‍ മുഴുവനും വെള്ളത്തില്‍ മുങ്ങിയതിന്റെയുമൊക്കെ ചിത്രങ്ങള്‍ പുറത്തു വരുന്നുണ്ട്. ഏറെ തിരക്കുള്ള വിനോദ സഞ്ചാരകേന്ദ്രമായ ടരാസോണയില്‍ ഇതിനോടകം തന്നെ 100 മി. മീ മഴ പെയ്തുകഴിഞ്ഞു. ഒരു മണിക്കൂര്‍ സമയത്തിനുള്ളിലായിരുന്നു ഇത്. ഇവിടെ ഇപ്പോള്‍ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.