ലണ്ടന്‍: യുകെയില്‍ മലയാളികള്‍ക്കിടയില്‍ ഗാര്‍ഹിക പീഡനവും തുടര്‍ന്ന് കേസും ജയിലും നാട് കടത്തലും ഒക്കെ ചര്‍ച്ചയാകുമ്പോള്‍ ഓഫ് ബീറ്റ് പട്രോള്‍ പോലീസിന്റെ സാന്നിധ്യവും മലയാളികള്‍ക്ക് വല വിരിക്കുകയാണ് എന്ന് സൂചനകള്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ പോലും മാനുഷിക പരിഗണന ലഭിച്ചിരുന്ന പല കേസുകളും ഇപ്പോള്‍ പോലീസും നിയമ സംവിധാനവും ഒക്കെ കൂടുതല്‍ കര്‍ക്കശ നിലപാടിലേക്ക് നീങ്ങുകയാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ് അടുത്ത കാലത്തുണ്ടാകുന്ന സംഭവ വികാസങ്ങള്‍.

നിസാര വീട്ടുവഴക്കുകള്‍ പോലും ഗൗരവമായി പരിഗണിക്കപ്പെടുകയും ജയില്‍ ശിക്ഷയും തുടര്‍ന്ന് നാട് കടത്തലും ഒക്കെ ആയി മാറുന്നു എന്നത് യുകെ മലയാളികള്‍ ബ്രിട്ടീഷ് മലയാളിയില്‍ വായിച്ചത് കഴിഞ്ഞ ദിവസമാണ്. തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടി പരിക്കേല്‍പ്പിച്ച മട്ടിലുള്ള അസാധാരണ വാര്‍ത്തകളും എത്തിയിരുന്നു. ഗൗരവമുള്ള ഒരു കേസ് കയ്യില്‍ ലഭിച്ചാല്‍ നേരെ നാടുകടത്തല്‍ എന്ന നിലയിലേക്ക് യുകെയിലെ നിയമ സംവിധാനവും പതുക്കെ മാറുകയാണോ എന്ന ചോദ്യം ഉയരുമ്പോളാണ് യുകെയില്‍ മലയാളി സമൂഹത്തില്‍ നിന്നും തുടരെ തുടരെ ഗാര്‍ഹിക പീഡന പരാതികളും ട്രാഫിക് കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മര്യാദ കാണിക്കാത്ത ഡ്രൈവിംഗിലൂടെ മലയാളികള്‍ കുടുങ്ങുന്നു

ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ മലയാളി യുവാവ് അറസ്റ്റിലായത് കവന്‍ട്രിക്ക് അടുത്തുള്ള നനീട്ടനിലാണ്. വാര്‍വിക് പോലീസിന്റെ ഓഫ് ബീറ്റ് പട്രോള്‍ വിഭാഗം പോലീസ് ഇയ്യിടെയായി കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇത്തരം അറസ്റ്റുകള്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഏറുകയാണ്. ഇത്തരം പ്രത്യേക പോലീസ് വിഭാഗം പല വട്ടം സ്‌കൂള്‍ പരിസരത്തും തിരക്കേറിയ പട്ടണ പ്രദേശത്തും ഒക്കെ നിരീക്ഷണം നടത്തി കാര്‍ ഓടിക്കുന്നയാള്‍ യുകെയിലെ ഡ്രൈവിങ് രീതികള്‍ അല്ല പിന്തുടരുന്നത് എന്ന് മനസിലാക്കിയാണ് പിടികൂടുന്നത്.

സിഗ്നലുകള്‍ ഇടാതെയും മറ്റു ഡ്രൈവര്‍മാര്‍ക്ക് പരിഗണന നല്‍കാതെയും തെറ്റായ പാര്‍ക്കിംഗിലും ഒക്കെയാണ് പലപ്പോഴും കുടിയേറ്റക്കാരായ ഡ്രൈവര്‍മാര്‍ കുടുങ്ങുന്നത്. പോലീസ് പിടികൂടുന്ന ഇത്തരക്കാര്‍ക്ക് മിക്കപ്പോഴും ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകില്ല എന്നത് നനീട്ടനിലെ അറസ്റ്റിലും ആവര്‍ത്തിച്ചിരിക്കുകയാണ്. കാറില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ പുറകില്‍ ഇരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും പോലീസിന്റെ പട്രോള്‍ വിഭാഗത്തിന് മുന്നില്‍ നിഷ്പ്രയാസം കുടുങ്ങാന്‍ ഉള്ള മറ്റൊരു കാരണമാണ്. ക്ലിയര്‍ വേ, ബോക്സ് ജംഗ്ഷന്‍ എന്നിവടങ്ങളില്‍ മര്യാദ പാലിക്കാതെ നടത്തുന്ന ഡ്രൈവിംഗും അതിവേഗത്തില്‍ നോട്ടപ്പുള്ളിയായി മാറാന്‍ കാരണമാകും.

നനീട്ടനില്‍ സ്‌കൂള്‍ ട്രിപ്പിന് എത്തിയ മലയാളി യുവാവ് കുടുങ്ങിയത് പോലീസ് നിരീക്ഷണത്തിനിടെ

കഴിഞ്ഞ ഒരു മാസത്തിനിടെ അനേകം ഡ്രൈവര്‍മാരെയാണ് വാര്‍വിക് പോലീസ് കുടുക്കിയത്. കുട്ടികളെ സ്‌കൂളില്‍ വിടുവാനും തിരികെ എടുക്കുവാനും വന്ന മലയാളിയുടെ ഫോക്സ്വാഗണ്‍ കാറിനെ തുടര്‍ച്ചയായി നിരീക്ഷിച്ചാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. വാഹനം ഓടിക്കുന്നതിലെ പരിചയക്കുറവും പാര്‍ക്കിംഗ് പിഴവും ഒക്കെ ഇത്തരം ഡ്രൈവര്‍മാരെ കുടുക്കാന്‍ പോലീസിനെ സഹായിക്കുന്ന ഘടകങ്ങളാണ്. യുകെയിലെത്തി ഇന്റര്‍നാഷണല്‍ ലൈസന്‍സിന്റെ ബലത്തില്‍ കാറുകള്‍ ഓടിക്കുന്നവര്‍ 12 മാസം കഴിഞ്ഞാല്‍ കുടുങ്ങും എന്ന് തന്നെയാണ് പോലീസിന്റെ മുന്നറിയിപ്പ്. മുന്‍ കാലങ്ങളിലും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ പോലീസ് കര്‍ക്കശ സ്വഭാവത്തോടെ യാതൊരു വിട്ടു വീഴചയും നല്‍കാതെയാണ് ഇത്തരം കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുന്നതും.

2023ല്‍ യുകെയില്‍ എത്തിയ മലയാളി യുവാവ് പ്രൊവിഷണല്‍ ലൈസന്‍സ് വച്ചാണ് ഇപ്പോഴും വാഹനം ഓടിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തിയത്. കാറില്‍ പുതിയ ഡ്രൈവര്‍ എന്ന സൂചന നല്‍കുന്ന എല്‍ ബോര്‍ഡോ അത്തരം ബോര്‍ഡുകള്‍ വയ്ക്കുമ്പോള്‍ സഹായിയായി കൂടെ ഉണ്ടാകേണ്ട ഫുള്‍ ലൈസന്‍സുള്ള ഡ്രൈവറോ ഇയാള്‍ക്കൊപ്പം ഉണ്ടായില്ല എന്നും പോലീസ് റിപ്പോര്‍ട്ട് തുടരുന്നു. മാത്രമല്ല കാറില്‍ മൂന്നു കുട്ടികള്‍ ഉണ്ടായിരുന്നു എന്നതും പോലീസ് ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ഇങ്ങനെ ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിലൂടെ ഇന്‍ഷുറന്‍സ് ഇല്ലെന്ന കേസും കൂടി ഡ്രൈവറുടെ തലയിലെത്തും.

അപകടം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി കൈമലര്‍ത്തുന്നത് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇങ്ങനെ കേസ് എടുക്കുന്നത്. ഇന്‍ഷുറന്‍സ് ഇല്ലാതെ കാര്‍ ഓടിച്ചതിന് മുന്‍പ് തന്നെ ആറു പോയിന്റ് നഷ്ടമായ മലയാളിയെയാണ് പോലീസ് വീണ്ടും പൊക്കിയത്. ഇതോടെ കേസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പോലീസ് റഫര്‍ ചെയ്തിരിക്കുകയാണ്. പിഴ അടക്കമുള്ള ശിക്ഷ നേരിടേണ്ടി വരും എന്ന് ഏറെക്കുറെ ഉറപ്പാണ്. മാത്രമല്ല ദീര്‍ഘ നാളത്തേക്ക് ഡ്രൈവിംഗ് നിരോധനവും ഇയാളെ തേടിയെത്തും.

അതിനിടെ പോലീസ് സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കിയ പോസ്റ്റിനു നൂറിലേറെ തദ്ദേശ വാസികളാണ് വംശഹത്യ സൂചനയോടെ കമന്റ് ചെയ്യുന്നത്. ഇത്തരക്കാരെ ജയിലില്‍ അടച്ച ശേഷം നാടുകടത്തണം എന്ന മുറവിളിയാണ് മിക്ക കമന്റുകളിലും നിറയുന്നത്. എന്നാല്‍ ഓരോ നാടുകടത്തലും ബ്രിട്ടനിലെ സാധാരണക്കാരന്റെ നികുതി പണമാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുന്നവരും കമന്റ് ഇടുന്നവരുടെ കൂട്ടത്തിലുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇങ്ങനെ മലയാളി യുവതി ഓടിച്ച കാര്‍ ഇടിച്ചു കാല്‍ നട യാത്രക്കാരി മരിച്ചിരുന്നു. അന്ന് ഇന്‍ഷൂറന്‍സ് ഇല്ലെന്ന് ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ യുവതിയുടെ സുഹൃത്തുക്കളും മറ്റും വാര്‍ത്ത തെറ്റെന്നു ആരോപണവുമായി എത്തിയിരുന്നു. എന്നാല്‍ അപകടം ഉണ്ടായാല്‍ പ്രൊവിഷണല്‍ ലൈസന്‍സ് വച്ചെടുക്കുന്ന ഇന്‍ഷൂറന്‍സ് സ്വാഭാവികമായും നഷ്ടമാകും എന്നറിവില്ലാതെയാണ് പുതുതായി എത്തിയ മലയാളികള്‍ ഇത്തരത്തില്‍ തെറ്റായ ഡ്രൈവിംഗ് നടത്തുന്നത്. ആ സംഭവത്തില്‍ പിന്നീട് മലയാളി യുവതിയെ നാലു വര്‍ഷത്തേക്ക് ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.

മലയാളികള്‍ നിസാരമായി കുടുങ്ങും, പൊലീസിന് പുതിയ പരീക്ഷണ മുറകള്‍

ക്യാമറകള്‍ ഘടിപ്പിച്ച സ്വകാര്യ വാഹനം എന്ന് തോന്നിക്കുന്ന പോലീസ് കാറുകള്‍ വഴി കൂടുതല്‍ മലയാളികള്‍ കുടുങ്ങാന്‍ സാധ്യത കൂടുകയാണ്. അലക്ഷ്യമായി റോഡില്‍ വട്ടം വച്ച് തിരിക്കുന്നവരും സിഗ്നല്‍ നല്‍കാതെ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു പോകുന്നവരും ഒക്കെ ഇനി തുടര്‍ച്ചയായി നിരീക്ഷണത്തില്‍ ആകും എന്ന മുന്നറിയിപ്പ് നല്‍കുന്നതും പോലീസ് തന്നെയാണ്. പ്രധാനമായും ലൈസന്‍സ് ഇല്ലാത്തവരെ കണ്ടെത്തുക എന്നതാണ് പോലീസ് ഇതുവഴി ഉദ്ദേശിക്കുന്നത്. ബ്രിട്ടീഷ് ലൈസന്‍സോടെ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവരെ താക്കീത് നല്‍കി വിട്ടയക്കുന്നതും പോലീസ് തങ്ങള്‍ മനുഷ്യത്വം മറന്നിട്ടില്ല എന്ന് കൂടിയാണ് തെളിയിക്കുന്നത്.

അടുത്തകാലത്തായി കുടിയേറ്റ നിരക്ക് കൂടിയതും അപകടങ്ങളില്‍ പെടുന്നവര്‍ ലൈസന്‍സ് ഇല്ലാതെയാണ് വാഹനം ഓടിക്കുന്നത് എന്ന കണക്കുകള്‍ പുറത്തു വന്നതും ഒക്കെയാണ് പോലീസിനെ കാര്യക്ഷമതയോടെ രംഗത്തിറക്കാന്‍ കാരണമായത്. സ്റ്റുഡന്റ് വിസയില്‍ എത്തിയവര്‍ ചെറിയ പോക്കറ്റ് മണിക്കായി എയര്‍പോര്‍ട്ട് ഡ്രോപ്പ് ഉള്‍പ്പെടയുള്ള അനധികൃത ടാക്സി സര്‍വീസ് നടത്തുന്നതും ഒക്കെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പോലീസ് ഇത്തരക്കാരെ കുടുക്കാന്‍ തയ്യാറെടുക്കുകയാണ് എന്ന സൂചനയും മുന്നറിയിപ്പായി യുകെ മലയാളികളെ തേടി എത്തുകയാണ്.