മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ഒരു വ്യക്തിയെ അറസ്റ്റ് ചെയുന്നതിനിടയില്‍ അയാളുടെ മുഖത്ത് ചവിട്ടുകയും മര്‍ദ്ധിക്കുകയും ചെയ്ത സംഭവത്തില്‍ കടുത്ത വംശീയത നിഴലിക്കുന്നുണ്ടെന്ന് മുന്‍ മെട്രോപോളിറ്റന്‍ പോലീസ് ചീഫ് സുപ്രണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതും ഭീതിപ്പെടുത്തുന്നതുമാണെന്ന് 30 വര്‍ഷത്തോളം മെറ്റ് പോലീസില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ദാല്‍ ബാബു പറയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ഈ സംഭവം അരങ്ങേറിയത്.

മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് ഒരു മനുഷ്യന്റെ മുഖത്ത് ചവിട്ടുന്നതും അയള്‍ നിലത്ത് വീഴുമ്പോള്‍ തല ഞെരിക്കുന്നതുമായ ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിലെ ഒരു ഉദ്യോഗസ്ഥനാണ് ഇത് ചെയ്യുന്നത്. ഇത് തടയാന്‍ ചെന്ന ഒരു സ്ത്രീയെ പോലീസ് തള്ളിമാറ്റുന്ന ദൃശ്യം അടങ്ങിയ മറ്റൊരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

കഥയില്‍ വില്ലനായ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായി ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. എല്ലാ ജോലികളില്‍ നിന്നും മാറ്റി നിര്‍ത്തിയ ഈ പോലീസ് ഉദ്യോഗസ്ഥന്റെ കേസ് ഇനി ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് (ഐ ഒ പി സി) പരിശോധിക്കും. ഇന്നലെ ബി ബി സി റേഡിയോ 4 ന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ കാണിച്ചത് അതിക്രമമാണെന്ന് ബാബു പറഞ്ഞത്.

പ്രതിരോധിക്കാന്‍ പോലും ആവാത്ത മനുഷ്യനോടായിരുന്നു ക്രൂരത. ഞാന്‍ വിചാരിക്കുന്നത്, വംശീയ വിദ്വേഷം ഇതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നാണ്, ബാബു പറഞ്ഞു. ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. മാത്രമല്ല, പൊതുവേ പോലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞിരിക്കുന്ന സമയത്ത് ഇതുപോലുള്ള സംഭവങ്ങള്‍ ജനങ്ങളില്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കാനെ ഉതകൂ എന്നും ബാബു ചൂണ്ടിക്കാട്ടുന്നു. ഈ കേസില്‍ ഹോം ഓഫീസ് പ്രത്യേക താത്പര്യം എടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2 വില്‍ ഒരു വനിത പി സി ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി പോലീസ് പറഞ്ഞു. എമര്‍ജന്‍സി സര്‍വീസ് ജീവനക്കാരെ ആക്രമിച്ചതിന് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് 200 ഓളം പേര്‍ റോക്ക്‌ഡെയ്ല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തിയെങ്കിലും അക്രമ സംഭവങ്ങള്‍ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.