ലണ്ടന്‍: വംശീയ വിദ്വേഷത്തിന്റെ കഥകള്‍ നിത്യവും കേട്ടുകൊണ്ടിരിക്കുന്ന യുകെയിലെ പ്രവാസി മലയാളി സമൂഹത്തിലേക്ക് ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടി. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ വിശദംശങ്ങള്‍ ഇരകളായ കുടുംബം തന്നെയാണ് മറുനാടന്‍ മലയാളിയോട് വെളിപ്പെടുത്തുന്നത്. സോമര്‍സെറ്റിലെ ബ്രിജ് വാട്ടര്‍ പ്രദേശത്തു താമസിക്കുന്ന തൃശൂര്‍ സ്വദേശിയായ അരുണും കുടുംബത്തിനുമാണ് പരസ്യമായി ബസ് ഡ്രൈവറുടെ അധിക്ഷേപത്തിനും കയ്യേറ്റ ശ്രമത്തിനും ഇരയാകേണ്ടി വന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്ലിമത്തില്‍ മലയാളി യുവാവിന് തന്നെ പിന്തുടര്‍ന്ന് എത്തിയ വംശീയ വിദ്വേഷിയുടെ അക്രമത്തിനു ഇരയായ സംഭവം ഓര്‍മ്മയില്‍ നിന്നും മായും മുമ്പേയാണ് ഇപ്പോള്‍ ബസ് ഡ്രൈവറുടെ ഭാഗത്തു നിന്നും തന്നെ അവിശ്വസനീയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കുടിയേറ്റക്കാരായ ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന പൊതു ഗതാഗത സംവിധാനം പോലും ബ്രിട്ടനില്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ പ്രയാസമാകുന്നു എന്ന സംഭവമാണ് അരുണും കുടുംബവും നേരിട്ട വംശീയ വിദ്വേഷത്തിലൂടെ തെളിയുന്നത്. സോമര്‍സെറ്റ് പോലെ താരതമെന്യേ ശാന്തമായ പ്രദേശത്തു പോലും ആരും ഇത്തരം വംശീയ അക്രമത്തില്‍ നിന്നും അകലെയല്ല എന്നതും ഏറെ പ്രധാനമായി മാറുകയാണ്. ഒരാഴ്ച മുന്‍പ് ലണ്ടനിലെ ഹമ്മര്‍ സ്മിത്തില്‍ സുഹൃത്തിനെയും കുടുംബത്തെയും കാണാന്‍ വേണ്ടി പുറപ്പെട്ട യാത്രയാണ് ജീവിതത്തിലെ ദുരനുഭവമായി ഇപ്പോള്‍ മാറിയതെന്ന് അരുണ്‍ വ്യക്തമാകുന്നു.

സംഭവത്തെ കുറിച്ച് അരുണിന്റെ വാക്കുകള്‍ ഇങ്ങനെ - ''ബസ് സ്റ്റാന്‍ഡില്‍ എത്തിയ തങ്ങള്‍ കുഞ്ഞും ലഗ്ഗെജ്ജും കൂടെയുള്ളതിനാല്‍ മറ്റാളുകള്‍ കയറാന്‍ വേണ്ടി അല്പം മാറി നില്‍ക്കുക ആയിരുന്നു. മൂന്നര വയസുള്ള കുഞ്ഞു ബസ് യാത്രയുടെ കൗതുകത്തില്‍ തന്നോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നപ്പോള്‍ താന്‍ അതിനു മറുപടി നല്‍കി യാത്രക്കാരുടെ ക്യൂ ഒഴിയാന്‍ കാത്തിരിക്കുക ആയിരുന്നു. പൊടുന്നനെ ബോഡ്‌ജെന്‍ എന്ന് പേര് ധരിച്ച യൂണിഫോമില്‍ ഉള്ള ഡ്രൈവര്‍ അടുത്തെത്തി ഇവിടെ കിടന്നു ബഹളം വച്ചാല്‍ ഈ ബസ് യാത്ര തുടരില്ല എന്ന് വലിയ ശബ്ദത്തില്‍ ആക്രോശിക്കുക ആയിരുന്നു. താന്‍ കുഞ്ഞുമായി നടത്തിയ സംഭാഷണം എന്തര്‍ത്ഥത്തിലാണ് അയാളെ പ്രകോപിപ്പിച്ചത് എന്ന് മനസിലായില്ല. പൊടുന്നനെ ഉണ്ടായ ഷോക്കില്‍ ആ സമയം ഒന്നും തിരികെ പറയാനും പറ്റിയില്ല. ഒടുവില്‍ ബസില്‍ കയറാന്‍ അനുവാദമായപ്പോള്‍ ടിക്കറ്റ് കാണിച്ചത് പോലും നോക്കാതെ വേണമെങ്കില്‍ എവിടെയെങ്കിലും പോയിരിക്കെന്ന ഭാവത്തില്‍ മുഖത്തേക്ക് പോലും നോക്കാതെ കൈകൊണ്ടു ആംഗ്യം കാട്ടുക ആയിരുന്നു.''

''വാസ്തവത്തില്‍ ബസ് ലക്ഷ്യസ്ഥാനത്തു എത്താന്‍ എടുത്ത രണ്ടര മണിക്കൂറും പേടിച്ച കുട്ടി ഒരക്ഷരം മിണ്ടാതെ ഭയം നിറഞ്ഞ കണ്ണുകളോടെ അരികെ ചേര്‍ന്നിരിക്കുക ആയിരുന്നു. ഒടുവില്‍ ബസ് ഇറങ്ങാന്‍ നേരം ഡ്രൈവറോട് അയാള്‍ ചെയ്ത കാര്യം അപമര്യാദയായിരുന്നു എന്ന് പറയണം എന്ന് തോന്നിയതോടെ അയാളോട് സംസാരിക്കാന്‍ വേണ്ടി അടുത്ത് ചെന്നതും ഒരു പ്രകോപനവും കൂടാതെ ഗുസ്തിക്കാരെ ഓര്‍മ്മിപ്പിക്കും പോലെ വലിയ ശരീരവുമായി തന്നെ ഇപ്പോള്‍ അടിക്കും എന്ന മട്ടില്‍ അയാള്‍ അടുത്തേക്ക് വരുക ആയിരുന്നു. ഇതോടെ അയാളോട് ഇനി സംസാരിച്ചാല്‍ അടി ഉറപ്പായും കിട്ടും എന്നായതോടെ ഭാര്യയും കുഞ്ഞുമായി വേഗം സ്ഥലം കാലിയാക്കുക ആയിരുന്നു. ഒട്ടേറെ തവണ ബസ് യാത്ര നടത്തിയിട്ടുള്ളപ്പോള്‍ ഒക്കെ ചിരിയുടെയും സൗമ്യതയോടെയും കണ്ടിട്ടുള്ള ബസ് ഡ്രൈവര്‍മാര്‍ക്കിടയില്‍ ഇത്തരം ഒരു ദുരനുഭവം ഉണ്ടായതു വല്ലാത്ത ഷോക്കായി മാറുക ആയിരുന്നു. ഒറ്റ ശ്വാസത്തില്‍ അരുണ്‍ സംഭവം വിവരിച്ചു.

തുടര്‍ന്നാണ് അപമാനിക്കപ്പെട്ടതില്‍ പരാതി നല്‍കണം എന്ന തോന്നല്‍ അരുണിന് ഉണ്ടായത്. തുടര്‍ന്ന് ബസ് കമ്പനിയെയും മെട്രോപൊളിറ്റന്‍ പോലീസിനെയും സംഭവത്തെ കുറിച്ച് വിശദമായി വിവരം അറിയിക്കുക ആയിരുന്നു. കേസ് ഫയല്‍ ചെയ്ത പോലീസ് റഫറന്‍സ് നമ്പര്‍ നല്‍കുകയും അന്വേഷണം നടക്കുന്നു എന്ന് വ്യക്തമാകുകയും ചെയ്‌തെങ്കിലും ബസ് കമ്പനി വളരെ ഉദാസീനമായ നിലപാടാണ് സ്വീകരിച്ചത് എന്നും അരുണ്‍ പറയുന്നു. എന്നാല്‍ പിന്നീടാണ് സംഭവത്തില്‍ യഥാര്‍ത്ഥ ട്വിസ്റ്റ് ഉണ്ടാകുന്നത്.

ലണ്ടനില്‍ ഏതാനും ദിവസത്തെ സന്ദര്‍ശന ശേഷം മടങ്ങാനായി ബസ് സ്റ്റാന്‍ഡില്‍ അല്പം നേരത്തേയെത്തിയ അരുണും കുടുംബവും കാണുന്നത് അതേ ബസ് ഡ്രൈവര്‍ സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതാണ്. തങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ളത് ഇത്തവണയും അയാള്‍ ഡ്രൈവ് ചെയുന്ന ബസില്‍ ആയിരിക്കും എന്നുറപ്പിച്ചു അരുണ്‍ ഉടന്‍ പോലീസ് സഹായം തേടുക ആയിരുന്നു. ഉടന്‍ പോലീസെത്തി ബോഡ്‌ജെന്‍ ഡ്രൈവ് ചെയ്യുന്നത് മറ്റൊരു ബസാണ് എന്ന് ഉറപ്പിക്കുക ആയിരുന്നു. ഇക്കാര്യം അരുണിനെയും കുടുംബത്തെയും പോലീസ് ബോധ്യപ്പെടുത്തുകയും ചെയ്തു.ഇക്കാര്യങ്ങളൊക്കെ ബോഡ്‌ജെന്‍ ദൂരെ മാറി നിന്ന് വീക്ഷിക്കുകയും ചെയുനുണ്ടായിരുന്നു.

അരുണും കുടുംബവും ലണ്ടനില്‍ നിന്നും സുരക്ഷിതരായി ബസില്‍ യാത്ര തുടര്‍ന ശേഷമാണു പോലീസ് അവിടെനിന്നും മാറിയത്. യുകെയില്‍ ഒരു പരാതി നല്‍കിയാല്‍ നിശ്ചയമായും പോലീസ് ഉള്‍പ്പെടെയുള്ളവര്‍ സഹായത്തിനെത്തും എന്ന ബോധ്യവും ഈ സംഭവം ഉറപ്പിക്കുകയാണ്. ഇപ്പോഴും ബസ് കമ്പനി പ്രസ്തുത സംഭവത്തില്‍ എന്ത് നടപടി എടുത്തു എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കമ്പനിയെ താന്‍ ഇക്കാര്യം വീണ്ടും അറിയിക്കുമെന്നും പണം നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് മാന്യമായ പെരുമാറ്റം ജീവനക്കാരുടെ ഭാഗത്തു നിന്നും ഉറപ്പുവരുത്താന്‍ കമ്പനി തയാറാകണം എന്നും അരുണ്‍ ആവശ്യപ്പെടുന്നു. കമ്പനിയെ അവരുടെ ഡ്രൈവര്‍ ചെയ്ത പ്രവര്‍ത്തിയുടെ ദുക്ഷ്യം ബോധ്യപ്പെടുത്താന്‍ സ്‌കൂള്‍, സോഷ്യല്‍ വര്‍ക് അധികൃതരെയും അരുണ്‍ സംഭവം അറിയിച്ചിട്ടുണ്ട്.

സ്‌കൂളില്‍ ഇതിനായി തിങ്കളാഴ്ച അരുണിനെ കൂടികാഴ്ചയ്ക്കും വിളിച്ചിട്ടുണ്ട്. ഭയചകിതയായ കുട്ടി നേരിട്ട മാനസിക പ്രയാസം വാക്കുകള്‍ കൊണ്ട് വിവരിക്കുക അത്ര എളുപ്പമല്ലെന്നുമാണ് അരുണ്‍ അറിയിക്കുന്നത്. തനിക്ക് നേരിട്ടത് പോലെയുള്ള വിവേചനം ആര്‍ക്കെങ്കിലും സംഭവിച്ചാല്‍ ആ സമയത്തു പ്രതികരിക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് എങ്കിലും അധികൃതരെ വിവരം അറിയിക്കുന്നത് ഏവരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കൂടി സഹായകമാകും എന്നും അരുണും കുടുംബവും കരുതുന്നു.