- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''യുകെ സ്റ്റുഡന്റ് വിസ കെണിയാണ്...'', കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ വിസയില്ല എന്ന സാഹചര്യം ശക്തമായതോടെ പഠിക്കാന്‍ വരുന്നത് സൂക്ഷിച്ചു വേണമെന്ന ഗവേഷക വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് വൈറലായി; റെഡിറ്റിലെ അനുഭവക്കുറിപ്പ് ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്കുള്ള മുന്നറിയിപ്പ്; ഇന്ത്യന്‍ മാധ്യമങ്ങളും പോസ്റ്റ് ഏറ്റെടുത്തു യുകെ പഠന മോഹത്തിനു 'ചെക്ക്' പറയുന്നു; ആത്മഹത്യ പട്ടികയില്‍ ഒട്ടേറെ മലയാളി വിദ്യാര്‍ത്ഥികളും
''യുകെ സ്റ്റുഡന്റ് വിസ കെണിയാണ്...'' പഠിക്കാന്‍ വരുന്നത് സൂക്ഷിച്ചു വേണമെന്ന വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് വൈറല്‍
ലണ്ടന്‍: പ്രിയ ചെറുപ്പക്കാരെ യുകെ മൊത്തം ഡാര്‍ക്ക് സീന്‍ ആണ് എന്ന നിലവിളിയോടെ സാമൂഹ്യ മാധ്യമമായ റെഡിറ്റില്‍ എത്തിയ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് വൈറലായി മാറുന്നു. പോസ്റ്റ് സ്റ്റഡി വിസയിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കണ്ടെത്താനാകുന്നില്ല എന്ന സാഹചര്യമാണ് ഗവേഷക വിദ്യാര്‍ത്ഥിയായ ചെറുപ്പക്കാരനെ തന്റെ അനുഭവം വിവരിക്കാന്‍ പ്രേരിപ്പിച്ചത്. യുകെയിലേക്ക് പഠിക്കാന്‍ വരുവാന്‍ ആലോചിക്കുക ആണെങ്കില്‍ വീണ്ടും വീണ്ടും ചിന്തിക്കണം എന്നാണ് ഗവേഷക വിദ്യാര്‍ത്ഥിയുടെ പോസ്റ്റിന്റെ ടൈറ്റില്‍.
യുകെ സ്റ്റുഡന്റ് വിസ എന്നത് ഒരു കെണിയാണെന്നും ബ്രിട്ടനിലെ യൂണിവേഴ്സിറ്റികള്‍ക്ക് ഇതൊരു ബിസിനസ് മാത്രമാണ് എന്നും നാം തിരിച്ചറിയണം എന്ന മട്ടിലാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയുടെ എഴുത്ത്. തന്നെ തിരിച്ചറിയാതിരിക്കാന്‍ മുഖം മാസ്‌ക് ചെയ്തുള്ള പ്രൊഫൈലില്‍ നിന്നാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. കംപ്യുട്ടര്‍ സയന്‍സ് അവസാന വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥിയായ തനിക്ക് ഒരു ജോലിയും കണ്ടെത്താനാകുന്നില്ല എന്ന നിരാശയിലാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നതും.
പഠന ശേഷം ഒരു ജോലി കണ്ടെത്തുക എന്നത് നിലവിലെ യുകെ സാഹചര്യത്തില്‍ അതി കഠിനമായ അവസ്ഥ തന്നെയാണ് എന്ന വിദ്യാര്‍ത്ഥിയുടെ അനുഭവ കുറിപ്പ് ആയിരക്കണക്കിന് ചെറുപ്പക്കാരാണ് ഏറ്റെടുത്തിരിക്കുന്നത്. മുന്‍പേ വന്നവര്‍ ജോലി കണ്ടെത്തി രക്ഷപെട്ടുവെന്ന കഥ കേട്ട് ആരെങ്കിലും ഇറങ്ങി തിരിച്ചാല്‍ ഇപ്പോള്‍ ആ സാഹചര്യം അല്ലെന്നു വ്യക്തമായി പറയുകയാണ് ഈ വിദ്യാര്‍ത്ഥി. യുകെയിലേക്ക് വന്നാല്‍ സമയവും പണവും അധ്വാനവും വെറുതെ നഷ്ടപെടുത്താം എന്ന ഗുണം മാത്രമേ ഉള്ളൂവെന്നും ഈ പോസ്റ്റ് തുടരുന്നു.
വാടകയും ബില്ലും അടയ്ക്കാന്‍ വേണ്ടി മികച്ച വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ പോലും സ്‌കൂളിന്റെ പടിവാതില്‍ കാണാത്തവരുടെ കൂടെ ജോലി ചെയ്യേണ്ട ഗതികേടാണ് യുകെ ജീവിതം പോസ്റ്റ് സ്റ്റഡി വിസക്കാലത്തു പഠിപ്പിക്കുന്നത് എന്ന് ഈ വിദ്യാര്‍ത്ഥി വേദനയോടെ കുറിക്കുമ്പോള്‍ അതില്‍ സത്യത്തിന്റെ അംശം ഏറെയുണ്ട്. ജീവിത നിരാശ ബാധിച്ച നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുകെയിലെ തെരുവുകളില്‍ കാണാനാകും എന്നും റെഡിറ്റ് പോസ്റ്റില്‍ തുടരുന്നു.
കെയര്‍ ഹോമുകളിലും വെയര്‍ ഹൗസുകളിലും പഠിച്ചതൊക്കെ മറന്നു മലയാളികള്‍ അടക്കം ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് യുകെയില്‍ എത്തി പഠിക്കാന്‍ വേണ്ടി ചിലവാക്കിയ 30 ലക്ഷത്തോളം രൂപ എങ്ങനെയും തിരികെ പിടിക്കണം എന്ന ആഗ്രഹത്തോടെ മാത്രമാണ്. കാരണം യുകെയില്‍ പഠിച്ച ശേഷം ഒരു യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുമായി തിരികെ നാട്ടില്‍ എത്തിയാല്‍ പലര്‍ക്കും വീട് പോലും നഷ്ടമായി പെരുവഴിയില്‍ ഇറങ്ങേണ്ടി വരും.
വാടക നല്‍കാന്‍ പണമില്ലാതെ പെണ്‍കുട്ടികളും മറ്റും സ്വകാര്യത പോലും ഇല്ലാത്ത പാര്‍പ്പിടങ്ങളില്‍ കഴിയേണ്ടി വരുന്നതും ഗതികേട് കൊണ്ട് മാത്രമാണ്. പലപ്പോഴും ഇത്തരം സാഹചര്യങ്ങള്‍ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് എത്തിയ സംഭവങ്ങള്‍ ഏറെയാണ്. യുകെയില്‍ ഈ സാഹചര്യം സംജാതമാകും എന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തത് ശരിയെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ് ഗവേഷക വിദ്യാര്‍ത്ഥി സ്വന്തം അനുഭവം വെളിപ്പെടുത്തിയതിലൂടെ.
കുടിയേറ്റത്തിനായി സ്റ്റുഡന്റ് വിസയെ ആശ്രയിച്ച ബഹുഭൂരിഭാഗവും തിരിച്ചു നാട്ടില്‍ എത്തുന്നതായി സൂചന; ആവശ്യം ഉള്ളവര്‍ മാത്രം യുകെയിലേക്ക് വന്നാല്‍ മതിയെന്ന ചിന്ത ശക്തിപ്പെടും; ജോലി കണ്ടെത്തുക എളുപ്പമല്ല
യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ എത്താന്‍ കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ വീണ്ടു വിചാരം നടത്തണമെന്ന സന്ദേശവുമായി രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ഡല്‍ഹി അടക്കമുള്ള പ്രധാന കേന്ദ്രങ്ങളില്‍ സ്വന്തമായി ഓഫിസുകള്‍ ആരംഭിച്ചാണ് യുകെയിലെ പ്രധാന യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥി വേട്ടയ്ക്ക് ഇറങ്ങിയത്. മുന്‍പ് ചൈനീസ് വിദ്യാര്‍ത്ഥികള്‍ ആധിപത്യം സ്ഥാപിച്ചിരുന്ന സ്റ്റുഡന്റ് വിസയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മേല്‍കൈ സ്ഥാപിച്ചത് യുകെ യൂണിവേഴ്‌സിറ്റികളെ ഇന്ത്യയിലെത്തി ഓഫീസുകള്‍ തുടങ്ങാന്‍ പ്രേരണ ആയിരുന്നു.
എന്നാല്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെ എത്തിയിരുന്ന ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് പകരമായി സാധിച്ചാല്‍ യുകെയില്‍ തന്നെ തങ്ങുക എന്ന ഉദ്ദേശത്തോടെ എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനിലെ കുടിയേറ്റ കണക്കിലേക്ക് നല്‍കിയ സംഭാവന ഏറെ വലുതാണ്. ഇതിനൊപ്പം കെയര്‍ വിസയിലും ലക്ഷത്തിലേറെ ആളുകളും അവരുടെ കുടുംബങ്ങളും എത്തിയതോടെയാണ് കുടിയേറ്റ നിരക്ക് കുറയ്ക്കാന്‍ വിദ്യാര്‍ത്ഥി വിസയില്‍ എത്തിയവര്‍ക്ക് ജോലി നിഷേധിക്കുന്ന നിലയിലേക്ക് സര്‍ക്കാരും സര്‍ക്കാരിനെ പ്രീതിപ്പെടുത്താന്‍ കുത്തക സ്ഥാപനങ്ങളും തയ്യാറായത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മികവ് നോക്കി ജോലി നല്‍കാന്‍ ആരെങ്കിലും തയ്യാറായേക്കുമോ എന്ന കാരണത്താല്‍ വിസ അനുവദിക്കാന്‍ ശമ്പള പരിധി കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍ നടത്തിയ പകിട കളിയില്‍ തലകുത്തി വീണത് ഇന്ത്യയില്‍ നിന്നും യുകെയില്‍ പഠന ശേഷം ജോലി കണ്ടെത്താം എന്ന ആശയോടെ കഴിഞ്ഞിരുന്ന സാധാരണക്കാരുടെ മോഹങ്ങളാണ്. നിലവില്‍ സാഹചര്യങ്ങള്‍ ഏറെക്കുറെ വിദ്യാര്‍ത്ഥി വിരുദ്ധം എന്ന മട്ടിലാണെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്നതോടെ യുകെയിലേക്ക് പഠിക്കാന്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
മലയാളികള്‍ ഉള്‍പ്പെടെ യുകെയില്‍ ആത്മഹത്യ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നു
ഈ സാഹചര്യത്തില്‍ ചെറുപ്പക്കാരും പ്രൊഫഷണലുകളും ഏറെ എത്തുന്ന റെഡിറ്റ് എന്ന സോഷ്യല്‍ മീഡിയ ഫോറത്തില്‍ യുകെയില്‍ എത്തിയ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പ് ഇപ്പോള്‍ വൈറലാകുകയാണ്. എന്തെങ്കിലും സാഹചര്യം ഉണ്ടെങ്കില്‍ യുകെയിലേക്ക് വരരുത് എന്ന സൂചനയോടെയാണ് വിദ്യാര്‍ത്ഥിയുടെ കുറിപ്പ്. ഈ അനുഭവ പശ്ചാത്തലം ഉള്ള കുറിപ്പ് ദി ഹിന്ദു, ദി ഇന്ത്യന്‍ എക്സ്പ്രസ് എന്ന മുന്‍നിര പത്രങ്ങള്‍ ഒക്കെ ഏറ്റെടുത്തതോടെ ഇന്ത്യയിലെ യുകെ മോഹവും ആയി കഴിയുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപക ചര്‍ച്ചയ്ക്കും കരണമാകുകയാണ്.
ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സാഹചര്യവും യുകെയിലെ ജീവിത ചിലവ് താങ്ങാനാകാതെ ഉണ്ടായ സമ്മര്‍ദ്ദത്തില്‍ സമനില തെറ്റി വഴക്കുകളില്‍ ഉള്‍പ്പെട്ടു കേസിലും ജയിലിലും ഒക്കെ ആയവരുടെ കൂടി അനുഭവ കഥകള്‍ പുറംലോകം കേട്ടാല്‍ ബ്രിട്ടന്‍ മോഹിപ്പിക്കുന്ന ജയില്‍ ആയി മാറുകയാണ് ഇന്ത്യന്‍ യുവത്വത്തിന് എന്ന വിശേഷണം കൂടി പിറവിയെടുക്കും.
വിവിധ സാഹചര്യങ്ങളില്‍ ഒരു ഡസനോളം മലയാളികള്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സാഹചര്യവും ഇതിനൊപ്പം കൂട്ടിവായിക്കണം. ഷെഫീല്‍ഡില്‍ മരിച്ച കണ്ണൂര്‍ സ്വദേശി, മാഞ്ചസ്റ്ററില്‍ മരിച്ച തൃശൂര്‍ സ്വദേശി, ലിവര്‍പൂളില്‍ മരിച്ച കൊല്ലം സ്വദേശി, സ്‌കോട്ലന്‍ഡില്‍ അടുത്തിടെ മരിച്ച പെരുമ്പാവൂരിലെ പെണ്‍കുട്ടിയും തൃശൂര്‍ക്കാരനായ യുവാവും ഒക്കെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്. അടുത്തിടെ പാര്‍ലിമെന്റില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തു വിട്ട കണക്കില്‍ യുകെയില്‍ 48 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തുവെന്നാണു വെളിപ്പെടുത്തുന്നത്.