- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനം; ഇതേക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്'; ഡല്‍ഹി സ്ഫോടനത്തിന് മുമ്പുള്ള ഉമര്‍ നബിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; ഉമര്‍ ചാവേര്‍ ബോംബിംഗിന് സജ്ജനായിരുന്നു എന്നതിന്റെ കൃത്യമായ തെളിവെന്ന് എന്‍ഐഎ; പുറത്തുവരുന്നത് ഗൂഢാലോചനയുടെ തെളിവുകള്‍
ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനം
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ നബിയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. സ്ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചാവേറാക്രമണത്തെ ന്യായീകരിക്കുന്നതാണ് വീഡിയോ. ഇംഗ്ലീഷിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചാവേര്‍ ബോംബിംഗ് എന്നത് യഥാര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നാണ് ഉമര്‍ വിശദീകരിക്കുന്നത്. ഉമര്‍ ചാവേറാകാന്‍ തയ്യാറായി എന്നു വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വീഡിയോ.
'ചാവേര്‍ ആക്രമണത്തെക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്. ഒരാള്‍ നേരത്തെ നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് മരിക്കാന്‍ പോവുകയാണെന്ന് ഉറപ്പിക്കുമ്പോള്‍ അയാള്‍ ഭയാനകമായ മാനസികാവസ്ഥയിലേക്ക് പോകുന്നു. മരണമല്ലാതെ മറ്റൊരു പോംവഴിയും അവര്‍ക്ക് മുന്നില്‍ ഇല്ല എന്ന് വ്യക്തമാകുന്നു. ഇത് ഒരുതരത്തിലും ന്യായീകരിക്കപ്പെടുന്നില്ല. ഇത്തരം ചിന്താഗതി ജീവിതത്തിന്റെയും സമൂഹത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്', ഉമര്‍ പറയുന്നു.
ആത്മഹത്യ നിഷിദ്ധമാണെന്ന് പറയുന്ന മതമാണ് ഇസ്ലാം. എന്നാല്‍, ചാവേര്‍ ആക്രമണത്തെ 'രക്തസാക്ഷിത്വം' എന്നാണ് ഉമര്‍ വിശേഷിപ്പിക്കുന്നത്. ഒരു മിനിട്ട് 20 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഹോസ്റ്റല്‍ മുറിയെന്ന് തോന്നിക്കുന്ന ഒരു സ്ഥലത്തിരുന്നാണ് ഉമര്‍ നബി വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ചാവേര്‍ ആക്രമണത്തെക്കുറിച്ച് ഉമര്‍ ആഴത്തില്‍ ചിന്തിച്ചിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാണ്. വീഡിയോ ചിത്രീകരിക്കുന്ന സമയത്ത് ഇയാള്‍ പൂര്‍ണമായും ഒരു തീവ്രവാദിയായി മാറിയിരുന്നു എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
വളരെ ശാന്തമായി സംസാരിക്കുന്ന ഉമര്‍ ഒരു ഹീനകൃത്യത്തെയാണ് ഈ വീഡിയോയിലൂടെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയിലുണ്ടായ സ്ഫോടനം ആസൂത്രണം ചെയ്തത് നടത്തിയത് തന്നെയാണെന്നാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സൂചിപ്പിക്കുന്നത്. സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിയതാകാം എന്ന ഊഹാപോഹങ്ങളെ നിരാകരിക്കുന്നത് കൂടിയാണ് ഈ വീഡിയോ. ഇതില്‍ നിന്നും ഇയാള്‍ ചാവേര്‍ ആക്രമണത്തിന് നേരത്തേ തന്നെ സജ്ജനായിരുന്നുവെന്ന് വ്യക്തമാകുകയാണ്.
അതേസമയം, ചെങ്കോട്ടയ്ക്ക് സമീപം കാര്‍ ബോംബ് സ്ഫോടനം നടത്തിയ ഭീകരര്‍ ഹമാസ് മോഡല്‍ ആക്രമണം ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ അത്യാധുനിക രീതിയിലുള്ള ഡ്രോണ്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സൂചനയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ തരത്തിലുള്ള നീക്കത്തിനും ഇതിനായി റോക്കറ്റ് നിര്‍മ്മാണത്തിനും ഭീകരര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. പരമാവധി നാശം വരുത്തുക എന്ന ലക്ഷ്യത്തോടെ തിരക്കേറിയ പ്രദേശങ്ങളില്‍ സ്ഫോടക വസ്തു നിറച്ച് ഡ്രോണ്‍ ആക്രമണം നടത്താനായിരുന്നു ഇവര്‍ നീക്കം നടത്തിയതെന്നും ഇതിനായി ചെറിയ റോക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടതെന്നും അന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്ത കശ്മീര്‍ സ്വദേശി ഡാനിഷ് എന്ന ജാസിര്‍ ബിലാല്‍ ഡ്രോണുകളില്‍ രൂപമാറ്റം വരുത്തി റോക്കറ്റ് ആക്രമണത്തിനുള്ള സാങ്കേതിക സഹായം നല്‍കിയെന്ന് അന്വേഷണ സംഘം അറിയിച്ചു. ഡ്രോണുകളില്‍ ബാറ്ററികളും കാമറയ്ക്കൊപ്പം ബോംബുകളും സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു ഡാനിഷ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉമറിന്റെ അടുത്ത അനുയായി ആണ് അറസ്റ്റിലായ ഡാനിഷ് എന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശിയായ വിനയ് പഥക്കാണ് കഴിഞ്ഞ ദിവസം മരിച്ചത്.




