- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേസില്‍ ടോമിന് മാതൃകാപരമായ നല്ല സര്‍ട്ടിഫിക്കറ്റ് കിട്ടി; പുഷ്പഗിരി മാനേജ്മെന്റിന്റെ തെറ്റുതിരുത്തിച്ച് യുഎന്‍എ; 'കണ്ടിന്യൂയിംഗ് നേഴ്സിംഗ് എജ്യുക്കേഷന്‍' തര്‍ക്കവും ഇല്ല; ചര്‍ച്ച വിജയമായതില്‍ ബേസിലിനും ആഹ്ലാദം; ഇനി എല്ലാവര്‍ക്കും നല്ല സര്‍ട്ടിഫിക്കറ്റ്; സമരം അവസാനിപ്പിച്ചു
ബേസില്‍ ടോമിന് മാതൃകാപരമായ നല്ല സര്‍ട്ടിഫിക്കറ്റ് കിട്ടി
കൊച്ചി: യുഎന്‍എയുടെ ശക്തമായ പ്രതിഷേധം ഫലം കണ്ടു. ഒടുവില്‍ ബേസില്‍ ടോമിന് പുഷ്പഗിരി മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് പഴുതുകളില്ലാത്ത മാതൃകാപരമായ നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കി. സി ഇ ഒ ഫാ. ബിജു വര്‍ഗ്ഗീസുമായി യുഎന്‍എ നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. ഇനി മുതല്‍, പുഷ്പഗിരിയില്‍ നിന്നും പിരിഞ്ഞു പോകുന്ന എല്ലാവര്‍ക്കും നല്ല രീതിയിലുളള സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കൂവെന്ന് മാനേജ്‌മെന്റ് യുഎന്‍എക്ക് രേഖാമൂലം ഉറപ്പ് നല്‍കി.
എന്താണ് തര്‍ക്ക വിഷയം?
പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ 2015ല്‍ ജോലി തുടങ്ങിയതാണ് ബേസില്‍ ടോം. ഒന്‍പതു കൊല്ലം സ്റ്റാഫ് നേഴ്സായി ജോലി നോക്കി. ഇപ്പോള്‍ കാനഡയില്‍ ജോലി അവസരം വന്നു. മുമ്പ് ജോലി ചെയ്ത ആശുപത്രിയുടെ പ്രവര്‍ത്തി പരിചയം അനിവാര്യതയാണ്. അതിന് വേണ്ടി അപേക്ഷയും നല്‍കി. ബേസില്‍ ടോമിന്റെ പ്രവര്‍ത്തി പരിചയം അടക്കം അംഗീകരിച്ചു കൊണ്ടാണ് പുഷ്പഗിരി മാനേജ്‌മെന്റ് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ അതിലെ അവസാന രണ്ടു വരികളില്‍ ആദ്യത്തേതായിരുന്നു പ്രശ്നം. ബേസില്‍ ടോം നിര്‍ദ്ദിഷ്ടമായ കണ്ടിന്യൂയിംഗ് നേഴ്സിംഗ് എജ്യുക്കേഷന്‍ സെഷന്‍സ് പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് പുഷ്പഗരി മാനേജ്മെന്റ് പറഞ്ഞത്. ഇത്തരമൊരു സംവിധാനം ഇന്ത്യയില്‍ നിര്‍ബന്ധമില്ല അതുകൊണ്ടു തന്നെ മിക്കവരും ചെയ്യാറില്ല.
എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയതു കൊണ്ട് തന്നെ വിദേശത്തെ സ്ഥാപനങ്ങളിലൊന്നും ഇത് കാണിക്കാനാകില്ല. കാണിച്ചാല്‍ ഇതൊരു കുറവായി വ്യാഖ്യാനിക്കും. കാനഡയില്‍ കണ്ടിന്യൂയിംഗ് നേഴ്സിംഗ് എജ്യുക്കേഷന്‍ നിര്‍ബന്ധവുമാണ്. എച്ച് ആര്‍ ഡയറക്ടര്‍ ഫോ ഡോ ബിജു വര്‍ഗ്ഗീസും ചീഫ് നേഴ്സിംഗ് ഓഫീസര്‍ സുവര്‍ണ്ണ എസ് പണിക്കരുമാണ് എക്സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടിരുന്നത്. പുഷ്പഗിരിയില്‍ യുണൈറ്റഡ് നേഴ്സസ്് അസോസിയേഷന്റെ പ്രധാന മുഖമായിരുന്നു ബേസില്‍ ടോം. ജീവനക്കാരുടെ വിഷയങ്ങളില്‍ നിരന്തരം ഇടപെട്ട നേതാവുമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോള്‍ സംശയങ്ങള്‍ ഉയര്‍ന്നു. എന്തായാലും പുഷ്പഗിരിയിലെ ചര്‍ച്ച വിജയിച്ചതോടെ, കരിദിനവും, പ്രതിഷേധ പ്രകടനവും, പ്രക്ഷോഭങ്ങളും അവസാനിപ്പിക്കാന്‍ യുഎന്‍എ തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ ഇട്ട കുറിപ്പ് ചുവടെ
പുഷ്പഗിരി ചര്‍ച്ച വിജയിച്ചു...
ബേസില്‍ ടോമിന് മാതൃകാപരമായ സര്‍ട്ടിഫിക്കറ്റ് നല്‍കി പുഷ്പഗിരി മാനേജ്‌മെന്റ്്. 9 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റും നല്‍കി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരിക്കുന്നു. ഇനി മുതല്‍ പുഷ്പഗിരിയില്‍ നിന്നും റിലീവ് ചെയ്ത് പോകുന്ന എല്ലാവര്‍ക്കും നല്ല രീതിയിലുളള സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കൂവെന്ന് മാനേജ്‌മെന്റ് യുഎന്‍എക്ക് രേഖാമൂലം ഉറപ്പ് നല്‍കി. സി.ഇ.ഒ ഫാദര്‍. ബിജു വര്‍ഗ്ഗീസുമായിട്ടാണ് ചര്‍ച്ച നടന്നതും കരാര്‍ ഉണ്ടാക്കപ്പെട്ടതും. തുടര്‍ന്നും എന്ത് വേരിഫിക്കേഷന്‍ ബേസിലിന് ആവശ്യമായി വന്നാല്‍ മികച്ച രീതിയില്‍ നല്‍കുമെന്ന ഉറപ്പ് മാനേജ്‌മെന്റ് നല്‍കി.
മുഴുവന്‍ ജീവനക്കാര്‍ക്കും 1500 രൂപ വീതം ഉത്സവ അലവന്‍സ് നല്‍കുമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കി, അടുത്ത ക്രിസ്തുമസിനും സമാനമായ തുക നല്‍കാമെന്നും യുഎന്‍എ നേതൃത്വത്തിന് സി.ഇ.ഒ ഉറപ്പ് നല്‍കി. CNO( ചീഫ് നഴ്‌സിങ് ഓഫീസര്‍) യോട് അടിയന്തര വിശദീകരണം ചോദിച്ച ശേഷം ഉചിതമായ നടപടി ഉറപ്പ് വരുത്തുമെന്ന് ഫാദര്‍.ബിജു വര്‍ഗ്ഗീസ് പറഞ്ഞു. പോസിറ്റീവായി ചര്‍ച്ചക്ക് നേതൃത്യം നല്‍കുകയും, യുഎന്‍എയുമായി സൗഹാര്‍ദ്ദത്തില്‍ പോകാന്‍ തയ്യാറാണെന്ന അറിയിച്ച പുഷ്പഗിരി മാനേജ്‌മെന്റ് ഫാദര്‍.ബിജു വര്‍ഗ്ഗീസിനും യുഎന്‍എ കുടുംബത്തിന്റെ അഭിവാദ്യങ്ങള്‍...
പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെ കരിദിനവും, പ്രതിഷേധ പ്രകടനവും, പ്രക്ഷോഭങ്ങളും അവസാനിപ്പിക്കാന്‍ യുഎന്‍എ തീരുമാനിച്ചു.കൂടെ നിന്ന് മുഴുവന്‍ ജീവനക്കാരോടും പിന്തുണച്ച ലോകം മുഴുവനുള്ള മനുഷ്യരോടും നന്ദിയും, സ്‌നേഹവും അറിയിക്കുന്നു. സുശശക്തമായ പിന്തുണ നല്‍കിയ പുഷ്പഗിരി യൂണിറ്റ് കമ്മറ്റിയെയും, പത്തനംതിട്ട ജില്ലാ നേത്യത്വത്തെയും അഭിനന്ദിക്കുന്നു...
വിദേശ രാജ്യങ്ങളില്‍ നഴ്സുമാരായി ജോലി നോക്കുന്നതിന് അനിവാര്യതയാണ് കണ്ടിന്യൂയിംഗ് നേഴ്സിംഗ് എജ്യുക്കേഷന്‍. നേഴ്സായി ജോലി നോക്കുമ്പോള്‍ തന്നെ പലവിധ ഓണ്‍ലൈന്‍ കോഴ്സിലൂടെ അംഗീകാരം നിലിര്‍ത്തുന്നതിനുള്ള സംവിധാനമാണ് ഇത്. എന്നാല്‍ ആശുപത്രികളുടെ ചൂഷണ ഭീതി കാരണം ഇന്ത്യയില്‍ അത്തരമൊരു സംവിധാനം നിര്‍ബന്ധമാക്കിയിട്ടില്ല. അതായത് ഇന്ത്യയില്‍ നേഴ്സായി ജോലി ചെയ്യാന്‍ കണ്ടിന്യൂയിംഗ് നേഴ്സിംഗ് എജ്യുക്കേഷന്റെ ആവശ്യമില്ല. എന്നിട്ടും വിദേശത്ത് ജോലി സാധ്യത തേടുന്ന നേഴ്സിന്റെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റില്‍ ഈ കോഴ്സിനെ കുറിച്ച് പുഷ്പഗിരി മെഡിക്കല്‍ കോളേജ് പരാമര്‍ശിച്ചതിനെയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍(യുഎന്‍എ) ചോദ്യം ചെയ്തത്.