ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് യുപിഐ സേവനങ്ങള്‍ക്ക് രാജ്യത്തുടനീളം വീണ്ടും തടസം നേരിട്ടു. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ യുപിഐ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഇടപാടുകളാണ് നിലച്ചത്. പേയ്മെന്റുകള്‍ക്കായി പതിവായി യുപിഐ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് തകരാറുകള്‍ ചൂണ്ടിക്കാട്ടിയത്. യുപിഐ സേവനങ്ങളില്‍ തടസം നേരിട്ടത് ഗൂഗിളിലും ട്രെന്‍ഡിങ്ങായി. കഴിഞ്ഞ 4 മണിക്കൂറിനിടെ 20,000 ത്തിലധികം പേരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞത്.

ഓണ്‍ലൈന്‍ സേവന പ്രശ്നങ്ങള്‍ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്ഫോമായ ഡൗണ്‍ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്നു രാവിലെ 11.30 നാണ് യുപിഐ ഇടപാടുകളില്‍ തടസം നേരിടുന്നതായി പരാതികള്‍ ഉയര്‍ന്നത്. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ ആപ്പുകളിലെ ഡിജിറ്റല്‍ പേയ്മെന്റുകളിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് നിരവധി ഉപയോക്താക്കളാണ് പരാതിപ്പെട്ടത്. 76 ശതമാനം ഉപയോക്താക്കള്‍ പേയ്മെന്റുകള്‍ സംബന്ധിച്ച് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും 23 ശതമാനം പേര്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട് ചെയ്തു.

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിലെ (യുപിഐ) തടസം ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയ ആപ്ലിക്കേഷനുകളെ ബാധിച്ചതായാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് പണം അയയ്ക്കാനോ സ്വീകരിക്കാനോ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനോ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാങ്കേതിക തകരാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍പിസിഐ നിലവില്‍ ഇടയ്ക്കിടെ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുവെന്നും ഇത് ഭാഗികമായി യുപിഐ ഇടപാടുകളെയും ബാധിക്കുന്നുവെന്നും എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും എന്‍പിസിഐ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പരാതികളുമായി ഉപയോക്താക്കളെത്തി. പരാജയപ്പെട്ട പണമിടപാടുകളുടെ സ്‌ക്രീന്‍ഷോട്ടുകളുള്‍പ്പെടെ ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്. 'പെട്രോള്‍ പമ്പില്‍ പണമില്ലാതെ കുടുങ്ങി, ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നില്ല. എന്താണ് സംഭവിക്കുന്നത്?' ബെംഗളൂരുവില്‍ നിന്നുള്ള ഒരു ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഓരോ തവണയും ഇടപാടുകള്‍ പരാജയപ്പെടുന്നതായും എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കണമെന്നും ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നുമുണ്ട്.

പണമിടപാടുകള്‍, ബില്‍ പേമെന്റുകള്‍ എന്നിങ്ങനെ ദൈനംദിന കാര്യങ്ങള്‍ക്കായി യുപിഐ-യെ ആശ്രയിക്കുന്ന നിരവധി പേരെയാണ് സാങ്കേതിക തകരാര്‍ ബാധിച്ചത്. ഓണ്‍ലൈന്‍ സേവന പ്രശ്നങ്ങള്‍ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്ഫോമായ ഡൗണ്‍ഡിറ്റക്ടറില്‍ നിരവധി പേര്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍ 12, ശനിയാഴ്ച ഏകദേശം ഉച്ചയ്ക്ക് 12 മണിയോടെ 1200ല്‍ അധികം പരാതികള്‍ ലഭിച്ചതായാണ് ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തിടെ പലതവണ ഇത്തരത്തില്‍ യുപിഐ സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. 20 ദിവസങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് പിന്നിലെ കാരണം കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ രണ്ടിനും മാര്‍ച്ച് 26നുമാണ് നേരത്തെ യുപിഐ സേവനങ്ങള്‍ തടസപ്പെട്ടത്.