- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആശവര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു; വേതനം വര്‍ധിപ്പിക്കും; കേരളത്തിന്റെ വിഹിതത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല; പണം വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ; സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഒരു മാസം പിന്നിട്ടിട്ടും പരിഹാരം കാണാതെ സംസ്ഥാന സര്‍ക്കാര്‍
ആശ പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ
ന്യൂഡല്‍ഹി: ആശവര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. രാജ്യസഭയില്‍ സിപിഐ അംഗം സന്തോഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിന് കുടിശിക തുകയൊന്നും നല്‍കാനില്ലെന്നും വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും രാജ്യസഭയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി.
ആശ വര്‍ക്കര്‍മാര്‍ സാമ്പത്തിക സഹായം നല്‍കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ദേശീയ ആരോഗ്യ മിഷന്റെ യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കും. ആശ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെയും ഗ്രാമീണ മേഖലയില്‍ ചെയ്യുന്ന കടമകളെയും അഭിനന്ദിക്കുന്നുവെന്നും ജെ.പി. നദ്ദ വ്യക്തമാക്കി.
ദേശീയ ആരോഗ്യ മിഷനില്‍ നിന്നും ആശ വര്‍ക്കര്‍മാര്‍ക്കുള്ള കേന്ദ്രവിഹിതം നല്‍കിയില്ലെന്ന കേരളത്തിന്റെ ആക്ഷേപം ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. കേരളത്തിന് വിഹിതം കൃത്യമായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് കുടിശ്ശിക തുകയായി ഒന്നും നല്‍കാനില്ല. മുഴുവന്‍ തുക നല്‍കിയിട്ടും അതിന്റെ വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ലെന്നും ജെ.പി. നദ്ദ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വിഹിതത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ജെപി നദ്ദ പറഞ്ഞു.
ആശ വര്‍ക്കര്‍മാരുടെ വേതനം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോയെന്നാണ് സന്തോഷ് കുമാര്‍ എം പി രാജ്യസഭയില്‍ ചോദിച്ചത്. ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെപി നദ്ദ, എന്‍ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നുവെന്നും ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും വ്യക്തമാക്കുകയായിരുന്നു.
അതേസമയം, വേതന വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന രാപ്പകല്‍ സമരം ഒരു മാസം പിന്നിട്ടു. ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ മാര്‍ച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് സമരസമിതി അറിയിച്ചു.
അതിനിടെ, ആശ വര്‍ക്കര്‍മാര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് കേരളത്തില്‍ നിന്നുള്ള യു.ഡി.എഫിന്റെ ലോക്‌സഭ, രാജ്യസഭ എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ ആശ വര്‍ക്കര്‍മാരുടെ സേവന-വേതന വ്യവസ്ഥകള്‍ പുനര്‍ക്രമീകരിച്ച് നല്‍കണമെന്നും ഒരു മാസക്കാലമായി തുടരുന്ന സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് ആശ വര്‍ക്കര്‍മാര്‍ക്ക് നീതി ഉറപ്പാക്കണമെന്നും യു.ഡി.എഫ് എം.പിമാര്‍ ആവശ്യപ്പെട്ടു.